പുതിയ നിപ കേസുകള്‍ ഇല്ല; ഒമ്പത് വയസ്സുകാരനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയെന്നും ആരോഗ്യമന്ത്രി

സമ്പര്‍ക്കപ്പട്ടികയില്‍ നിലവിലുള്ളത് ആകെ 1233 പേരാണ്
പുതിയ നിപ കേസുകള്‍ ഇല്ല; ഒമ്പത് വയസ്സുകാരനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയെന്നും ആരോഗ്യമന്ത്രി

കോഴിക്കോട്: സംസ്ഥാനത്ത് ഇന്നും പുതിയ നിപ കേസുകള്‍ ഇല്ല. നിലവില്‍ ചികിത്സയിലുള്ള ഒമ്പത് വയസ്സുകാരനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയെന്നും കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സമ്പര്‍ക്കപ്പട്ടികയില്‍ നിലവിലുള്ളത് ആകെ 1233 പേരാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 23 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

36 വവ്വാല്‍ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. അത് പൂനെ ലാബിലേക്ക് അയച്ചു. വീടുകള്‍ സന്ദര്‍ശിക്കുന്നത് തുടരുന്നുണ്ടെന്നും പുതിയ കേസുകള്‍ ഇല്ലാത്തത് ആശ്വാസകരമാണെന്നും മന്ത്രി മുഹമ്മദ് റിയാസും പറഞ്ഞു. രോഗബാധ ഒരു സോഴ്‌സില്‍ നിന്നു തന്നെ ആയതിനാല്‍ ആശങ്ക കുറഞ്ഞുവെന്നും നിയന്ത്രണ വിധേയമായ സാഹചര്യമാണ് നിലവിലുള്ളതെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

42 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ് ആയതോടെ സംസ്ഥാനത്ത് നിപയില്‍ ആശങ്ക കുറയുകയാണ്. ഇതില്‍ ഹൈറിസ്‌ക് കാറ്റഗറിയിലുള്‍പ്പെട്ട, രോഗ ലക്ഷണങ്ങളോടു കൂടിയ 23 സാമ്പിളുകളും ഉണ്ടായിരുന്നുവെന്നും അവ നെഗറ്റീവ് ആണെന്നത് ആശ്വാസകരമാണെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നേരത്തേ പറഞ്ഞിരുന്നു.

ഇനി കുറച്ചു പേരുടെ ഫലം കൂടി വരാനുണ്ട്. 19 ടീമുകളുടെ പ്രവര്‍ത്തനം ഫീല്‍ഡില്‍ നടക്കുന്നുണ്ട്. പൊലീസിന്റെ സഹായത്തോടെ രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവരുടെ കോണ്‍ടാക്ട് ട്രെയ്‌സ് ചെയ്യും.

മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ നോക്കും. ജാനകികാട്ടില്‍ പന്നി ചത്ത സംഭവത്തില്‍ പരിശോധന നടക്കുകയാണെന്നും മന്ത്രി പറഞ്ഞു. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ വനം വകുപ്പിന്റെ പ്രത്യേക സമിതി രൂപീകരിച്ചതായി മന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചു. നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ വിദഗ്ധ സംഘം നാളെ ജില്ലയിലെത്തും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com