
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ആരോപണ വിധേയനായ സിപിഐഎം കൗൺസിലർ അനൂപ് ഡേവിസ് കാടയ്ക്ക് പിന്തുണയുമായി പാർട്ടി. സ്വർണ്ണ വ്യാപാരിയെ അനൂപ് ഡേവിസ് കാട സിപിഐഎം ലോക്കൽ കമ്മിറ്റി ഓഫീസിൽ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് പരസ്യ പിന്തുണ. സിപിഐഎം നേതാക്കൾ വ്യാപാരിയെ ഭീഷണിപ്പെടുത്തിയെന്നത് അടിസ്ഥാന രഹിതമെന്നാണ് സിപിഐഎം തൃശൂർ എരിയ കമ്മിറ്റി പ്രതികരിച്ചത്.
തർക്കങ്ങൾ നിലനിൽക്കുന്ന വിഷയങ്ങളിൽ ഇരുക്കൂട്ടരേയും ഓഫീസിലെത്തിച്ച് സംസാരിക്കുന്നത് സാധാരണമാണ്. മുൻപ് നടന്ന ചർച്ച ഇപ്പോൾ ഉയർത്തിക്കൊണ്ടുവരുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്നും സിപിഐഎം തൃശൂർ എരിയ കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ അനൂപ് ഡേവിസ് കാടയെ കഴിഞ്ഞ ദിവസം ഇഡി ചോദ്യം ചെയ്തിരുന്നു.
തന്നെ തൃശൂരിലെ പാർട്ടി ഓഫീസിൽ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയെന്ന് കാടയ്ക്കെതിരെ ജ്വല്ലറിയുടമയായ ഗണേഷ് കഴിഞ്ഞ ദിവസമാണ് ആരോപണം ഉന്നയിച്ചത്. കരുവന്നൂരിലെ തന്നെ മറ്റൊരു ബാങ്കിൽ നിന്ന് പ്രമുഖ ജ്വല്ലറി ഉടമയുമായി ചേർന്ന് അനൂപിന്റെ നേതൃത്വത്തിൽ പല പേരുകളിൽ 10 കുറികൾ എടുത്തു നൽകി. പകരം ഭൂമി ഈടായി സഹകരണ ബാങ്ക് എഴുതി വാങ്ങിക്കുകയായിരുന്നുവെന്നാണ് തങ്കം ജ്വല്ലറി ഉടമയായ ഗണേഷിന്റെ ആരോപണം.
ഗോസായി കുന്നിലെ എസ്ടി ജ്വല്ലറി മാനുഫാക്ച്ചർ ഉടമയ്ക്ക് വേണ്ടിയാണ് അനൂപ് ഡേവിസ് കാട തന്നെ ഭീഷണിപ്പെടുത്തിയത്. 10 കുറി ചേർന്നോളാൻ പറഞ്ഞു. അവർ പറയുന്നത് എന്താണോ അത് കേൾക്കണം. തിരിച്ച് ഒന്നും പറയാൻ പറ്റില്ല. ഒരു രൂപ പോലും കൊടുക്കാനില്ലെങ്കിലും അവർ നൽകാനുള്ള പണം നമ്മളെ കൊണ്ട് കൊടുപ്പിക്കുന്ന രീതിയിലാണ് സംസാരിക്കുക. പൊലീസുകാരേക്കാൾ സ്ട്രോങ്ങായാണ് കാട സംസാരിച്ചതെന്നും ഗണേഷ് ആരോപിച്ചിരുന്നു.
കുറി ചേർന്ന് ഒരു മാസത്തിനുള്ളിൽ പണം ലഭിച്ചു. തുടർന്നാണ് ജ്വല്ലറി തുടങ്ങിയത്. കുറി ലഭിച്ചപ്പോൾ ഭൂമി ഈട് നൽകിയിരുന്നു. രണ്ട് അടവ് മാത്രമാണ് മുടങ്ങിയത്. അപ്പോഴേക്കും കരുവന്നൂർ ബാങ്കിലിരിക്കുന്ന ആധാരം അറ്റാച്ച് ചെയ്തുവെന്ന് പറഞ്ഞ് കോടതിയിൽ നിന്ന് നോട്ടീസ് വരികയാണ് ഉണ്ടായതെന്നുമാണ് കാടയ്ക്കെതിരെ ഉയർന്ന ആരോപണം.