
പാലക്കാട്: പാലക്കാട് നഗരത്തിൽ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയുടെ മാല മോഷ്ടിക്കാൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ. പൊള്ളാച്ചി സ്വദേശികളായ കണ്ണൻ, ആനന്ദകുമാർ എന്നിവരാണ് പാലക്കാട് സൗത്ത് പൊലീസിൻ്റെ പിടിയിലായത്. രാവിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സായ അനിതയുടെ മാല പൊട്ടിച്ച് ഇവർ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് കൊട്ടേക്കാട് വേനോലി പരിസരത്ത് വെച്ച് മറ്റൊരു യുവതിയുടെ മാല പൊട്ടിക്കാനും ശ്രമിച്ചിരുന്നു.
പ്രതികൾ സഞ്ചരിച്ചിരുന്ന ബൈക്കിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പുതുശ്ശേരി കുരുടിക്കാടിൽ വച്ചാണ് പ്രതികൾ പിടിയിലായത്. ഇരുവരെയും അറസ്റ്റ് രേഖപ്പെടുത്തി ഇന്ന് വൈകിട്ടോടുകൂടി കോടതിയിൽ ഹാജരാക്കും. പാലക്കാട് കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് ഇരുവരും. മറ്റൊരു കവർച്ച കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലായിരുന്ന പ്രതികൾ കഴിഞ്ഞ മാസം ഇരുപതിനാണ് പുറത്തിറങ്ങിയത്.