കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചു

ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള 39 വയസുകാരനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്.
കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചു

കോഴിക്കോട്: ഒരാള്‍ക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചു. മരിച്ച മരുതോങ്കര സ്വദേശിയുടെ സമ്പർക്ക പട്ടികയിൽ ഉള്ള ചെറുവണ്ണൂർ സ്വദേശിയായ 39 കാരനാണ് രോഗബാധയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്തമാക്കി. രോഗലക്ഷണങ്ങളെ തുടർന്ന് ഇയാൾ ആരോഗ്യവകുപ്പിനെ സമീപിക്കുകയായിരുന്നു. മരുതോങ്കര സ്വദേശി ചികിത്സ തേടിയ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഇയാളും ചികിത്സയ്ക്കായി എത്തിയിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ സജ്ജമാക്കിയ എൻ ഐ വി പൂനയുടെ ലാബിലാണ് പരിശോധന നടത്തിയത്. നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള ഇദ്ദേഹത്തിന്‍റെ ആരോഗ്യ നില തൃപ്തികരമാണ്. ഇതോടെ ആക്ടീവ് കേസുകളുടെ എണ്ണം നാല് ആയി.

നിപ വൈറസ് സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടിക മൊബൈല്‍ ലൊക്കേഷനിലൂടെ കണ്ടെത്താന്‍ പൊലീസ് സഹായം തേടാന്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അവലോകന യോഗത്തില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവിൽ 950 പേരാണ് നിപ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 213 പേരാണ് ഹൈ റിസ്ക് പട്ടികയിലുള്ളത്. 287 ആരോഗ്യ പ്രവര്‍ത്തകര്‍ സമ്പര്‍ക്കപ്പട്ടികയിലുണ്ട്. സ്വകാര്യ ആശുപത്രികളിലുള്ള നാല് പേരാണ് ഹൈ റിസ്‌ക് സമ്പര്‍ക്ക പട്ടികയിലുള്ളത്. 17 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും നിരീക്ഷണത്തിലുണ്ട്. പുതുതായി പോസറ്റീവ് ആയ ആളുടെ സമ്പർക്കപട്ടിക കൂടി തയാറാക്കേണ്ടതുണ്ട്.

കോഴിക്കോട് നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ആരാധനാലയങ്ങളിലടക്കം കൂടിച്ചേരലുകള്‍ അനുവദിക്കില്ലെന്ന് അറിയിപ്പുണ്ട്. കള്ള് ചെത്തുന്നതും വില്‍ക്കുന്നതും നിര്‍ത്തിവെക്കണം. ആശുപത്രികളില്‍ സന്ദര്‍ശകരെ അനുവദിക്കില്ല. ഒരു ബൈസ്റ്റാന്‍ഡറെ മാത്രമായിരിക്കും അനുവദിക്കുക. കോഴിക്കോട്ടെ പൊതുപാര്‍ക്ക്, ബീച്ച് എന്നിവിടങ്ങളിലും പ്രവേശനമുണ്ടായിരിക്കില്ല. മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമാക്കി. പൊതുപരിപാടികള്‍ ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടുകൂടി മാത്രമായിരിക്കും നടക്കുക. വവ്വാലുകളുടെയും പന്നികള്‍ ഉള്‍പ്പടെയുള്ള വന്യജീവികളുടെയും ജഡം ഒരു കാരണവശാലും സ്പര്‍ശിക്കരുത് എന്നും നിര്‍ദ്ദേശമുണ്ട്.

നിപ കണ്ടെയിൻമെൻ്റ് സോണിൽ കേന്ദ്ര സംഘം സന്ദർശനം നടത്തുമ്പോൾ മാധ്യമപ്രവർത്തകരെയോ മറ്റ് പുറത്തുനിന്നുള്ള വ്യക്തികളേയോ അനുഗമിക്കുവാൻ അനുവദിക്കുന്നതല്ലെന്ന് കളക്ടർ അറിയിച്ചിട്ടുണ്ട്. നിപ ബാധ അതീവ ഗൗരവത്തോടെ കൈകാര്യം ചെയ്യുന്ന വിഷയമായതിനാൽ കർശനമായ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് സംഘം സന്ദർശനം നടത്തുക. കേന്ദ്ര സംഘം നൽകുന്ന വിവരങ്ങൾ ജില്ലാ ഇൻഫർമേഷൻ ഓഫീസ് വഴി മാധ്യമങ്ങൾക്ക് നൽകുന്നതാണെന്നും ജില്ല കളക്ടർ അറിയിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com