അലൻസിയറിന്റെ പരാമർശം ശുദ്ധ വിവരക്കേട്; ചികിത്സിക്കണം: ഭാഗ്യലക്ഷ്മി

മലമ്പുഴ, ശംഖുമുഖം ശിൽപങ്ങൾ കണ്ടാൽ അലൻസിയറിന് എന്താണ് തോന്നുകയെന്നും അവർ ചോദിച്ചു
അലൻസിയറിന്റെ പരാമർശം ശുദ്ധ വിവരക്കേട്; ചികിത്സിക്കണം: ഭാഗ്യലക്ഷ്മി

തിരുവനന്തപുരം: അലൻസിയറിന്റെ പരാമർശം ശുദ്ധ വിവരക്കേടെന്ന് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. സ്ത്രീ വിരുദ്ധതക്ക് പ്രോത്സാഹനം ലഭിക്കുന്നുണ്ടെന്നും അത് അലൻസിയറിന് അറിയാമെന്നും ഭാഗ്യലക്ഷ്മി റിപ്പോർട്ടറിനോട് പറഞ്ഞു. അലൻസിയറിന് മാനസിക രോഗമാണ്, ചികിത്സിക്കണം. മലമ്പുഴ, ശംഖുമുഖം ശിൽപങ്ങൾ കണ്ടാൽ അലൻസിയറിന് എന്താണ് തോന്നുകയെന്നും അവർ ചോദിച്ചു.

'അപകടകാരിയായ മനുഷ്യനാണ് അലൻസിയർ. സിനിമാ ലൊക്കേഷനിൽ പോലും ലൈംഗിക ചുവയുള്ള പരാമർശങ്ങൾ അലൻസിയർ നടത്തുന്നു. പ്രതികരിക്കാനും പരസ്യമായി പറയാനും എല്ലാവർക്കും ഭയമാണ്. സിനിമ ലോകത്ത് നിന്നും പ്രതികരണം പ്രതീക്ഷിക്കുന്നില്ല. പ്രതികരിച്ചാൽ അവസരം നഷ്ടമാകുമെന്നാണ് പലരുടേയും ഭയം. വേദിയിൽ തന്നെ രൂക്ഷമായ പ്രതികരണം ഉണ്ടാകണമായിരുന്നു. അലൻസിയർ സ്ത്രീവിരുദ്ധത ആവർത്തിച്ചാൽ രൂക്ഷ പ്രതികരണം ഉണ്ടാകും. സ്ത്രീ സമൂഹം തെരുവിൽ ഇറങ്ങേണ്ടിവരും. അലൻസിയറിന്റെ സിനിമകൾ ബഹിഷ്കരിക്കേണ്ടിവരും. അലൻസിയറിന്റെ പരാമർശങ്ങൾ തമാശയായി കാണാൻ കഴിയില്ല. അലൻസിയറിന്റെ വൈകൃതമാണ് പുറത്ത് വന്നത്. പുരസ്കാരത്തെ ജെൻഡറായി കാണുന്നത് വിവരക്കേടാണ്', ഭാഗ്യലക്ഷ്മി പറഞ്ഞു.

വ്യാഴാഴ്ച്ച സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ വേദിയിലാണ് അലന്‍സിയർ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത്. ചലച്ചിത്ര അവാര്‍ഡിലെ സ്ത്രീ ശില്‍പം മാറ്റി ആണ്‍കരുത്തുള്ള ശില്‍പമാക്കണമെന്നായിരുന്നു ആവശ്യം. ആണ്‍ രൂപമുള്ള ശില്‍പം ഏറ്റുവാങ്ങുന്ന അന്ന് അഭിനയം മതിയാക്കുമെന്നും അലന്‍സിയര്‍ പറഞ്ഞിരുന്നു. 'നല്ല ഭാരമുണ്ടായിരുന്നു അവാര്‍ഡിന്. സ്‌പെഷ്യല്‍ ജൂറി അവാര്‍ഡാണ് ലഭിച്ചത്. എന്നെയും കുഞ്ചാക്കോ ബോബനേയും ഇരുപത്തയ്യായിരം രൂപ തന്ന് അപമാനിക്കരുത്. പൈസ കൂട്ടിത്തരണം, അപേക്ഷയാണ്. സ്‌പെഷ്യല്‍ ജൂറിക്ക് സ്വര്‍ണം പൂശിയ പ്രതിമ തരണം. പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്. ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍ കരുത്തുള്ള ശില്പം വേണം. അത് എന്നുമേടിക്കാന്‍ പറ്റുന്നുവോ, അന്ന് അഭിനയം നിര്‍ത്തും,' എന്നാണ് അലന്‍സിയര്‍ പറഞ്ഞത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com