
തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടന വാര്ത്ത തള്ളി ഗതാഗത മന്ത്രി ആന്റണി രാജു. മുന്നണിയില് ഇക്കാര്യം ചര്ച്ച ചെയ്തിട്ടില്ല. മാധ്യമങ്ങള് ഭാവനയ്ക്ക് അനുസരിച്ച് വാര്ത്ത കൊടുക്കുന്നതായിട്ടാണ് മനസ്സിലാക്കുന്നത്. മുന്നണി സമയാസമയം വേണ്ട കാര്യങ്ങള് ചര്ച്ച ചെയ്ത് തീരുമാനിക്കുകയും നടപ്പിലാക്കുകയും ചെയ്യുമെന്നും ആന്റണി രാജു പറഞ്ഞു.
'ഇതൊക്കെ ചര്ച്ച ചെയ്യാന് എല്ഡിഎഫിന് ഒരു ദിവസം മതി. മാധ്യമങ്ങളില് മാത്രമാണ് വാര്ത്ത കണ്ടത്. ഔദ്യോഗികമായി ആരും അക്കാര്യത്തില് പ്രതികരിച്ചിട്ടില്ല. ഞാന് മുന്നണിക്കകത്ത് തന്നെയുണ്ട്. മന്ത്രിസ്ഥാനം പാര്ട്ടി തന്നതാണ്. മന്ത്രി സ്ഥാനം വരികയും പോവുകയും ചെയ്യും. അത് ആരുടേയും സ്ഥിരാവകാശമല്ലെന്ന ബോധ്യമുണ്ട്. മുന്നണി എന്തു തീരുമാനം എടുത്താലും അംഗീകരിക്കും.' ആന്റണി രാജു പറഞ്ഞു.
ഗതാഗത വകുപ്പ് വേണ്ടെന്ന ഗണേഷ് കുമാറിന്റെ ആവശ്യത്തോടും ആന്റണി രാജു പ്രതികരിച്ചു. 'അദ്ദേഹത്തിന് എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്. ഞാന് അതില്കയറി അഭിപ്രായം പറയില്ല. ഗതാഗത വകുപ്പാണ് ഭരിക്കാന് ഏറ്റവും നല്ലത്. ഒരുപാട് ചലഞ്ചുകള് ഉള്ള വകുപ്പാണ്. മന്ത്രിയെന്ന നിലയില് വെല്ലുവിളികളെ നേരിടാനും അതിജീവിക്കാനും കഴിയുന്നത് നല്ലതാണ്.' ആന്റണി രാജു കൂട്ടിച്ചേര്ത്തു.
മന്ത്രിസഭ പുനഃസംഘടിപ്പിക്കേണ്ട കാര്യം വന്നാല് പോലും നവംബര് 20 വരെ സമയമുണ്ട്. സെപ്തംബര് അല്ലേ ആയുള്ളൂ. മന്ത്രിസ്ഥാനം വേണ്ടായെന്ന് പറഞ്ഞ ഏക വ്യക്തി ചിലപ്പോള് ഞാനായിരിക്കും. ഉരുണ്ടുകൂടുന്ന എല്ലാ രാഷ്ട്രീയ സംഭവങ്ങളും ചര്ച്ച ചെയ്യുമെന്നും ഗണേഷിനെതിരെ ഒളിയമ്പെയ്ത് ആന്റണി രാജു പറഞ്ഞു.