സിനിമയെന്ന ജനകീയ മാധ്യമം ദുരുപയോഗം ചെയ്യുന്ന കാലം, നാടിനെ കളങ്കപ്പെടുത്താന്‍ ശ്രമം: മുഖ്യമന്ത്രി

'അതിനെ സിനിമ എന്ന് വിളിക്കുന്നത് പോലും ശരിയല്ല. യഥാര്‍ത്ഥത്തില്‍ അത് ഒരുതരം പ്രചരണ ആയുധമാണ്, വിഷ പ്രചരണത്തിനായുള്ള ആയുധം'
സിനിമയെന്ന ജനകീയ മാധ്യമം ദുരുപയോഗം ചെയ്യുന്ന കാലം, നാടിനെ കളങ്കപ്പെടുത്താന്‍ ശ്രമം: മുഖ്യമന്ത്രി

തിരുവനന്തപുരം: സിനിമയെന്ന ജനകീയ മാധ്യമം ദുരുപയോഗം ചെയ്യുന്ന കാലത്താണ് നമ്മള്‍ ജീവിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നന്മയുള്ള നാടിനെ കളങ്കപ്പെടുത്താന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു പ്രതികരണം.

കേരളത്തിന്റെ കഥ എന്ന പേരില്‍ സിനിമാ മാധ്യമം വഴി ചിലര്‍ പ്രചരിപ്പിച്ചുവെന്ന് 'കേരള സ്‌റ്റോറി' സിനിമയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പറഞ്ഞു. മതസ്പര്‍ദ്ധയുണ്ടാക്കാനും സാമുദായിക ചേരിതിരിവുണ്ടാക്കി ജനങ്ങളെ ശത്രുപക്ഷത്താക്കാനും ഉദ്ദേശിക്കപ്പെട്ട സിനിമയാണത്. ലവ് ജിഹാദിന്റെ നാടാണ് കേരളം എന്ന് വരുത്തി തീര്‍ക്കുന്ന അസത്യാത്മകമായ വര്‍ഗീയ സിനിമ, കേരളത്തെ ലോകത്തിനു മുന്നില്‍ കരിവാരിത്തേച്ച് അവതരിപ്പിക്കുന്ന സിനിമ. അതിനെ സിനിമ എന്ന് വിളിക്കുന്നത് പോലും ശരിയല്ല. യഥാര്‍ത്ഥത്തില്‍ അത് ഒരുതരം പ്രചാരണ ആയുധമാണ്, വിഷ പ്രചരണത്തിനായുള്ള ആയുധം', മുഖ്യമന്ത്രി പറഞ്ഞു.

ദുര്‍മന്ത്രിവാദവും നരബലിയും വരെ വാഴ്ത്തപ്പെടുന്ന സിനിമകള്‍ ഉണ്ടാകുന്നു. ഇത് സമൂഹത്തില്‍ പരത്തുന്ന ഇരുട്ട് എത്രമാത്രമാണെന്ന് നിങ്ങളുടെ ചിന്തയ്ക്ക് വിടുന്നു. ഉയര്‍ന്ന കലാമൂല്യങ്ങള്‍ ഉള്ള സിനിമകള്‍ പ്രോത്സാഹിപ്പിക്കാനായാണ് സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് നല്‍കുന്നത്. നമ്മുടെ കാലത്തെ ഏറ്റവും ജനകീയ കലാമാധ്യമമാണ് സിനിമ. വലിയ മാറ്റങ്ങള്‍ക്ക് വഴിവച്ച ചിന്താധാരകള്‍ സിനിമയിലൂടെ ജനങ്ങളില്‍ എത്തിയിട്ടുണ്ട്. മനുഷ്യനന്മയ്ക്കുള്ള ആശയങ്ങള്‍ പ്രചരിപ്പിക്കുകയാവണം ആവിഷ്‌കാരത്തിലൂടെ കലാകാരന്‍ ചെയ്യേണ്ടത്. നാടിന്റെ പുരോഗതിക്ക് വേണ്ടി സിനിമകള്‍ വരുന്നുണ്ട്. ഇന്നത്തെ കാലത്ത് പക്ഷേ അത്തരം സിനിമകള്‍ കാണുന്നില്ല. ഫ്യൂഡല്‍ ഭൂപ്രഭുത്വം മഹത്വവല്‍ക്കരിക്കുന്ന സിനിമകള്‍ ഇപ്പോള്‍ ഉണ്ടാകുന്നുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

എന്നും നല്ല സിനിമയ്‌ക്കൊപ്പം നിലകൊള്ളാന്‍ ആഗ്രഹിക്കുന്നയാളാണ് മമ്മൂട്ടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ചലച്ചിത്ര രംഗത്തെ ഉത്തമ മാതൃക. അഭിനയം കൊണ്ട് മമ്മൂട്ടി നമ്മളെ അത്ഭുതപ്പെടുത്തുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com