ഭൂപതിവ് നിയമത്തില്‍ ഭേദഗതി വരുത്തി; അധികഭാരം അടിച്ചേല്‍പ്പിക്കുന്ന നിര്‍ദേശങ്ങളില്ലെന്ന് മന്ത്രി

ഇടുക്കി ജില്ലയിലാണ് നിയമ നിര്‍മ്മാണം കൊണ്ട് കൂടുതല്‍ പ്രയോജനം ലഭിക്കുക. പട്ടയ ഭൂമിയിലെ എല്ലാ നിയമവിരുദ്ധ നിര്‍മ്മാണങ്ങളും ഇതിലൂടെ സാധൂകരിക്കപ്പെടും.
ഭൂപതിവ് നിയമത്തില്‍ ഭേദഗതി വരുത്തി; അധികഭാരം അടിച്ചേല്‍പ്പിക്കുന്ന നിര്‍ദേശങ്ങളില്ലെന്ന് മന്ത്രി

തിരുവനന്തപുരം: 1964ലെ ഭൂപതിവ് നിയമത്തില്‍ ഭേദഗതി വരുത്തി. നിയമത്തിലെ നാലാം വകുപ്പിലാണ് പ്രധാനഭേദഗതി. പട്ടയ മാനദണ്ഡങ്ങളുടെ ലംഘനം ക്രമവല്‍ക്കരിച്ചു നല്‍കാന്‍ നിയമത്തിലൂടെ ഇനി സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് ഭേദഗതി. കൃഷി, വീട് തുടങ്ങിയ ആവശ്യങ്ങള്‍ക്ക് പതിച്ചു നല്‍കിയ ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ ഇതോടെ നിയമസാധുത ലഭിക്കും.

ഇടുക്കി ജില്ലയിലാണ് നിയമ നിര്‍മ്മാണം കൊണ്ട് കൂടുതല്‍ പ്രയോജനം ലഭിക്കുക. പട്ടയ ഭൂമിയിലെ എല്ലാ നിയമവിരുദ്ധ നിര്‍മ്മാണങ്ങളും ഇതിലൂടെ സാധൂകരിക്കപ്പെടും. പട്ടയ ഭൂമിയിലെ റിസോര്‍ട്ട് നിര്‍മ്മാണം, പാര്‍ട്ടി ഓഫീസ് നിര്‍മ്മാണം, വാണിജ്യ മന്ദിരങ്ങള്‍ എല്ലാത്തിനും ആനുകൂല്യം ലഭിക്കും. ഇതില്‍ സര്‍ക്കാരിന് തീരുമാനമെടുക്കാനാകും. നിയമത്തിന്റെ ഭാഗമായുള്ള ചട്ടം രൂപീകരിക്കുന്നതോടെയാകും സാധുത ലഭിക്കുക. ഇടുക്കിയിലെ കര്‍ഷകരെ ബാധിക്കുന്ന പ്രശ്‌നം പരിഹരിക്കാന്‍ കൊണ്ടുവന്ന നിയമ ഭേദഗതി നിയമസഭ ഏകകണ്ഠമായാണ് പാസാക്കിയത്.

അധികഭാരം അടിച്ചേല്‍പ്പിക്കുന്ന നികുതി നിര്‍ദേശങ്ങള്‍ ഭേദഗതിയില്‍ ഇല്ലെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. നിയമനിര്‍മ്മാണത്തിലൂടെ സാധാരണക്കാരായ ഒരാള്‍ക്കും ബുദ്ധിമുട്ടുണ്ടാകില്ലെന്ന് ഉറപ്പുവരുത്തും. ഇപ്പോള്‍ നിയമനിര്‍മ്മാണം മാത്രമാണ് നടക്കുന്നത്. എന്തൊക്കെ കാര്യങ്ങളില്‍ ഇളവാകാമെന്ന് ചട്ടം രൂപീകരിക്കുമ്പോഴാണ് തീരുമാനിക്കുക. ക്രമവല്‍ക്കരണത്തിന് ഏതൊക്കെ വിഭാഗത്തില്‍ നിന്ന് ഫീസ് ഈടാക്കാം, ഏതൊക്കെ വിഭാഗത്തെ ഒഴിവാക്കാം എന്നതടക്കം തീരുമാനാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

നിയമനിര്‍മ്മാണത്തോട് യോജിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സഭയില്‍ പറഞ്ഞു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ചില ആശങ്കകള്‍ ഉണ്ട്. ചട്ട രൂപീകരണത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വലിയ അപകടം ഉണ്ടാകും. നിയമനിര്‍മ്മാണത്തിലൂടെ പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാകില്ലെന്ന ആശങ്ക പ്രതിപക്ഷത്തിനുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com