കോൺടാക്ട് ലിസ്റ്റിൽ 706 പേർ, ഹൈ റിസ്ക്‌ പട്ടികയിൽ 77 പേർ; ആൾക്കൂട്ടങ്ങൾ പാടില്ലെന്ന് മന്ത്രി

'വിമാനമാര്‍ഗം മരുന്ന് എത്തിക്കാനുളള നടപടികള്‍ കൈക്കൊണ്ടുവരികയാണ്'
കോൺടാക്ട് ലിസ്റ്റിൽ 706 പേർ, ഹൈ റിസ്ക്‌ പട്ടികയിൽ 77 പേർ; ആൾക്കൂട്ടങ്ങൾ പാടില്ലെന്ന് മന്ത്രി

തിരുവനന്തപുരം: നിപ പോസിറ്റീവായവരെത്തിയ ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍, കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍, ഇടപഴകിയ മറ്റ് വ്യക്തികള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ കോണ്‍ടാക്ട് ലിസ്റ്റ് തയ്യാറാക്കുകയാണെന്ന് ആരോ​ഗ്യമന്ത്രി വീണ ജോർജ്. 706 പേരാണ് കോണ്‍ടാക്ട് ലിസ്റ്റിലുള്‍പ്പെട്ടിട്ടുളളത്. 77 പേർ ഹൈ റിസ്ക്‌ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. 157 പേർ ആരോഗ്യ പ്രവർത്തകരാണെന്നും മന്ത്രി അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച അവലോകന യോ​ഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആരോ​ഗ്യമന്ത്രി.

13 പേർ ഐസൊലേഷനിൽ നിരീക്ഷണത്തിലുണ്ട്. അവരുടെ ആരോഗ്യ നില തൃപ്തികരമാണ്. ഫോൺ വഴി മാനസിക പിന്തുണ നൽകുന്നുണ്ട്. 248 പേർക്ക് ഇതിനോടകം ഫോൺ വഴി മാനസിക പിന്തുണ നൽകി. കണ്ടെയ്ൻമെന്റ് സോണുകളെ വാർഡ് തിരിച്ചു സന്നദ്ധ പ്രവർത്തകരെ ക്രമീകരിക്കും. സന്നദ്ധ പ്രവർത്തകർക്ക് ബാഡ്ജ് നൽകും. പഞ്ചായത്ത്‌ ആണ് വളന്റിയർമാരെ തെരഞ്ഞെടുക്കേണ്ടത്. ഐസൊലേഷനിൽ കഴിയുന്നവർക്ക് ആവശ്യമായ സഹായം ഇവർ നൽകുമെന്നും മന്ത്രി പറഞ്ഞു.

24 വരെ കോഴിക്കോട് ജില്ലയിൽ വലിയ ആൾക്കൂട്ടങ്ങൾ ഒഴിവാക്കാൻ നിർദേശിച്ചിട്ടുണ്ട്. ജില്ലാ കളക്ടർക്ക് ആവശ്യമായ തീരുമാനം എടുക്കാം. ജില്ലാ കളക്ടറെ തീരുമാനമെടുക്കാൻ ചുമതലപ്പെടുത്തി. 30 നു മരണപ്പെട്ട ആളാകാം ഉറവിടമെന്നാണ് കരുതുന്നത്. മരിച്ചയാൾ കൃഷി ഭൂമിയിൽ പോയിരുന്നതായി പറയുന്നു. അദ്ദേഹത്തിന്റെ വീട് സ്ഥിതി ചെയ്യുന്നത് ജാനകിക്കാടിന് അടുത്താണെന്നും ആരോ​ഗ്യമന്ത്രി അറിയിച്ചു.

സംസ്ഥാന ലെവൽ കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. ദിശയുടെ പ്രവർത്തനം ഏത് നേരവും സജ്ജമാണ്. റാപിഡ് റെസ്പോൺസ് ടീം യോഗം ചേർന്ന് ആവശ്യമായ നിർദേശം നൽകിയിട്ടുണ്ട്. എല്ലാ പ്രതിരോധ പ്രവർത്തനവും സ്വീകരിച്ചു. ആരോപണ പ്രത്യാരോപണങ്ങളുടെ സമയമല്ല ഇതെന്നും മന്ത്രി വ്യക്തമാക്കി.

അഞ്ച് സാംമ്പിളുകളാണ് അയച്ചത്. അതില്‍ മൂന്നെണ്ണമാണ് പോസിറ്റീവായത്. ഓഗസ്റ്റ് 30 ന് മരിച്ച വ്യക്തിയുടെ ഒമ്പത് വയസുളള മകന്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. കുട്ടിക്ക് മോണോക്ലോണല്‍ ആന്റിബോഡി ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചത് അനുസരിച്ച് ഐസിഎംആറിനോട് മരുന്ന് എത്തിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിമാനമാര്‍ഗം മരുന്ന് എത്തിക്കാനുളള നടപടികള്‍ കൈക്കൊണ്ടുവരികയാണ്. വൈകാതെ എത്തിച്ചേരും. സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നത് തുടരുകയാണ്. പോസിറ്റീവായ വ്യക്തികളുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com