'കുട്ടികളുടെ പാര്‍ക്ക് മാത്രമേ പ്രവര്‍ത്തിപ്പിക്കാവൂ'; അന്‍വറിന്റെ പാര്‍ക്ക്‌ അനുമതിയില്‍ ഹൈക്കോടതി

സര്‍ക്കാരിന്റെ അനുമതി ഉത്തരവ് ചോദ്യം ചെയ്ത് പൊതുപ്രവര്‍ത്തകനായ ടിവി രാജനാണ് ഹൈക്കോടതിയെ സമീപിച്ചത്
'കുട്ടികളുടെ പാര്‍ക്ക് മാത്രമേ പ്രവര്‍ത്തിപ്പിക്കാവൂ'; അന്‍വറിന്റെ പാര്‍ക്ക്‌ അനുമതിയില്‍ ഹൈക്കോടതി

കൊച്ചി: പി വി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്ക് പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കിയതില്‍ ഹൈക്കോടതിയുടെ നിയന്ത്രണം. കുട്ടികളുടെ പാര്‍ക്ക് മാത്രമേ പ്രവര്‍ത്തിപ്പിക്കാവൂ എന്ന് കോടതി നിര്‍ദേശം നല്‍കി. ഇക്കാര്യം ജില്ലാ കളക്ടര്‍ ഉറപ്പാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.

വാട്ടര്‍ തീം പാര്‍ക്കിന്റെ ഭാഗമായ പൂളും പ്രവര്‍ത്തിപ്പിക്കരുതെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ പറയുന്നുണ്ട്. സര്‍ക്കാരിന്റെ അനുമതി ഉത്തരവ് ചോദ്യം ചെയ്ത് പൊതുപ്രവര്‍ത്തകനായ ടി വി രാജനാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ ഹൈക്കോടതി കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന്റെയും പി വി അന്‍വറിന്റെയും വിശദീകരണം തേടി. രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം. ഹര്‍ജി രണ്ടാഴ്ചയ്ക്ക് ശേഷം ഹൈക്കോടതി വീണ്ടും പരിഗണിക്കും.

പാര്‍ക്ക് തുറക്കാനുള്ള ഉത്തരവ് റദ്ദാക്കണമെന്നും പാര്‍ക്കിലെ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. യാതൊരു പഠനവും നടത്താതെ പാര്‍ക്ക് തുറന്നുവെന്നും പി വി അന്‍വറിന്റെ സ്വാധീനത്തിലാണ് നടപടിയെന്നും വിദഗ്ധ സമിതിയെ കൊണ്ട് കെട്ടിടങ്ങളുടെ സ്ഥിരത പരിശോധിച്ചില്ലെന്നും ഹര്‍ജിയില്‍ കുറ്റപ്പെടുത്തുന്നുണ്ട്.

സഹകരണ സൊസൈറ്റിയുടെ പഠന റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് പാര്‍ക്ക് തുറന്നതെന്നും സര്‍ക്കാറിന്റെ കീഴില്‍ നിരവധി ഏജന്‍സികളുള്ളപ്പോഴാണ് സഹകരണ സൊസൈറ്റിയെ പഠിക്കാന്‍ ഏല്‍പ്പിച്ചതെന്നും ഹര്‍ജിക്കാരന്‍ വിമര്‍ശിക്കുന്നു. കേസില്‍ വിധി വരുന്നത് വരെ പാര്‍ക്കിന്റെ പ്രവര്‍ത്തനം സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com