
കൊച്ചി: ആലുവാ പീഡന കേസ് പ്രതി ക്രിസ്റ്റൽ രാജിനെ എറണാകുളം പോക്സോ കോടതി ഏഴ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. അന്വേഷണ സംഘത്തിൻ്റെ അപേക്ഷ പരിഗണിച്ചാണ് പ്രതിയെ കസ്റ്റഡിയിൽ വിട്ടത്. കസ്റ്റഡിയിൽ ലഭിച്ച പ്രതിയെ കൂടുതൽ ചോദ്യം ചെയ്യലിന് വിധേയമാക്കും. പിന്നീട് സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പും നടത്തും. പ്രതി കുട്ടിയെ പീഡിപ്പിച്ചത് മുൻ കൂട്ടി ആസൂത്രണം നടത്തിയ ശേഷമാണെന്നാണ് അന്വേഷണ സംഘത്തിൻ്റെ പ്രാഥമിക വിലയിരുത്തൽ. പ്രതിക്ക് ആലുവയിൽ സഹായം ചെയ്ത് നൽകിയ മറ്റ് ചിലരെ കുറിച്ചും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. പെരുമ്പാവൂരിലെ പോക്സോ കേസിൽ കോടതി നടപടികൾക്കനുസരിച്ച് ക്രിസ്റ്റൽ രാജിൻ്റെ അറസ്റ്റ് രേഖപ്പെടുത്തും.
പൊലീസ് പിടികൂടുമെന്ന ഘട്ടത്തിൽ രക്ഷപ്പെടാനായി ആലുവ പുഴയിലേക്ക് എടുത്തുചാടിയ പ്രതിയെ പുഴയിലിറങ്ങിയാണ് പിടികൂടുകയായിരുന്നു. പ്രതി ക്രിസ്റ്റലിന്റെ സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതി മോഷണമുതല് ഇവര് വഴിയാണ് വില്ക്കുന്നത് എന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികളായ രണ്ട് പേരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. പ്രത്യേക അന്വേഷണ സംഘം ഇവരെ ചോദ്യം ചെയ്യുകയാണ്.
തിരുവനന്തപുരം ചെങ്കൽ സ്വദേശിയാണ് പ്രതിയായ ക്രിസ്റ്റൽ രാജ്. സിസിടിവി ദൃശ്യങ്ങളിലുളള പ്രതിയെ നാട്ടുകാർ തിരിച്ചറിഞ്ഞിരുന്നു. ആലുവ ചാത്തന്പുറത്താണ് എട്ടുവയസ്സുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചത്. മാതാപിതാക്കള്ക്കൊപ്പം കിടന്നുറങ്ങുന്ന കുട്ടിയെ തട്ടികൊണ്ടുപോവുകയായിരുന്നു. നാട്ടുകാരും പ്രദേശവാസികളും പൊലീസും കുട്ടിയെ അന്വേഷിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയതോടെയാണ് അക്രമി കുഞ്ഞിനെ ഉപേക്ഷിച്ചുപോയത്.
പുലർച്ചെ രണ്ട് മണിയോടെയാണ് കുട്ടിയുടെ കരച്ചിൽ കേട്ടതെന്നാണ് ദൃക്സാക്ഷികള് പറയുന്നത്. ഒരാൾ കുഞ്ഞുമായി പോകുന്നത് കണ്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. ജനലിലൂടെ നോക്കിയപ്പോൾ ചോരയൊലിപ്പിച്ച നിലയിലായിരുന്നു പെൺകുട്ടി. തുടർന്ന് വീട്ടുകാരേയും പൊലീസിനേയും വിവരമറിയിക്കുകയായിരുന്നുവെന്നും ദൃക്സാക്ഷി പറഞ്ഞു. പ്രതിയെന്ന് സംശയിക്കുന്നയാളുടെ കൂടെ കുട്ടി പുറത്തേക്ക് വരുന്നത് അയൽവാസിയായ സുകുമാരനാണ് കണ്ടത്.
ക്രിസ്റ്റിലിന്റെ സഞ്ചിയില് പലയിടങ്ങളില് നിന്നായി മോഷ്ടിച്ച എട്ട് മൊബൈല് ഫോണുകള് ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. രാത്രി രണ്ടിന് കുട്ടിയുടെ വീട്ടിലെത്തിയ പ്രതി ജനലിലൂടെ അകത്തേക്ക് കൈ കടത്തി വാതില് തുറന്ന ശേഷം അവിടെ കിടന്ന മൊബൈല് ഫോണ് ആണ് ആദ്യം എടുത്തത്. തുടര്ന്ന് കുട്ടിയുമായി പുറത്തേക്ക് ഇറങ്ങിയ പ്രതി പാടത്തെത്തി. അപ്പോഴും മൊബൈല് ഫോണ് ഓണ് ആയിരുന്നു. അതിനാല് കുറ്റകൃത്യത്തിന് ശേഷം പ്രതി ആലുവ മാര്ക്കറ്റ് ജംഗ്ഷന് വരെ എത്തിയത് മൊബൈല് ടവര് ലൊക്കേഷന് നോക്കി പൊലീസ് മനസ്സിലാക്കിയിരുന്നു. അവിടെവെച്ച് ഫോണ് ഓഫായി. ഇതിനിടെ വസ്ത്രത്തിലും ദേഹത്തും പറ്റിയ ചെളിയും മറ്റും കഴുകി അതിന് ശേഷം ഒരു ഫോണ് മാത്രം എടുത്ത് സഞ്ചി മാര്വെല് ജംഗ്ഷന് സമീപം ഒളിപ്പിക്കുകയായിരുന്നു. ശേഷം മെട്രോ സ്റ്റേഷന് സ്ഥിതി ചെയ്യുന്ന ബൈപ്പാസ് കവലയിലേക്ക് പോകുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്.