

കൊച്ചി: സുരേഷ് ഗോപിയുടെ വിജയത്തിൽ കത്തോലിക്കാ സഭ ക്രെഡിറ്റ് എടുക്കാൻ ആഗ്രഹിക്കുന്നില്ലെന്നും സുരേഷ് ഗോപിയുടെ വിജയത്തിൻ്റെ ക്രെഡിറ്റ് അദ്ദേഹത്തിന് തന്നെ ഇരിക്കട്ടെയെന്നും തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു പാംപ്ലാനിയുടെ പ്രതികരണം. തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ വിജയത്തിന് അടിസ്ഥാനമായത് ക്രിസ്ത്യൻ വോട്ടുകളാണ് എന്ന വിലയിരുത്തലിനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു പാംപ്ലാനിയുടെ പ്രതികരണം. 'രാഷ്ട്രീയത്തിന് ഉപരിയായി എല്ലാവരും നോക്കി കാണുന്ന ഒരു നേതാവ് എന്ന നിലയിൽ സുരേഷ് ഗോപിക്ക് ക്രിസ്ത്യാനികൾ വോട്ട് ചെയ്തിരിക്കാം. സിനിമാ നടനെന്ന നിലയിലും സുരേഷ് ഗോപിയെ ഇഷ്ടപ്പെടുന്നവർ ഉണ്ടാകാം. അത് കൊണ്ട് സഭ ഒന്നാകെ സുരേഷ് ഗോപിയെ പിന്തുണച്ചെന്നോ ക്രിസ്ത്യാനികൾ ഒന്നാകെ സുരേഷ് ഗോപിക്ക് വോട്ട് ചെയ്തെന്നോ ബിജെപിയിലേയ്ക്ക് ചേർന്നുവെന്നോ വിലയിരുത്താൻ ആ വിജയം നിമിത്തമാകുന്നില്ല' എന്നായിരുന്നു പാംപ്ലാനിയുടെ പ്രതികരണം.
തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ വിജയത്തിന് അടിസ്ഥാനമായത് ക്രിസ്ത്യൻ വോട്ടുകളാണ് എന്ന് സ്ഥാപിക്കാനുള്ള ഡാറ്റ നമ്മുടെ കൈയ്യിലില്ലെന്ന് വ്യക്തമാക്കിയ പാംപ്ലാനി സുരേഷ് ഗോപിയുടെ വിജയത്തിൽ മറ്റ് ഘടകങ്ങളും പ്രവർത്തിച്ചിരിക്കാം എന്നും ചൂണ്ടിക്കാണിച്ചു. 'അവിടെ നിർത്തപ്പെട്ട സ്ഥാനാർത്ഥിയോടുള്ള പ്രതിഷേധം ഉണ്ടായിരിക്കാം. ഭരണവിരുദ്ധ വികാരവുമായി ബന്ധപ്പെട്ട ഘടകങ്ങൾ അവിടെ ഉണ്ടായിരിക്കാം. ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമസേനനാണ് എന്ന നിലയിൽ ബിജെപി ജയിച്ചത് ക്രിസ്ത്യാനി വോട്ട് ചെയ്തിട്ടാണ് എന്ന് എളുപ്പവഴിയിൽ ക്രിയചെയ്യുന്നത് മുന്നണികളുടെ സ്വയം തിരുത്താനുള്ള കഴിവ് കുറവിനെയാണ് സൂചിപ്പിക്കുന്ന'തെന്നും പാംപ്ലാനി വ്യക്തമാക്കി.
നല്ല കുടുംബത്തിൽ പിറന്നവർക്ക് പറഞ്ഞിട്ടുള്ളതല്ല രാഷ്ട്രീയമെന്നും, അതിലേക്ക് പഠിക്കാത്തവരും ഉഴപ്പൻമാരും സമരക്കാരും മാത്രമാണ് ചെല്ലുന്നതെന്നുമുള്ള പൊതുസമൂഹത്തിന്റെ ചിന്താധാര സഭ ഏറ്റെടുത്തിരുന്നെന്നും സഭയ്ക്ക് കീഴിലെ കോളേജുകളുൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ കക്ഷി രാഷ്ട്രീയം ഒഴിവാക്കാനുള്ള ബോധപൂർവ്വമയ ശ്രമങ്ങൾ നടന്നിട്ടുണ്ടെന്നും പാംപ്ലാനി ചൂണ്ടിക്കാണിച്ചു.
'നല്ലകുടുംബത്തിൽ പിറന്നവർക്ക് പറഞ്ഞിട്ടുള്ളതല്ല രാഷ്ട്രീയമെന്നും, അതിലേക്ക് പഠിക്കാത്തവരും ഉഴപ്പൻമാരും സമരക്കാരും മാത്രം ചെല്ലുന്നതാണെന്നുമുള്ള പൊതുസമൂഹത്തിന്റെ ചിന്താധാര ഞങ്ങളും ഏറ്റെടുക്കുകയും ചെയ്തിരുന്നു. സഭയ്ക്ക് കീഴിലെ കോളേജുകളിൽ കക്ഷി രാഷ്ട്രീയം ഒഴിവാക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങളും നടന്നിട്ടുണ്ട്. സ്ഥാപനങ്ങളിലെ ഈ നിബന്ധനകൾ കുട്ടികൾക്കിടയിൽ അരാഷ്ട്രീയത വളർത്തിയെന്ന് ഞങ്ങൾ തിരിച്ചറിയുന്നു. മധ്യകേരളത്തിലിത് കൂടുതലാണ്. അതൊക്കെ നമ്മുടെ സമൂഹത്തെ രാഷ്ട്രീയത്തിൽ നിന്ന് പിന്നോട്ട് നയിച്ചു. അതുകൊണ്ടാവാം ഇത്തരത്തിൽ അരാഷ്ട്രീയത നമ്മുടെ സമൂഹത്തിൽ വളർന്നുവന്നത്. രാഷ്ട്രീയം കൂടിയുണ്ടെങ്കിലെ പൗരബോധമുള്ള സമൂഹം ഉണ്ടാവുകയുള്ളൂവെന്ന് ഞങ്ങൾ തിരിച്ചറിയുന്നു. രാഷ്ട്രീയമെന്നത് സത്യസന്ധതയ്ക്ക് വിലയില്ലാത്തതാണെന്നും അവിടെ കൈക്കൂലിയും അഴിമതിയുമേ ഉള്ളൂവെന്നുമുള്ള പൊതുബോധമാണ് സഭയും ഉൾക്കൊണ്ടത്. നമ്മുടെ സമുദായത്തിൽ ക്വാളിറ്റിയുള്ള ലീഡർഷിപ്പ് ഉണ്ടാകുന്നില്ല. എല്ലാ സമുദായങ്ങളും ശ്രദ്ധിക്കേണ്ട കാര്യം, പുതിയ തലമുറയിലെ കഴിവുള്ളവരും സമർപ്പണബുദ്ധിയുമുള്ളവരെ രാഷ്ട്രീയത്തിലേക്ക് ഓറിയന്റ് ചെയ്യണമെന്നാ'യിരുന്നു പാംപ്ലാനിയുടെ പ്രതികരണം.
Content Highlights: Catholic Church does not want to take credit for Suresh Gopi's victory, said Mar Joseph Pamplany