
May 17, 2025
11:40 PM
കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. ഇ ഡി പത്തുതവണ വിളിപ്പിച്ചാലും പോകുമെന്നും താൻ രാജ്യത്തെ നിയമമനുസരിച്ച് ജീവിക്കുന്നയാളാണെന്നും സുധാകരൻ പറഞ്ഞു. മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ ഇഡിക്കുമുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകി. നിലവിൽ ഇ ഡി വീണ്ടും വിളിപ്പിച്ചിട്ടില്ലെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി വിഡ്ഢിത്തം പറയുകയാണെന്നും നികുതി അടച്ചിട്ടുണ്ടോ എന്നതല്ല എന്ത് സർവീസിലാണ് മാസപ്പടി കൈപ്പറ്റിയതെന്നാണ് ചോദ്യമെന്നും അദ്ദേഹം പറഞ്ഞു.
'വിവരമില്ലാത്ത മുഖ്യമന്ത്രിയുടെ കീഴിൽ ജീവിക്കുന്നത് തന്നെ നാണക്കേടാണ്. എന്ത് സേവനത്തിലാണ് മാസപ്പടി വാങ്ങിയത് എന്നാണ് ചോദ്യം. ഒരു സേവനവും നൽകാതെ മാസാമാസം പണം എത്തിയിട്ടുണ്ടെങ്കിൽ സംതിങ് റോങ്ങ്', സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രി ജനങ്ങളെ വിഡ്ഢികളാക്കുകയാണോ എന്നും കെ സുധാകരൻ ചോദിച്ചു.