'സതീശനും വിജയനും തമ്മില് വ്യത്യാസമുണ്ട്'; ദല്ലാളിനെ നന്നായി അറിയുക യുഡിഎഫിനെന്ന് മുഖ്യമന്ത്രി

'മറ്റുപലയിടത്തും അയാള് പോകും തന്റെയടുത്ത് വരാന് പറ്റുന്ന മാനസിക നില അയാള്ക്ക് ഉണ്ടെന്ന് തോന്നുന്നില്ലെന്നും മുഖ്യമന്ത്രി'

dot image

തിരുവനന്തപുരം: വിചിത്രവും വസ്തുതാ വിരുദ്ധവുമായ കാര്യങ്ങള് അവതരിപ്പിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സതീശനും വിജയനും തമ്മില് വ്യത്യാസമുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി ദല്ലാളുമായുള്ള കൂടിക്കാഴ്ച ആരോപണം നിഷേധിക്കുകയും ചെയ്തു. ദല്ലാളിനെ യുഡിഎഫിന് നന്നായി അറിയാം. ദല്ലാളിനോട് ഇറങ്ങി പോകണം എന്ന് പറഞ്ഞയാളാണ് താന്. സതീശന് അത് പറയുമോയെന്ന് അറിയില്ല. അങ്ങനെ പറയാന് തനിക്ക് മടിയില്ല. മറ്റുപലയിടത്തും അയാള് പോകും തന്റെയടുത്ത് വരാന് പറ്റുന്ന മാനസിക നില അയാള്ക്ക് ഉണ്ടെന്ന് തോന്നുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സോളാര് പീഡന കേസിലെ സിബിഐ റിപ്പോര്ട്ടില് അടിയന്തര പ്രമേയ നോട്ടീസില് സഭയില് മറുപടി പറയവെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

'അധികാര ദുര്വിനിയോഗത്തിന്റെയും അഴിമതിയുടെയും സ്വാധീനം തുറന്നു കാണിക്കുന്നതാണ് സോളാര് കേസ്. അധികാരത്തില് വന്ന് മൂന്നാമത്തെ ദിവസമല്ല, മൂന്നാമത്തെ മാസമാണ് പരാതി വരുന്നത്. 12-01-21ന് പരാതിയില് നിയമോപദേശം തേടി. പ്രത്യേക രാഷ്ട്രീയ താല്പര്യത്തോടെ പരാതി കൈകാര്യം ചെയ്തിട്ടില്ല. വന്ന പരാതിയില് നിയമ നടപടി സ്വീകരിച്ചിട്ടുണ്ട്. ഞങ്ങള് ആഗ്രഹിക്കുന്ന റിസല്ട്ട് അന്വേഷണത്തില് ഉണ്ടാകണം എന്ന് ഞങ്ങള്ക്ക് താല്പര്യം ഇല്ലായിരുന്നു.

സിബിഐ റിപ്പോര്ട്ട് സര്ക്കാരിന് ലഭിച്ചിട്ടില്ല. റിപ്പോര്ട്ട് എന്താണെന്ന് ഊഹിച്ചെടുത്ത് ചര്ച്ച ചെയ്യാനാണ് ആവശ്യപ്പെട്ടത്. ഒന്നും മറക്കാനില്ലാത്തത് കൊണ്ടാണ് ചര്ച്ച ആകാമെന്ന് പറഞ്ഞത്. പ്രതിപക്ഷം അന്വേഷണം ആവശ്യപ്പെട്ടോളൂ. ഗൂഢാലോചന അന്വേഷിക്കണമെന്ന പ്രതിപക്ഷ ആവശ്യം വേണമെങ്കില് പരിശോധിക്കാം. നിയമപരമായി സ്വീകരിക്കേണ്ട നടപടി എന്താണെന്ന് നോക്കാം. അതിന് ഞങ്ങള്ക്ക് പ്രയാസമില്ല.

സോളാര് തട്ടിപ്പ് കേസ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയോ എല്ഡിഎഫ് സര്ക്കാരോ സൃഷ്ടിച്ചെടുത്തതോ കെട്ടിച്ചമച്ചതോ അല്ല. ആ കേസിന്റെ തുടക്കം മുതല് അഭിനയിക്കുന്നവര് കോണ്ഗ്രസുകാര് തന്നെയാണ്. ഉപ്പ് തിന്നുന്നവര് വെള്ളം കുടിക്കട്ടെ എന്നാണ് അന്നും ഇന്നും ഞങ്ങളുടെ നിലപാട്.

രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള വേട്ടയാടലുകളെ പറ്റി ഒരു സംവാദം നടക്കുന്നത് നല്ലതാണ്. പ്രതിഷേധം പ്രകടിപ്പിച്ചിട്ടുണ്ട്. അത് ഒരിക്കലും വ്യക്തികളെ വേട്ടയാടാന് ആയിരുന്നില്ല. സമരത്തിന്റെ ഭാഗമായി അനിഷ്ട സംഭവങ്ങള് ഉണ്ടായിട്ടുണ്ടാകാം. അതിനെ അപലപിച്ചിട്ടുണ്ട്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന് പ്രതിപക്ഷവും ഒരു വിഭാഗം മാധ്യമങ്ങളും ചേര്ന്ന് നടത്തുന്ന പ്രചാരണം ജനങ്ങള് തിരിച്ചറിയുന്നുണ്ട്', മുഖ്യമന്ത്രി പറഞ്ഞു.

dot image
To advertise here,contact us
dot image