
ഫാലിമി എന്ന സിനിമയിലൂടെ ഇൻഡസ്ട്രിയിലേക്ക് കടന്നു വന്ന സംവിധായകനാണ് നിതീഷ് സഹദേവ്. ബേസിൽ ജോസഫ് നായകനായി എത്തിയ ചിത്രം ബോക്സ് ഓഫീസിലും വലിയ വിജയമാണ് സ്വന്തമാക്കിയത്. മമ്മൂട്ടിയെ നായകനാക്കിയാണ് അടുത്ത ചിത്രം ഒരുക്കുന്നതെന്ന് നിതീഷ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ മമ്മൂട്ടി ചിത്രത്തിന് മുൻപായി തമിഴിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് സംവിധായകൻ.
നടൻ ജീവയാണ് നിതീഷിന്റെ ആദ്യ തമിഴ് ചിത്രത്തിൽ നായകനായി എത്തുന്നത്. ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം നടന്നിരുന്നു. പൂജയുടെ ചിത്രങ്ങൾ സംവിധായകൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. 'ആദ്യത്തെ തമിഴ് ചിത്രം, വലിയ സ്വപ്നങ്ങൾ. ജീവയ്ക്കും കഴിവുള്ള അഭിനേതാക്കളോടുമൊപ്പം പ്രവർത്തിക്കാൻ കഴിയുന്നത് സന്തോഷകരമാണ്. ഒരു തമിഴ് സിനിമ ചെയ്യുക എന്നത് എന്റെ എക്കാലത്തെയും സ്വപ്നമായിരുന്നു, സഹോദരൻ ജീവിനെ കണ്ടുമുട്ടിയപ്പോൾ അത് യാഥാർത്ഥ്യമായി', എന്നായിരുന്നു ചിത്രത്തിന്റെ പൂജ സ്റ്റില്ലുകൾ പങ്കുവെച്ചുകൊണ്ട് നിതീഷ് സഹദേവ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.
ജീവ 45 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന സിനിമ നിർമിക്കുന്നത് കണ്ണൻ രവിയാണ്. അടുത്തതായി ചെയ്യാനൊരുങ്ങുന്നു മമ്മൂട്ടി ചിത്രത്തിനെക്കുറിച്ചും ഒരു ചെറിയ അപ്ഡേറ്റ് നിതീഷ് പങ്കുവെച്ചിട്ടുണ്ട്. 'അടുത്ത സ്റ്റോപ്പ്: എന്റെ MM സിനിമാ സ്വപ്നത്തിന് ജീവൻ പകരുന്നു', എന്നാണ് കുറിച്ചിരിക്കുന്നത്. ഇതൊരു ആക്ഷൻ പാക്ക്ഡ് എന്റർടെയ്നറായിരിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. വലിയ ബഡ്ജറ്റിലാണ് ഈ മമ്മൂട്ടി ചിത്രമൊരുങ്ങുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
Content Highlights: Falimy director joins hands with Jiiva