
കൊല്ലം: ഏറെ കോളിളക്കം സൃഷ്ടിച്ച കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വന്ദന ദാസ് കൊലപാതക കേസിലെ വിചാരണ നടപടികൾ നീട്ടിവെച്ചു. പ്രതിഭാഗത്തിന് വേണ്ടി ഹാജരായ രണ്ട് അഭിഭാഷകരും മരിച്ച സാഹചര്യത്തിലാണ് നടപടികൾ നീട്ടി വെച്ചത്. അഡ്വ. ബി എ ആളൂരായിരുന്നു നന്ദന വധകേസിലെ മരിച്ച പ്രതിഭാഗം വക്കീലിൽ ഒരാൾ. കഴിഞ്ഞ മാസം മുപ്പതിനാണ് ആളൂർ മരിച്ചത്. വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ അഡ്വ, പി ജി മനുവാണ് പ്രതിഭാഗത്തിനായി ഹാജരാകേണ്ടിയിരുന്നു മറ്റൊരു അഭിഭാഷകൻ. പുതിയ അഭിഭാഷകനെ കണ്ടെത്താനുള്ള സമയം നിലവിൽ അനുവദിച്ചിട്ടുണ്ട്.
അതേ സമയം, വന്ദനയുടെ കൊലപാതകം നടന്നിട്ട് ഇന്നേക്ക് രണ്ട് വർഷം തികഞ്ഞു. മുട്ടുചിറ നമ്പിച്ചിറക്കാലായിൽ മോഹൻ ദാസിന്റെയും വസന്ത കുമാരിയുടെയും ഏക മകൾ വന്ദന ദാസ് എംബിബിഎസ് പഠനത്തിനു ശേഷം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻസി ചെയ്യുന്നതിനിടെയാണ് 2023 മേയ് 10 ന് പുലർച്ചെ സന്ദീപ് എന്ന അക്രമിയുടെ കുത്തേറ്റ് മരിച്ചത്.
കേസിൽ 131 സാക്ഷികളാണ് ഉള്ളത്. പ്രതി സന്ദീപിന്റെ ജാമ്യ ഹർജി ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയിരുന്നു. തുടർന്ന് പ്രതിയുടെ മാനസിക നില പരിശോധിക്കണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജിയുടെ അടിസ്ഥാനത്തിൽ സന്ദീപിന്റെ മാനസിക നില പരിശോധനയും നടത്തിയിരുന്നു. ഇതേ തുടർന്ന് മാനസിക നിലയിൽ തകരാറില്ല എന്നാണ് മെഡിക്കൽ റിപ്പോർട്ട്.
Content Highlights-Two defense lawyers who were supposed to appear have died; trial proceedings in Dr. Vandana murder case postponed