
ടുണീസ്: 26കാരിയായ ഗർഭിണിയുടെ വയറ്റിൽ നിന്നും ടെന്നീസ് ബോളിന്റെ വലിപ്പമുള്ള വിരയെ കണ്ടെത്തി. ടൂണീഷ്യയിലെ യുവതിയിലാണ് ടേപ്പ് വേം സിസ്റ്റ് കണ്ടെത്തിയത്. ആരോഗ്യ വിദഗ്ദരിലടക്കം ആശങ്കയുളവാക്കുന്നതാണ് ഈ കണ്ടെത്തൽ. 20 ആഴ്ച ഗർഭിണിയായ 26 വയസ്സുള്ള യുവതിയുടെ വയറ്റിലാണ് വിര കണ്ടെത്തിയത്.
വളർത്തുനായയുടെ ശരീരത്തിൽ നിന്നാകാം യുവതിയുടെ ശരീരത്തിലേക്ക് ഈ വിര പ്രവേശിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തൽ. കഠിനമായ വയറുവേദന അനുഭവപ്പെട്ട യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ സി ടി സ്കാൻ പരിശോധനയിലാണ് യുവതിയുടെ വയറ്റിൽ വിരയുടെ സാന്നിധ്യമുണ്ടെന്ന് തിരിച്ചറിഞ്ഞത്. ഹൈഡാറ്റിക് സിസ്റ്റ് ആണ് പരിശോധനയിൽ കണ്ടെത്തിയത്. ടേപ്പ് വേം അണുബാധ മൂലമുണ്ടാകുന്ന അപകടകരമായ വളർച്ചയാണ് ഹൈഡാറ്റിക് സിസ്റ്റ്.
യുവതിയുടെ പെൽവിക് മേഖലയിലാണ് ഈ സിസ്റ്റ് കണ്ടെത്തിയത്. ടേപ്പ് വേം വിരകളുടെ മുട്ട വഹിക്കുന്ന നായ്ക്കളുമായി സമ്പർക്കം പുലർത്തുന്നവരിലാണ് ഇത്തരം സിസ്റ്റ് രൂപപ്പെടുന്നത്. വിദഗ്ദ ചികിത്സ നൽകി ഗർഭിണിയായ യുവതിയുടെ വയറ്റിൽ നിന്നും വിരയെ നീക്കിയിട്ടുണ്ട്. വളർത്തു മൃഗങ്ങളെ കൈകാര്യം ചെയ്യുമ്പോൾ പ്രത്യേക ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പും ആരോഗ്യ - വെറ്റിനറി വിദഗ്ധർ നൽകി.
content highlights : Massive Tapeworm Cyst Found In Pregnant Woman, Likely Got It From Her Dog