'കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോകില്ല'; ഉമ്മന്‍ ചാണ്ടിക്കെതിരായ ഗൂഢാലോചനയിൽ വി ഡി സതീശന്‍

ഉമ്മന്‍ ചാണ്ടിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് സിബിഐ കണ്ടെത്തിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് വി ഡി സതീശന്‍
'കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോകില്ല'; ഉമ്മന്‍ ചാണ്ടിക്കെതിരായ ഗൂഢാലോചനയിൽ വി ഡി സതീശന്‍

തിരുവനന്തപുരം: സോളാര്‍ പീഡനക്കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് സിബിഐ കണ്ടെത്തിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സോളാര്‍ കേസില്‍ രാഷ്ട്രീയ എതിരാളികള്‍ ഉമ്മന്‍ ചാണ്ടിയെ വേട്ടയാടുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുകയായിരുന്നു. ഉമ്മന്‍ ചാണ്ടിയെ കുടുക്കാന്‍ ഗൂഢാലോചന നടത്തിയെന്ന സിബിഐയുടെ അന്തിമ റിപ്പോര്‍ട്ട് ഒറ്റുകാര്‍ക്കും ചതിച്ചവര്‍ക്കുമുള്ള മറുപടിയാണ്. രാഷ്ട്രീയ ലാഭത്തിന് വേണ്ടി എന്ത് ഹീനകൃത്യവും ചെയ്യാന്‍ മടിക്കാത്തവരാണ് സിപിഐഎമ്മും അവര്‍ നേതൃത്വം നല്‍കുന്ന മുന്നണിയും. സിബിഐ റിപ്പോര്‍ട്ട് അതിന് അടിവരയിടുന്നു. ജീവിതത്തിലും മരണശേഷവും ക്രൂരമായി വേട്ടയാടപ്പെട്ട വ്യക്തിയാണ് ഉമ്മന്‍ ചാണ്ടി. ഉമ്മന്‍ ചാണ്ടിക്കെതിരെ ഗൂഡാലോചന നടത്തിയതും വേട്ടയാടിയതും ആരാണോ അവര്‍ കണക്ക് പറയേണ്ടി വരുമെന്നും വി ഡി സതീശന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

സര്‍ക്കാരിനെ അട്ടിമറിക്കുന്നതിന് വേണ്ടി സിപിഐഎമ്മിന്റെ ആശിര്‍വാദത്തോടെ നടന്നതാണ് നീചമായ ഈ ഗൂഢാലോചന. തട്ടിപ്പ് കേസിലെ പ്രതിയെ വിളിച്ച് വരുത്തി പരാതി എഴുതി വാങ്ങി സിബിഐ അന്വേഷത്തിന് ഉത്തരവിട്ട മുഖ്യമന്ത്രിക്കും ഗൂഢാലോചനയുടെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു മാറാനാകില്ല. ഇത്രയും നീചവും തരംതാണതുമായ ഗൂഢാലോചന കേരള ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണ്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം, സതീശന്‍ വ്യക്തമാക്കി.

ഉമ്മന്‍ ചാണ്ടി ഇനിയും ജനഹൃദയങ്ങളില്‍ ജീവിക്കുമെന്നും കണക്ക് ചോദിക്കാതെ ഒരു കാലവും കടന്ന് പോകില്ലെന്ന് ഓര്‍ക്കണമെന്നും സതീശന്‍ വാര്‍ത്താക്കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com