
തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തക സമിതി പുനഃസംഘടനയിലെ അവഗണനയിൽ മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നാളെ പ്രതികരിക്കും. രാവിലെ 9-ന് വഴുതക്കാട്ടെ വീട്ടിലാണ് ചെന്നിത്തലയുടെ വാർത്ത സമ്മേളനം. തുടർച്ചയായി പാർട്ടിയിൽ അവഗണന നേരിടുന്നു എന്നാണ് ചെന്നിത്തല വിഭാഗത്തിന്റെ പ്രധാന പരാതി. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ രൂക്ഷമായ പ്രതികരണത്തിന് ചെന്നിത്തല തയ്യാറായേക്കില്ല. കടുത്ത നിലപാട് സ്വീകരിക്കണമെന്നാണ് ഐ ഗ്രൂപ്പ് നേതാക്കളുടെ അഭിപ്രായം. ദേശീയതലത്തിൽ പുതിയ രാഷ്ട്രീയ നീക്കത്തിന് കോൺഗ്രസ് തുടക്കമിട്ട പശ്ചാത്തലത്തിൽ പാർട്ടിയെ വെല്ലുവിളിക്കേണ്ടതില്ലെന്നാണ് ചെന്നിത്തലയുടെ നിലപാട്.
39 അംഗ പ്രവര്ത്തക സമിതിയില് കേരളത്തില് നിന്ന് മൂന്ന് നേതാക്കളാണ് ഉള്പ്പെട്ടിരിക്കുന്നത്. ശശി തരൂർ, കെ സി വേണുഗോപാല്, എ കെ ആന്റണി എന്നിവരാണ് പ്രവര്ത്തക സമിതിയിലേക്ക് കേരളത്തില് നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവായും കൊടിക്കുന്നില് സുരേഷിനെ പ്രത്യേക ക്ഷണിതാവായുമാണ് തിരഞ്ഞെടുത്തത്. സിപിഐ വിട്ടെത്തിയ കനയ്യകുമാറും സ്ഥിരം ക്ഷണിതാക്കളുടെ പട്ടികയില് ഇടം നേടി.
സോണിയ ഗാന്ധി, രാഹുല് ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരും പ്രവര്ത്തക സമിതിയില് ഉള്പ്പെട്ടു. സച്ചിന് പൈലറ്റ്, ദീപക് ബാബ്റിയ, ഗൗരവ് ഗോഗോയ്, ജിതേന്ദ്ര സിങ്ങ് തുടങ്ങിയ പുതുതലമുറ നേതാക്കള് പ്രവര്ത്തക സമിതിയുടെ ഭാഗമായി. 32 സ്ഥിരം ക്ഷണിതാക്കളെയും ഒമ്പത് പ്രത്യേക ക്ഷണിതാക്കളെയും പ്രഖ്യാപിച്ചിട്ടുണ്ട്. യൂത്ത് കോണ്ഗ്രസ് പ്രസിഡന്റ് വി ബി ശ്രീനിവാസ്, എന്എസ്യുഐ പ്രസിഡന്റ് നീരജ് കുന്ദന്, മഹിളാ കോണ്ഗ്രസ് പ്രസിഡന്റ് നെറ്റാ ഡിസൂസ, സേവാദള് ചീഫ് ഓര്ഗനൈസര് ലാല്ജി ദേശായി എന്നിവര് എക്സ് ഓഫീഷ്യോ അംഗങ്ങളാണ്.