
കോഴിക്കോട്: മലബാര് ലിറ്ററേച്ചര് ഫെസ്റ്റിവല് ഡിസംബര് ആദ്യവാരം കോഴിക്കോട് നടക്കും. ഫെസ്റ്റിവല് ലോഗോ ലോഞ്ചിംഗ് കോഴിക്കോട് റാവീസ് കടവില് നടന്നു. ബുക്ക്പ്ലസ് പബ്ലിഷേഴ്സ് ആണ് ഫെസ്റ്റിവല് സംഘാടകര്.
ലോഗോ ലോഞ്ചിംഗ് ചടങ്ങില് എം കെ രാഘവന് എംപി, പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ, കെ പി രാമനുണ്ണി, ഷാജി എ കെ (ചെയര്മാന് ആന്റ് മാനേജിങ് ഡയറക്ടര് മൈ ജി), നൗഫല് നരിക്കോളി (ഫൗണ്ടര് & സിഇഒ- സൈത്തൂന് റസ്റ്റോറന്റ് ഗ്രൂപ്പ്), സക്കീര് (മര്മര് ഇറ്റാലിയ), മസ്ദൂഖ് (സിഇഒ- സ്പീക് ഈസി ഇംഗ്ലീഷ് അക്കാദമി), കെ പി എം മുസ്തഫ (ചെയര്മാന്- കെ പി എം ട്രിപന്റ ഹോട്ടല്സ് പ്രൈവറ്റ് ലിമിറ്റഡ്), നുഫൈല് ഓ കെ (ലോഗോ ബ്രാന്റ്) , അഫീഫ് ഹമീദ് ( ഡാറ്റാ ഹെക്സ്), അബ്ദുറഹ്മാന് മങ്ങാട്, പി ടി നാസര്, കെ ടി ഹുസൈന്, നജ്മ തബ്ഷീറ തുടങ്ങി ബിസിനസ് പ്രമുഖരും എഴുത്തുകാരും സാംസ്കാരിക പ്രവര്ത്തകരും സംബന്ധിച്ചു.
മലബാറിലെ സമുദായങ്ങള്, അവരുടെ ജീവിതം, രാഷ്ട്രീയം, സാഹിത്യം, സംസ്കാരം, ചരിത്രം, ഭാഷകള്, യാത്രകള്, കലകള് എന്നിവ അടയാളപ്പെടുത്തുന്ന സാംസ്കാരിക കൂടിച്ചേരലാണ് മലബാര് ലിറ്ററേച്ചര് ഫെസ്റ്റിവെലിലൂടെ ലക്ഷ്യമിടുന്നത്. നൂറ്റാണ്ടുകളായി മലബാറുമായി പലതരത്തില് ബന്ധപ്പെട്ട് കിടക്കുന്ന വിദൂര നാടുകള്, തുറമുഖങ്ങള് എന്നിവ ചര്ച്ചകളില് ഇടം നേടും.
പുസ്തക ചര്ച്ചകള്, അഭിമുഖങ്ങള്, സംവാദങ്ങള്, കലാ സാംസ്കാരിക സദസ്സുകള് ഫെസ്റ്റിവലിന് നിറം പകരും. മാപ്പിള, ദളിത്, കീഴാള ജീവിതങ്ങളുടെ നാനാതലങ്ങള് അനാവരണം ചെയ്യും. വിവിധ സെഷനുകളില് ഇരുനൂറിലേറെ അന്തര്ദേശീയ, ദേശീയ അതിഥികള് പങ്കെടുക്കും. ഫെസ്റ്റിവലിന്റെ ഭാഗമായി കാമ്പസ് യാത്രകള്, ചര്ച്ചകള്, ശില്പശാലകള്, ഹെറിറ്റേജ് വാക്ക്, ഫുഡ് ഫെസ്റ്റ്, പുസ്തകോത്സവം എന്നിവ സംഘടിപ്പിക്കും.