'ഗണേഷ് കുമാർ ആറ് മാസം തടവിൽ പാർപ്പിച്ചു'; താൻ അവസരവാദിയല്ലെന്ന് സോളാർ കേസിലെ പരാതിക്കാരി

'ഗണേഷ് കുമാർ ആറ് മാസം തടവിൽ പാർപ്പിച്ചു, ബാലകൃഷ്ണപിള്ള ഉൾപ്പെടെയുള്ളവര്‍ മൊഴിമാറ്റാൻ സമ്മർദ്ദം ചെലുത്തി'; സോളാർ ലൈംഗിക അതിക്രമ കേസിലെ പരാതിക്കാരി
'ഗണേഷ് കുമാർ ആറ് മാസം തടവിൽ പാർപ്പിച്ചു'; താൻ അവസരവാദിയല്ലെന്ന് സോളാർ കേസിലെ പരാതിക്കാരി

തിരുവനന്തപുരം: മുൻ മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി സോളാർ ലൈംഗിക അതിക്രമ കേസിലെ പരാതിക്കാരി. ഗണേഷ് കുമാർ ആറ് മാസം തന്നെ തടവിൽ പാർപ്പിച്ചതായി പരാതിക്കാരി ആരോപിച്ചു. താൻ അവസരവാദിയല്ലെന്നും പിന്നാമ്പുറ കഥകൾ പുറത്ത് പറഞ്ഞാൽ അവർ തന്നെയാണ് മോശമാകുകയെന്നും പരാതിക്കാരി റിപ്പോർട്ടർ ടിവിയോട് പ്രതികരിച്ചു.

ഗണേഷ് കുമാറിന്റെ പിതാവ് ബാലകൃഷ്ണപിള്ള ഉൾപ്പടെയുള്ള രാഷ്ട്രീയ നേതാക്കൾ മൊഴിമാറ്റാൻ സമ്മർദ്ദം ചെലുത്തി എന്നും പരാതിക്കാരി ആരോപിച്ചു. തനിക്ക് നീതി ലഭിച്ചില്ലെന്നും സൈബർ ഇടങ്ങളിൽ ഇപ്പോഴും വേട്ടയാടപ്പെടുകയാണെന്നും പരാതിക്കാരി പറഞ്ഞു.

പരാതിക്കാരിയുടെ വാക്കുകൾ:

'പ്രതികരിക്കാനുള്ള മാനസികാവസ്ഥയില്‍ അല്ല. കെട്ടുകഥയാണോയെന്നതിന് കോണ്‍ഗ്രസ് നേതാക്കളാണ് ഇത്തരം പറയയേണ്ടത്. സോളാര്‍ കേസില്‍ രാഷ്ട്രീയം കലര്‍ത്തിയത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ്. അവരുടെ ഗ്രൂപ്പ് സമവായങ്ങളുടെ ഭാഗമായിട്ടും അധികാര കൈമാറ്റത്തിന്റെ വടംവലിക്കകത്തും എന്നെ പിടിച്ചിട്ടുപോയതുകൊണ്ടാണ് രാഷ്ട്രീയം കലര്‍ന്നത്.

2013-ല്‍ ജയിലില്‍ പോകുമ്പോള്‍ ഞാന്‍ മാധ്യമങ്ങളോട് സംസാരിച്ചിരുന്നില്ല. ആ സമയത്തും രാഷ്ട്രീയകാര്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഞാനല്ല പത്രത്തില്‍ കൊടുത്തത്. ജയിലില്‍ കിടക്കുമ്പോള്‍ വാര്‍ത്താസമ്മേളനം നടത്തിയിട്ടില്ലല്ലോ.

2011-ല്‍ യുഡിഎഫ് അധികാരത്തിലെത്തുന്ന സമയം പ്രധാനപ്പെട്ട ചുമതലകള്‍ വീതംവെക്കാന്‍ എഗ്രൂപ്പും ഐ ഗ്രൂപ്പും തമ്മിലുണ്ടായ സമവായമുണ്ടായിരുന്നു. എന്നാല്‍ ഉമ്മന്‍ചാണ്ടി അതിന് വഴങ്ങാതെ നില്‍ക്കുന്ന സമയത്താണ് ഞാന്‍ ഇതിലേക്ക് എത്തിപ്പെടുന്നത്. ഗണേഷ്‌കുമാറുമായി ഒരു ബന്ധം ഉണ്ടായിരുന്നുവെന്ന് അന്നത്തെ ചീഫ് വിപ്പ് മനസ്സിലാക്കുന്നു. ഉമ്മന്‍ചാണ്ടി മാറാന്‍ തയ്യാറാവാത്ത സന്ദര്‍ഭത്തില്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ ഞാന്‍ കയറിയിറങ്ങുന്നത് ഐ ഗ്രൂപ്പ് നേതാക്കള്‍ നോട്ടീസ് ചെയ്തിരുന്നു. അത് ആരൊക്കെയാണെന്ന് ഞാന്‍ പറയുന്നില്ല. അങ്ങനെ പറഞ്ഞാല്‍ ഒരുപാട് പേരുടെ മുഖംമൂടി വലിച്ചുകീറേണ്ടി വരും.

2013-ലാണ് സോളാര്‍ കേസ് വരുന്നത്. ജൂലൈ 20-ന് ഞാന്‍ ഹറാസ്‌മെന്‍സിനെ പറ്റി പരാതി നല്‍കി. അന്നൊക്കെ കോണ്‍ഗ്രസ് ഇതര പാര്‍ട്ടികളുടെ സ്വാധീനം എവിടെയാണ്? അന്ന് ജയിലില്‍ എത്തി എന്റെ വായ് മൂടികെട്ടി, എന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയും എന്റെ കുഞ്ഞുങ്ങളെവെച്ച് ബ്ലാക്ക് മെയില്‍ ചെയ്തും എന്റെ മൊഴി മാറ്റിച്ചത് യുഡിഎഫ് തന്നെയല്ലേ.

മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ഉള്‍പ്പടെ എന്റെ അമ്മയുടെ അടുത്ത് നേരിട്ട് സംസാരിച്ചതുകൊണ്ടല്ലേ ജയിലിനുള്ളില്‍ വെച്ച് മൊഴി തിരുത്തേണ്ടി വന്നത്. 2015-ല്‍ എന്റെ വീഡിയോകള്‍ നാട് മുഴുവന്‍ കോണ്‍ഗ്രസ് പ്രചരിപ്പിച്ചു. എന്നെങ്കിലും ഒരിക്കല്‍ ഈ വിഷയങ്ങൾ പുറത്തുവന്നാൽ പൊതുസമൂഹത്തിന് മുന്നിൽ ഞാനൊരു മോശം സ്ത്രീയാണെന്ന ഇമേജ് ഉണ്ടാക്കാനുള്ള ശ്രമമാണ് അവർക്കുണ്ടായിരുന്നത്.

ഞാൻ ഒരിക്കലും ആരുടേയും സമ്മർദ്ദം മൂലമല്ല പരാതികൾ ഉന്നയിച്ചത്. പലപ്പോഴും എന്റെ കുടുംബത്തിന് മേലുണ്ടായ സമ്മർദ്ദം മൂലമാണ് ആ പരാതികൾ ഒതുക്കി വെച്ചത്. ആ സമ്മർദ്ദം എനിക്കുണ്ടാക്കിയത് യുഡിഎഫുകാരാണ്. ബെന്നി ബെഹനാൻ, തമ്പാനൂർ രവി മുതലായവരുടെ ശബ്ദ രേഖകൾ 2016-ൽ പുറത്തുവന്നതാണ്.

പഴയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഉമ്മൻ ചാണ്ടി എന്ന നമ്മുടെ മുൻമുഖ്യമന്ത്രിയെ വേട്ടയാടിയത് കോൺഗ്രസുകാർ തന്നെയാണ് എന്ന് മനസിലാകും. രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി ഇത് പുറത്തുകൊണ്ടുവരുകയും, അതിലൂടെ ആഭ്യന്തരം ഉൾപ്പടെയുള്ള സ്ഥാനമാനങ്ങൾ കിട്ടി കഴിഞ്ഞപ്പോൾ അവർ അത് ഒതുക്കാൻ ശ്രമിക്കുകയും ചെയ്തു. അതിന് വേണ്ടി ജയിലിൽ ഉണ്ടായിരുന്ന എനിക്ക് മേൽ സമ്മർദ്ദം ചെലുത്തുകയും കുടുംബത്തെ ഉപയോഗിച്ച് ബ്ലാക്ക്മെയിൽ ചെയ്യുകയുമുണ്ടായി. അന്ന് യുഡിഎഫിന്റെ ഭാഗമായിരുന്ന ബാലകൃഷ്ണപിള്ള ഉൾപ്പടെയുള്ളവർ സമ്മർദ്ദം ചെലുത്തി.

ഞാൻ ഒരിക്കലും അവസരവാദിയല്ല. ഗണേഷ് കുമാറിനെ പോലെ അവസരത്തിന് അനുസരിച്ച് മാറി കളിക്കാനറിയില്ല. ഞാൻ ഒരു അഭിനേതാവല്ല. അങ്ങനെ അഭിനയിക്കുന്നവർക്ക് ഇതെല്ലാം ചെയ്യാൻ സാധിക്കുമായിരിക്കും. ഞാൻ അഭിനയിക്കാൻ താൽപര്യപ്പെടുന്നില്ല. 2014 ഫെബ്രുവരി 21-ന് ശേഷം എന്നെ ജയിലില്‍ നിന്ന് നേരിട്ട് അദ്ദേഹത്തിന്റെ കൊട്ടാരക്കരയിലെ ബന്ധുവീട്ടിലേക്ക് കൊണ്ടുപോവുകയും, അവിടെ ആറ് മാസത്തോളം എന്നെ തടവിൽ വെക്കുകയും ചെയ്തത് എന്തിനെന്ന് ഗണേഷ് കുമാർ പറയട്ടെ. അതിന്റെ പിന്നാമ്പുറ കഥകൾ വെളിയിൽ വന്നാൽ അവർക്ക് തന്നെയായിരിക്കും ചീത്തപ്പേരുണ്ടാകുന്നത്. ഒരാളുടെ മരണത്തെ മുതലെടുത്ത്, അത് വിറ്റ് കാശാക്കാൻ ഞാൻ രാഷ്ട്രീയക്കാരിയല്ല.

എനിക്ക് ഇപ്പോഴും നീതി ലഭിച്ചിട്ടില്ല. ഞാനാണ് ഇപ്പോഴും വേട്ടയാടപ്പെടുന്നത്. 2015 മുതൽ തുടങ്ങിയ സൈബർ അറ്റാക്ക് ഇപ്പോഴും അവസാനിച്ചിട്ടില്ല. ഞാൻ ഒരു സാധാരണ സ്ത്രീയാണ്. സോളാർ കേസിൽ നിരന്തരം വിചാരണ നേരിടുന്ന ഒരു പ്രതിയെന്ന് വേണമെങ്കിൽ പറയാം. ആ പേരിലാണ് ഞാൻ മുന്നോട്ട് പോകുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com