
കോട്ടയം: സ്പീക്കർ എ എൻ ഷംസീർ കോടിക്കണക്കിന് ഹിന്ദുമത വിശ്വാസികളുടെ ആരാധ്യനായ ഭഗവാൻ ഗണേഷ് ജിയെ അവഹേളിച്ചെന്ന് ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണി അഭിപ്രായപ്പെട്ടു. മിത്ത് വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് പ്രസ്താവന. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ നരേന്ദ്രമോദിയുടെ വികസന കാഴ്ചപ്പാടുകൾ ചർച്ചയാകുമെന്നും അദ്ദേഹം വ്യക്തമാക്കി. എൻഡിഎ സ്ഥാനാർത്ഥി ലിജിൻ ലാലിന്റെ പ്രചാരണപരിപാടികൾക്കായി പുതുപ്പള്ളിയിൽ എത്തിയതായിരുന്നു അനിൽ ആന്റണി.
"ബിജെപി ആരുടെയും വികാരം വ്രണപ്പെടുത്താറില്ല. ഷംസീർ ലോകത്തെ കോടിക്കണക്കിന് ഹിന്ദുമതവിശ്വാസികളുടെ ആരാധ്യനായ ഭഗവാൻ ഗണേഷ് ജിയെ അവഹേളിച്ചു. അക്കാര്യത്തെക്കുറിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനോട് ചോദിച്ചപ്പോൾ, അത്തരമൊരു പ്രസ്താവനയെ അപലപിക്കുന്നതിനു പകരം പിന്തുണയ്ക്കുകയാണ് അദ്ദേഹം ചെയ്തത്. ആരെയും പ്രീണിപ്പിക്കാൻ മറ്റുള്ളവരുടെ വികാരം വ്രണപ്പെടുത്തുന്ന രാഷ്ട്രീയം ബിജെപിക്കില്ല. അത്തരം രാഷട്രീയം കേരളത്തിൽ വളരാൻ അനുവദിക്കില്ല"- അനിൽ ആന്റണി പറഞ്ഞു.
കേരളത്തിലും ബിജെപി വലിയ പാർട്ടിയായി സർക്കാരുണ്ടാക്കും. കേരളത്തിലും നരേന്ദ്ര മോദിയുടെ വീക്ഷണങ്ങൾ പ്രവർത്തികമാക്കാനാകും. വരും ദിവസങ്ങളിൽ കേന്ദ്ര, സംസ്ഥാനനേതാക്കൾ ഉൾപ്പടെയുള്ളവർ പുതുപ്പള്ളിയിൽ പ്രചാരണം നടത്തും. കേരളം ഒരുപാട് മുന്നോട്ട് പോകാനുണ്ട്. അതിന് ബിജെപി അധികാരത്തിലെത്തണം. കേരളത്തിലെ യുഡിഎഫും എൽഡിഎഫും വർഷങ്ങളായി ന്യൂനപക്ഷങ്ങൾ ഉൾപ്പെടെയുള്ളവരെ പലരീതിയിൽ തെറ്റിദ്ധരിപ്പിക്കുകയാണ്. എന്താണ് ബിജെപിയെന്ന് തിരിച്ചറിഞ്ഞ് ഇന്ന് എല്ലാവിഭാഗങ്ങളും ബിജെപിയോട് അടുക്കുന്നുണ്ടെന്നും അനിൽ ആന്റണി അവകാശപ്പെട്ടു.