സംസ്ഥാനത്ത് യുവജനങ്ങളില്‍ എയ്ഡ്‌സ് ബാധ കൂടുന്നു; വിവരാവകാശ രേഖ റിപ്പോര്‍ട്ടറിന്

എയ്ഡ്‌സ് രോഗ ബാധിതരായ യുവജനങ്ങള്‍ കൂടുതല്‍ എറണാകുളത്താണെന്നും റിപ്പോര്‍ട്ട്
സംസ്ഥാനത്ത് യുവജനങ്ങളില്‍ എയ്ഡ്‌സ് ബാധ കൂടുന്നു; വിവരാവകാശ രേഖ റിപ്പോര്‍ട്ടറിന്

കോഴിക്കോട്: സംസ്ഥാനത്ത് യുവജനങ്ങളില്‍ എയ്ഡ്‌സ് രോഗ ബാധ കൂടുന്നതായി റിപ്പോര്‍ട്ട്. 2022-23 വര്‍ഷത്തില്‍ 360 യുവജനങ്ങള്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. എയ്ഡ്‌സ് രോഗ ബാധിതരായ യുവജനങ്ങള്‍ കൂടുതല്‍ എറണാകുളത്താണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയില്‍ നിന്നുള്ള വിവരാവകാശ രേഖ റിപ്പോര്‍ട്ടറിന്.

2017- 18 വര്‍ഷത്തില്‍ 308 യുവജനങ്ങളാണ് പുതുതായി രോഗികളായത്. 2022- 23 വര്‍ഷത്തില്‍ രോഗം സ്ഥിരീകരിച്ച യുവജനങ്ങളുടെ എണ്ണം 360 ആയി. എറണാകുളം ജില്ലയില്‍ 2017-18 വര്‍ഷത്തില്‍ 35 യുവാക്കള്‍ രോഗികളായി. 2022-23 ആയപ്പോള്‍ ഈ എണ്ണം 104 ആയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പോസിറ്റിവിറ്റി നിരക്ക് ഏറ്റവും കൂടുതല്‍ മലപ്പുറം ജില്ലയിലാണ്. 2017- 18 വര്‍ഷത്തില്‍ രോഗികള്‍ മൂന്ന് പേരാണെങ്കില്‍, 2022- 23 വര്‍ഷത്തില്‍ല്‍ മലപ്പുറത്ത് 18 യുവജനങ്ങള്‍ രോഗികളായി. മലപ്പുറത്ത് അഞ്ച് വര്‍ഷത്തിനിടെ ആറിരട്ടി വര്‍ധനവാണുണ്ടായിരിക്കുന്നത്. ആലപ്പുഴ, ഇടുക്കി, കൊല്ലം, കോട്ടയം, വയനാട് ജില്ലകളിലും യുവജനങ്ങളായ രോഗികളുടെ എണ്ണം കൂടി.

കേരളത്തില്‍ 95% പേരും രോഗികളായത് സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയാണ്. രോഗം കൂടുതലും പുരുഷ സ്വവര്‍ഗാനുരാഗികളിലാണെന്നും അതിഥി തൊഴിലാളികളുടെ ഇടയിലും രോഗികള്‍ കൂടുന്നുണ്ടെന്നും എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ രേഖകള്‍ പറയുന്നു. ഇവരുടെ സമ്പര്‍ക്കത്തിലുണ്ടായിരുന്നവരെ കണ്ടെത്താനാകാത്തതും കൃത്യമായ പരിശോധന നടത്താനാകാത്തതുമാണ് പ്രതിസന്ധി വര്‍ധിപ്പിക്കുന്നത്. നിലവില്‍ കേരളത്തില്‍ 30,000ത്തോളം രോഗികളാണ് ഉള്ളത്. അതേസമയം മറ്റ് സംസ്ഥാനങ്ങളില്‍ ലക്ഷത്തിനും മുകളിലാണെന്നും കേരളം മികച്ച പ്രതിരോധ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നുമാണ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ വിശദീകരണം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com