

തിരുവനന്തപുരം: കേരള സർവകലാശാല വെെസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ സാമൂഹ്യ മാലിന്യമാണെന്ന് എസ്എഫ്‌ഐ. വിദ്യാർത്ഥി സംഘടനാ നേതാക്കൾ പലരും ലഹരിക്ക് അടിമകളെന്ന വിവാദ പ്രസ്താവന വി സി നടത്തിയതിന് പിന്നാലെയാണ് എസ്എഫ്‌ഐയുടെ പ്രതികരണം. നിങ്ങൾക്കിത് അന്ത്യശാസനമാണെന്നും ഇനി മര്യാദകേട് ആവർത്തിക്കരുതെന്നും എസ്എഫ്‌ഐ മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. വ്യക്തിവിരോധത്തിന് മുകളിൽ നടത്തുന്ന ആക്ഷേപങ്ങൾ വി സിയെന്ന കസേരയുടെ നിലവാരം കളയുന്നുവെന്നും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറഞ്ഞു.
കേരള വി സി നിരന്തരമായി വിദ്യാർത്ഥി സംഘടന പ്രവർത്തകരെ അപമാനിക്കുന്നു. വി സിയുടെ വർഗീയതയും തോന്നിവാസവും സർവകലാശാലയിൽ നടത്താൻ അനുവദിക്കാത്തതിന്റെ ചൊരുക്കാണിത്. സമരങ്ങളോടുള്ള അസഹിഷ്ണുത പച്ചക്കള്ളമായി നാക്കിൽ നിന്ന് പുറത്തുവരുന്നു. ഇനിയും ഇത്തരം പ്രസ്താവനകൾ തുടർന്നാൽ ആർഎസ്എസിന്റെയും ലോക്ഭവന്റെയും സംരക്ഷണം മതിയാകാതെ വരുമെന്നും എസ്എഫ്‌ഐ പ്രതികരിച്ചു.
വിവാദ പ്രസ്താവനയ്‌ക്കൊപ്പം വിദ്യാർത്ഥി നേതാക്കളെ ലഹരി പരിശോധന നടത്താൻ വി സി വെല്ലുവിളിക്കുകയും ചെയ്തിരുന്നു. ക്യാമ്പസുകളിൽ അലമ്പുണ്ടാക്കുന്നവരും അധ്യാപകരെ തടഞ്ഞുവെക്കുന്നവരും തെമ്മാടികളാണെന്നും ഇത്തരക്കാരല്ല നാടിന്റെ കരുത്തെന്നും വിസി വിമർശിച്ചു. പരിശോധന നടത്തിയാൽ എത്ര പേർ ലഹരിക്ക് അടിമകളാണെന്ന് അറിയാമെന്നും മോഹനൻ കുന്നുമേൽ പറഞ്ഞു.വെറുതെ അലമ്പ് ഉണ്ടാക്കുന്നവർ, ബസ്സിന് കല്ലെറിയുന്നവർ, റോഡിൽ ടയർ കത്തിക്കുന്നവർ, അധ്യാപകരെ ഖരാവോ ചെയ്യുന്ന ആളുകളല്ല നാടിന്റെ ഭാവി. ഇന്നത്തെ യുവത്വം നല്ലവഴിയിലേക്ക് നടക്കുമ്പോൾ അവരെയാണ് മാതൃകയാക്കേണ്ടത്. വിദ്യാർത്ഥി നേതാക്കളായ ചില ഗുണ്ടകൾ തന്നെ ഖരാവോ ചെയ്യുന്നു. ഇത്തരം തെമ്മാടികളല്ല സമൂഹത്തിന് മാതൃകയല്ല എന്ന് വി സി അധിക്ഷേപ സ്വരത്തിൽ വിദ്യാർത്ഥി സംഘടനകളെ പറഞ്ഞിരിക്കുകയാണ്.
Content Highlights: Students' Federation of India strongly responded to the alleged derogatory remarks made by the Vice Chancellor of University of Kerala against student leaders