Top

'ധോണി'യുടെ ശരീരത്തിൽ 15ഓളം പെല്ലെറ്റുകൾ; നാടൻ തോക്കുകളിൽ നിന്ന് വെടിയുതിർത്തതാകാമെന്ന് സംശയം

26 Jan 2023 3:50 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ധോണിയുടെ ശരീരത്തിൽ 15ഓളം പെല്ലെറ്റുകൾ; നാടൻ തോക്കുകളിൽ നിന്ന് വെടിയുതിർത്തതാകാമെന്ന് സംശയം
X

പാലക്കാട്: കോർമയിൽ നിന്നും മയക്കുവെടി വെച്ച് പിടികൂടിയ കാട്ടാന ധോണി(പാലക്കാട് ടസ്‌കർ-7)യുടെ ശരീരത്തിൽ നിന്ന് 15 ഓളം പെല്ലറ്റുകൾ കണ്ടെത്തി. വനം വകുപ്പിന്റെ പരിശോധനയിലാണ് ശരീരത്തിലുണ്ടായിരുന്ന പെല്ലെറ്റുകൾ കണ്ടെത്തിയത്. ജനവാസ മേഖലയിൽ സ്ഥിരമായി ഇറങ്ങിയിരുന്ന ആനയ്ക്ക് നേരെ നാടൻ തോക്കുകളിൽ നിന്ന് വെടിയുതിർത്തതാകാമെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. പെല്ലെറ്റുകളിൽ ചിലത് വനംവകുപ്പ് അധികൃതർ തന്നെ നീക്കം ചെയ്തു.

പെല്ലെറ്റുകൾ തറച്ചത് ആന കൂടുതൽ അക്രമാസക്തമാകാൻ കാരണമായിട്ടുണ്ടാകുമെന്നും അധികൃതർ പറയുന്നു. നിലവിൽ ധോണിയിലെ വനം വകുപ്പിന്റെ ഡിവിഷൻ ഓഫീസിന് സമീപത്തെ കൂട്ടിലാണ് പി ടി7 ഉള്ളത്. മടക്കുവെടിയേറ്റതിന്റെ ക്ഷീണമെല്ലാം ആനയ്ക്ക് മാറിയിട്ടുണ്ടെന്നും മറ്റ് ആരോ​ഗ്യ പ്രശ്നങ്ങളില്ലെന്നും ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് കെ വിജയാനന്ദൻ വ്യക്തമാക്കിയിരുന്നു.

ആനയെ ശീലങ്ങൾ പഠിപ്പിക്കാൻ രണ്ട് പാപ്പാന്മാരെയാണ് നിയോ​ഗിച്ചിരിക്കുന്നത്. കൂടാതെ ചട്ടം പഠിപ്പിക്കാൻ വനംവകുപ്പിന്റെ വിദ​ഗ്ധ സംഘമുണ്ട്. കെ വിജയാനന്ദന്റെ നേരിട്ടുളള നിരീക്ഷണത്തിലാണ് 'ധോണി'. ചീഫ് വെറ്റിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ മേൽനോട്ടത്തിൽ ഡോക്ടർമാരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. രണ്ട് ഉദ്യോ​ഗസ്ഥരേയും ഒരു ഡോക്ടറേയും പ്രത്യേകം നിയോ​ഗിക്കുമെന്നും വനംവകുപ്പ് അറിയിച്ചു. ഏകദേശം 23 വയസ്സാണ് 'ധോണി'യുടെ പ്രായമെന്നാണ് നിഗമനം.

STORY HIGHLIGHTS: 15 pellets were found in the body of Dhoni elephant

Next Story