Top

ഭീഷണിയുടെ ഉത്പാദകരാവുന്നെന്ന് അമേരിക്ക; നിരുത്തരവാദപരമെന്ന് നാറ്റോ; റഷ്യയുടെ ആണവ ഭീഷണിയ്ക്ക് മറുപടി

അതേസമയം, യുക്രൈനില്‍ ആക്രമണം തുടരുന്ന റഷ്യയ്ക്കു മുന്നില്‍ വ്യോമപാതയടച്ച് കൂടുതല്‍ രാജ്യങ്ങള്‍

27 Feb 2022 4:16 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഭീഷണിയുടെ ഉത്പാദകരാവുന്നെന്ന് അമേരിക്ക; നിരുത്തരവാദപരമെന്ന് നാറ്റോ; റഷ്യയുടെ ആണവ ഭീഷണിയ്ക്ക് മറുപടി
X

ആണവ പ്രതിരോധ സേനയോട് സജ്ജമായിരിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ നിര്‍ദ്ദേശിച്ചതിന് പിന്നാലെ പ്രതികരണവുമായി യുഎസും നാറ്റോയും. നിര്‍ദ്ദേശത്തിലൂടെ പുടിന്‍ ഭീഷണിയുടെ ഉത്പാദകരാവുകയാണെന്നാണ് അമേരിക്കയുടെ പ്രതികരണം. നിരുത്തരവാദപരവും അപകടകരവുമാണ് പുടിന്റെ നിര്‍ദ്ദേശം എന്നായിരുന്നു നാറ്റോയുടെ തലവന്‍ പറഞ്ഞത്.

'സംഘര്‍ഷത്തിന്റെ ആരംഭം തൊട്ട് പുടിന്റെ ഭാഗത്തുനിന്നും ഇത്തരത്തിലുള്ള നപടികളാണ് ഉണ്ടായിട്ടുള്ളത്. അധിനിവേശത്തെ ന്യായീകരിക്കാന്‍ ഒരിക്കലുമില്ലാത്ത ഭീഷണികള്‍ പുറത്തെടുക്കുകയാണെന്ന് പുടിനെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാക്കി അറിയിച്ചു. 'ഇത് അപകടകരമായ വാക്പയറ്റാണ്. നിരുത്തരവാദപരമായ പെരുമാറ്റമാണ്'. സ്വതന്ത്ര പരമാധികാര രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കുന്നത് തന്നെ സാഹചര്യം മോശമാക്കിയെന്നും നാറ്റോ തലവന്‍ ജെന്‍സ് സ്‌റ്റോള്‍ട്ടന്‍ബെര്‍ഗ് പ്രതികരിച്ചു.

അതേസമയം, യുക്രൈനില്‍ ആക്രമണം തുടരുന്ന റഷ്യയ്ക്കു മുന്നില്‍ വ്യോമപാതയടച്ച് കൂടുതല്‍ രാജ്യങ്ങള്‍. കാനഡ, മാള്‍ട്ട, സ്‌പെയിന്‍ എന്നീ രാജ്യങ്ങളാണ് ഏറ്റവും ഒടുവിലായി റഷ്യയ്ക്ക് തങ്ങളുടെ വ്യോമപാത നിഷേധിച്ചിരിക്കുന്നത്. ബ്രിട്ടനും ജര്‍മ്മനിക്കും പുറമേ ബാള്‍ട്ടിക് രാജ്യങ്ങളും നേരത്തേ റഷ്യയ്ക്ക് വ്യോമപാതയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഉടനടിയുള്ള നടപടിയെന്നോണം വ്യോമപാത നിരോധിക്കാനാണ് കാനഡ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. യുക്രൈനിന് മുകളിലുള്ള ആക്രമണത്തിന് റഷ്യയെക്കൊണ്ട് കണക്ക് പറയിക്കുമെന്നും കനേഡിയന്‍ ഗതാഗത മന്ത്രി അറിയിച്ചു. കാനഡയ്ക്ക് പുറമേ മാള്‍ട്ടയും സ്‌പെയിനും വ്യോമപാത നിരോധിച്ചിട്ടുണ്ട്. യുക്രൈനിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് നടപടിയെന്ന് മാള്‍ട്ട പ്രധാനമന്ത്രി റോബര്‍ട്ട് അബേല അറിയിച്ചു. യൂറോപ്യന്‍ യൂണിയന്റെ തീരുമാനത്തിനൊപ്പം തങ്ങളും നീങ്ങുന്നുവെന്നാണ് സ്‌പെയിനിന്റെ ഗതാഗത മന്ത്രി അറിയിച്ചിരിക്കുന്നത്. നേരത്തെ ബ്രിട്ടന്‍, ജര്‍മ്മനി, ലാത്വിയ, എസ്റ്റോണിയ, ലിത്വാനിയ, സ്ലോവേനിയ, ചെക്ക് റിപ്പബ്ലിക്ക്, പോളണ്ട്, റൊമേനിയ, ബള്‍ഗേറിയ എന്നീ രാജ്യങ്ങളും വ്യോമപാത നിരോധിച്ചിരുന്നു.

STORY HIGHLIGHTS: us and nato replies to the nuclear threat of russia

Next Story