സ്വവർഗാനുരാഗത്തെ പ്രോത്സാഹിപ്പിക്കുന്നു; സൗദിയിൽ മഴവിൽ നിറമുള്ള കളിപ്പാട്ടങ്ങൾ പിടിച്ചെടുക്കുന്നു
16 Jun 2022 4:44 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

റിയാദ്: സൗദി അറേബ്യയിൽ മഴവിൽ നിറമുള്ള കളിപ്പാട്ടങ്ങൾ അധികൃതർ പിടിച്ചെടുക്കുന്നു. റിയാദിലെ ഷോപ്പുകളിൽ നിന്നും വാണിജ്യ മന്ത്രാലയ അധികൃതർ റെയിൻബോ കളിപ്പാട്ടങ്ങൾ പിടിച്ചെടുക്കുന്നതായി സൗദി മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. മഴവിൽ നിറം സ്വവർഗനുരാഗത്തെ പ്രോത്സാഹിപ്പിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. മഴവിൽ നിറമുള്ള കളിപ്പാട്ടങ്ങൾ ഹെയർ ക്ലിപ്പുകൾ, പെൻസിൽ, തൊപ്പികൾ, ടീ ഷർട്ട് തുടങ്ങിയവയാണ് കടകളിൽ നിന്നും നീക്കം ചെയ്യുന്നത്. കുട്ടികളെ ഇത് തെറ്റായി സ്വാധീനിക്കുമെന്നാണ് മന്ത്രാലയത്തിന്റെ വാദം.
ഇസ്ലാമിക വിശ്വാസത്തിനും സദാചാര മൂല്യങ്ങൾക്കും ഇവ എതിരാണെന്നും അധികൃതർ പറയുന്നു. തെറ്റായ വഴിയിലേക്ക് നയിക്കുന്ന ഇത്തരം ഉൽപന്നങ്ങൾ വിൽക്കുന്ന കടകൾ നിയമ നടപടികൾ നേരിടേണ്ടി വരുമെന്നാണ് വാണിജ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. സമാനമായി കഴിഞ്ഞ വർഷം ഡിസംബറിൽ ഖത്തറും മഴവിൽ നിറമുള്ള കളിപ്പാട്ടങ്ങൾ വിൽക്കുന്നതിനെതിരെ രംഗത്ത് വന്നിരുന്നു.
സ്വവർഗാനുരാഗത്തെ കുറ്റകൃത്യമായി കാണുന്ന ഗൾഫ് രാജ്യങ്ങളിൽ ഇതിനെതിരെ കടുത്ത നിയമ നടപടികളാണുള്ളത്. ചാട്ടവാറടി മുതൽ വധ ശിക്ഷ വരെയാണ് സ്വവർഗരതിയിലേർപ്പെടുന്നവർക്കുള്ള ശിക്ഷ.സ്വവർഗാനുരാഗ രംഗങ്ങളുള്ള സിനിമകൾ ഇവിടങ്ങളിൽ പ്രദർശിപ്പിക്കാൻ അനുമതിയില്ല. അതേസമയം സമൂഹ മാധ്യമങ്ങളുടെ കടന്ന് ഈ രാജ്യങ്ങളിലെ യുവത്വത്തിനിടയിൽ ലൈംഗിക ന്യൂനപക്ഷങ്ങളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നുണ്ട്.
Story Highlight: saudi authorities seize rainbow toys for promoting homosexuality
- TAGS:
- SAUDI
- Saudi Arabia
- Gulf News
- LGBTQ+