Top

'ഉപരോധം നിര്‍ത്തിയില്ലെങ്കില്‍ ഞങ്ങള്‍ പ്രകൃതിവാതകം നല്‍കുന്നത് നിര്‍ത്തും'; യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് റഷ്യയുടെ മുന്നറിയിപ്പ്

റഷ്യ ഇത്തരമൊരു നടപടി കൈക്കൊള്ളുന്നതോടെ ഊര്‍ജവിപണിയില്‍ ഇത് വന്‍വിലക്കയറ്റത്തിന് കാരണമായേക്കാമെന്നാണ് വിലയിരുത്തൽ

8 March 2022 9:58 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഉപരോധം നിര്‍ത്തിയില്ലെങ്കില്‍ ഞങ്ങള്‍ പ്രകൃതിവാതകം നല്‍കുന്നത് നിര്‍ത്തും; യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് റഷ്യയുടെ മുന്നറിയിപ്പ്
X

മോസ്കോ: യുക്രെയ്നിലെ സെെനിക ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധങ്ങൾക്ക് മറുപടിയുമായി റഷ്യ. നോര്‍ഡ് സ്ട്രീം 1 വഴി യൂറോപ്പിലേക്കുള്ള പ്രകൃതിവാതക വിതരണം നിര്‍ത്തിവെക്കുമെന്ന് യൂറോപ്യൻ രാജ്യങ്ങൾക്ക് റഷ്യയുടെ താക്കീത്. റഷ്യയുടെ സമ്പദ് വ്യവസ്ഥയ്ക്ക് ഉണ്ടാക്കിയ നഷ്ടങ്ങൾക്കെതിരെ ഇത്തരത്തിൽ നടപടി സ്വീകരിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്ന് റഷ്യ പ്രതികരിച്ചു.

റഷ്യയില്‍നിന്നുള്ള ഊര്‍ജവിതരണത്തെ ആശ്രയിക്കുന്നവരാണ് യൂറോപ്പിലെ മിക്ക രാജ്യങ്ങളും. റഷ്യ ഇത്തരമൊരു നടപടി കൈക്കൊള്ളുന്നതോടെ ഊര്‍ജവിപണിയില്‍ ഇത് വന്‍വിലക്കയറ്റത്തിന് കാരണമായേക്കാമെന്നാണ് വിലയിരുത്തൽ. അതേസമയം നോര്‍ഡ് സ്ട്രീം- 1 അടയ്ക്കാനുള്ള തീരുമാനം ഇതുവരെ കൈക്കൊണ്ടിട്ടില്ലെന്നും, ഇപ്പോൾ പൂര്‍ണശേഷിയിൽ ഇത് പ്രവര്‍ത്തിക്കുന്നുണ്ടെന്നും റഷ്യൻ ഉപ പ്രധാനമന്ത്രിയും ഊർജവകുപ്പിന്റെ ചുമതല വഹിക്കുകയും ചെയ്യുന്ന അലക്സാണ്ടർ നൊവാക് പറഞ്ഞു. എന്നാൽ യൂറോപ്യൻ രാജ്യങ്ങൾ റഷ്യക്കെതിരെ ഉപരോധം തുടർന്നാൽ പ്രകൃതിവാതക വിതരണം നിര്‍ത്തിവെയ്ക്കും എന്ന നിലപാടിലാണെന്നും അറിയിച്ചു.

റഷ്യയില്‍നിന്നുള്ള വിതരണം തടസ്സപ്പെട്ടേക്കുമോ എന്ന ആശങ്കയിലായിരുന്നു യൂറോപ്യന്‍ പ്രകൃതിവാതക വിപണി. ഇതിന്റെ ഫലമായി യൂറോപ്യൻ രാജ്യങ്ങളിൽ പ്രകൃതിവാതക വില 80 ശതമാനം വരെ ഉയരുന്ന സാഹചര്യവും ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യ മുന്നറിയിപ്പുമായി രം​ഗത്ത് വന്നിരിക്കുന്നത്.

യുക്രെയ്ന് എതിരായ സൈനിക നടപടിയുടെ പശ്ചാത്തലത്തില്‍ റഷ്യയ്‌ക്ക് മേൽ ആഗോള രാജ്യങ്ങളും കമ്പനികളും ഉപരോധങ്ങൾ ഏര്‍പ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. യുക്രെയ്‌നിൽ ആക്രമണം തുടങ്ങി 10 ദിവസത്തിനുള്ളില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വിലക്കുകള്‍ ചുമത്തപ്പെട്ട രാജ്യമായി മാറിയിരിക്കുകയാണ് റഷ്യ.

STORY HIGHLIGHTS: russia threatens to cut natural gas flows to europe via nord stream 1

Next Story