Top

'നോ വാര്‍, സ്‌റ്റോപ് വാര്‍'; റഷ്യന്‍ സ്റ്റേറ്റ് ടിവി ലൈവില്‍ യുദ്ധ വിരുദ്ധ പ്രതിഷേധം, ബാനറുമായി ന്യൂസ് എഡിറ്റര്‍

മരീന ഓവ്സ്യാനിക്കോവിനെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് റിപ്പോര്‍ട്ട്.

15 March 2022 6:44 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നോ വാര്‍, സ്‌റ്റോപ് വാര്‍; റഷ്യന്‍ സ്റ്റേറ്റ് ടിവി ലൈവില്‍ യുദ്ധ വിരുദ്ധ പ്രതിഷേധം, ബാനറുമായി ന്യൂസ് എഡിറ്റര്‍
X

മോസ്കോ: റഷ്യ- യുക്രൈന്‍ യുദ്ധം തുടര്‍ന്നുകൊണ്ടിരിക്കെ റഷ്യന്‍ സ്റ്റേറ്റ് ടിവിയില്‍ യുദ്ധ വിരുദ്ധ ബാനറുമേന്തി ന്യൂസ് എഡിറ്റര്‍. റഷ്യയുടെ സ്റ്റേറ്റ് ടിവി ചാനല്‍ വണ്ണിലെ എഡിറ്ററായ മരീന ഓവ്സ്യാനിക്കോവാണ് തത്സമയ സംപ്രേക്ഷണത്തിനിടെ പ്രതിഷേധവുമായി രംഗത്തെത്തിയത്. വാര്‍ത്താവതാരികയുടെ പിന്നിലായി റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്തുന്ന ബാനറുമേന്തിയാണ് ചാനല്‍ എഡിറ്റര്‍ പ്രത്യക്ഷപ്പെട്ടത്.

'നോ വാര്‍, സ്റ്റോപ് വാര്‍, പ്രചരണങ്ങളില്‍ വിശ്വസിക്കരുത്. അവര്‍ നിങ്ങളോട് കള്ളം പറയുകയാണ്' എന്ന ബാനറും കയ്യില്‍ പിടിച്ചാണ് റഷ്യന്‍ സ്റ്റേറ്റ് ടി വി എഡിറ്റര്‍ യുദ്ധത്തിനെതിരെ പരസ്യ പ്രതിഷേധം നടത്തിയത്. തിങ്കളാഴ്ച്ച വൈകുന്നേരം ചാനലിന്റെ തത്സമയ സംപ്രേഷണത്തിനിടെയായിരുന്നു പ്രതിഷേധ പ്രകടനം. അവതാരിക വാര്‍ത്ത അവതരിപ്പിച്ചുകൊണ്ടിരിക്കെ ക്യാമറയ്ക്ക് മുന്നിലേക്കെത്തിയ മരീന ഓവ്സ്യാനിക്കോവ് ബാനര്‍ ഉയര്‍ത്തി പ്രതിഷേധം അറിയിക്കുകയായിരുന്നു.

യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ റഷ്യന്‍ ഭരണകൂടം കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയതിന് ഇടയിലാണ് പരസ്യമായി യുദ്ധവിരുദ്ധ നിലപാട് സ്വീകരിച്ച് മാധ്യമ പ്രവര്‍ത്തക രംഗത്തെത്തിയത്. യുക്രൈയ്‌നില്‍ അരങ്ങേറുന്ന സംഭവങ്ങളുടെ റഷ്യന്‍ പതിപ്പ് ജനങ്ങളിലേക്ക് എത്തിക്കുവാന്‍ മാത്രമാണ് മാധ്യമങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുള്ളത്. അതേസമയം, നിലപാട് വ്യക്തമാക്കിയ മരീന ഓവ്സ്യാനിക്കോവിനെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് റിപ്പോര്‍ട്ട്.

ബാനറും കയ്യിലേന്തി 'സ്റ്റോപ്പ് ദി വാര്‍, നോ ടു ദി വാര്‍' , എന്ന് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞുകൊണ്ടായിരുന്നു മരിയയുടെ പ്രതിഷേധം. പ്രതിഷേധത്തെ മറികടന്ന് അവതാരിക വാര്‍ത്ത തുടര്‍ന്നെങ്കിലും മരീന തന്റെ ശബ്ദം ഉയര്‍ത്തിക്കൊണ്ടേയിരുന്നു. റഷ്യന്‍ ജനതയെ ക്രൂരമായി ചിത്രീകരിക്കുന്നത് കണ്ടു നില്‍ക്കാനാകില്ലെന്നായിരുന്നും ഇതിനിടയിലെ അവരുടെ പ്രസ്താവന. റഷ്യയില്‍ താമസിച്ചുവരുന്ന മരീനയുടെ മാതാവ് റഷ്യന്‍ സ്വദേശിയും പിതാവ് യുക്രൈനിയനുമാണ്.

ഭരണകൂടത്തിനെതിരെ ശബ്ദമുയര്‍ത്തിയ മരീനയെ അറസ്റ്റ് ചെയ്ത് മോസ്‌കോയിലെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയെന്ന് അഗോറ മനുഷ്യാവകാശ സംഘത്തിന്റെ മേധാവി പാവെല്‍ ഷിക്കോവ് അറിയിച്ചു. റഷ്യയിലെ പുതുക്കിയ മാധ്യമ ചട്ടങ്ങള്‍ അനുസരിച്ച് മരീനയ്ക്ക് 15 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം. മരീനയെ വിദേശ വനിതയെന്ന് വിശേഷിപ്പിച്ച ചാനല്‍ വണ്‍ സംഭവത്തെക്കുറിച്ച് ആഭ്യന്തര അന്വേഷണം നടത്തുമെന്നാണ് പ്രതികരിച്ചിരിക്കുന്നത്. റഷ്യയില്‍ യുദ്ധത്തിനെതിരേ പ്രതികരിക്കുകയോ പ്രതിഷേധിക്കുകയോ ചെയ്ത കുട്ടികളും മുതിര്‍ന്നവരും മാധ്യമപ്രവര്‍ത്തകരും അടക്കം 15,000ല്‍ അധികം പേരാണ് ഇതുവരെ അറസ്റ്റിലായത്.

STORY HIGHLIGHTS: News Editor with anti-war banner on Russian State TV Live

Next Story