Top

സ്ത്രീയെ ഇടിച്ചുകൊന്ന മുട്ടനാടിന് മൂന്ന് വർഷം തടവ്; വാർത്തകളിൽ ഇടം നേടി സുഡാനിലെ കോടതി വിധി

ദിവസങ്ങൾ നീണ്ട വിചാരണക്കൊടുവിലാണ് കോടതിയുടെ വിധി.

24 May 2022 3:47 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സ്ത്രീയെ ഇടിച്ചുകൊന്ന മുട്ടനാടിന് മൂന്ന് വർഷം തടവ്; വാർത്തകളിൽ ഇടം നേടി സുഡാനിലെ കോടതി വിധി
X

ഖാർതൂം: മുട്ടനാടിന് മൂന്ന് വർഷം തടവ് ശിക്ഷ നൽകി വിചിത്ര വിധിയുമായി സൗത്ത് സുഡാനിലെ കോടതി. സ്ത്രീയെ ഇടിച്ചുകൊന്ന കേസിലാണ് കോടതിയുടെ ഉത്തരവ്. മരിച്ച സ്ത്രീയുടെ കുടുംബത്തിന് ആടിന്റെ ഉടമ അഞ്ച് പശുക്കളെ നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ടു. ആദിയു ചാപ്പിങെന്ന 45 വയസ്സുകാരിയാണ് ആടിന്റെ ഇടിയേറ്റ് മരിച്ചത്.

ഈ മാസം ആദ്യം സൗത്ത് സുഡാനിലാണ് സംഭവം. സംഭവത്തിന് പിന്നാലെ റാംബെക് പൊലീസ് ആടിനെ കസ്റ്റഡിയിലെടുത്തിരുന്നു. വളർത്തുമൃഗം ആരെയെങ്കിലും കൊലപ്പെടുത്തിയാൽ ആക്രമണത്തിനിരയായ വ്യക്തിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന നിയമ വ്യവസ്ഥ സുഡാനിലെ ലേക്ക്‌സ് സംസ്ഥാനത്ത് നിലവിലുണ്ട്. ആട് സ്ത്രീയെ ആക്രമിക്കുകയും പലതവണ ഇടിക്കുകയും ചെയ്തുവെന്നും സുഡാൻ ടുഡെ ദിനപത്രം റിപ്പോർട്ട് ചെയ്തു.

ദിവസങ്ങൾ നീണ്ട വിചാരണക്കൊടുവിലാണ് കോടതിയുടെ വിധി. ആടിനെ ജയിലിൽ പാർപ്പിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ലേക്ക്‌സ് സംസ്ഥാനത്തെ അഡ്യൂവൽ കൗണ്ടി ആസ്ഥാനത്തുള്ള ഒരു സൈനിക ക്യാമ്പിലായിരിക്കും മുട്ടനാട് തടവുശിക്ഷ അനുഭവിക്കേണ്ടി വരിക.

STORY HIGHLIGHTS: in Sudan Sheep Sentenced to Three Year Jail for Killing a Women

Next Story