കോഴികൾ വികാരജീവികളാണ്, മുഖം നോക്കി തിരിച്ചറിയാം; കാരണമറിയാമോ?

സന്തോഷത്തോടെയിരിക്കുമ്പോൾ കോഴികളുടെ മുഖത്തിന് ഇളം പിങ്ക് നിറമായിരിക്കും. സങ്കടം,ഭയം, ഉത്സാഹം തുടങ്ങിയവ അനുഭവപ്പെടുമ്പോൾ ചുവപ്പിന്റെ വകഭേദങ്ങളാകും നിറമെന്നും പഠനറിപ്പോർട്ട്
കോഴികൾ വികാരജീവികളാണ്, മുഖം നോക്കി തിരിച്ചറിയാം; കാരണമറിയാമോ?

മനുഷ്യരെപ്പോലെ കോഴികളും വികാരജീവികളാണെന്ന് പഠനറിപ്പോർട്ട്. കോഴികളുടെ മുഖത്ത് നോക്കി അവയുടെ വികാരം എന്താണെന്ന് നമുക്ക് തിരിച്ചറിയാൻ സാധിക്കുമെന്നാണ് Applied Animal Behaviour Science ജേണലിൽ പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ടിൽ പറയുന്നത്.

ഭാവപ്രകടനമല്ല മുഖത്തിന്റെ നിറം മാറുന്നതാണ് കോഴികളുടെ വികാരത്തെക്കുറിച്ചറിയാൻ നമ്മളെ സഹായിക്കുകയെന്ന് പഠനറിപ്പോർട്ട് പറയുന്നു. സങ്കടപ്പെട്ടിരിക്കുമ്പോൾ അവയുടെ മുഖം കൂടുതൽ ചുവപ്പ് നിറത്തിൽ കാണപ്പെടും. അഗ്രികൾച്ചറൽ സയൻസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഐഎൻആർഎഇയിലെ ഗവേഷണ സംഘമാണ് കോഴികളുടെ വികാരപ്രകടനങ്ങൾ സംബന്ധിച്ച് പഠനം നടത്തിയിരിക്കുന്നത്. ഈ പഠനറിപ്പോർട്ടാണ് Applied Animal Behaviour Science ജേണലിൽ പ്രസിദ്ധീകരിച്ചത്. പല പക്ഷികളും മൃഗങ്ങളും ഇത്തരത്തിൽ വികാരങ്ങൾ പ്രകടിപ്പിക്കാറുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നെങ്കിലും ഇതാദ്യമായാണ് കോഴികളുടെ പെരുമാറ്റത്തിൽ പല സാഹചര്യങ്ങളിൽ ഉണ്ടാകുന്ന വ്യത്യാസം കൃത്യമായി കണ്ടെത്തുന്നത്.

സന്തോഷം, ഉത്സാഹം, സങ്കടം, ഭയം തുടങ്ങിയവയിലൂടെയെല്ലാം കോഴികളും കടന്നു പോകുന്നുണ്ട്. സന്തോഷത്തോടെയിരിക്കുമ്പോൾ കോഴികളുടെ മുഖത്തിന് ഇളം പിങ്ക് നിറമായിരിക്കും. സങ്കടം,ഭയം, ഉത്സാഹം തുടങ്ങിയവ അനുഭവപ്പെടുമ്പോൾ ചുവപ്പിന്റെ വകഭേദങ്ങളാകും നിറമെന്നും പഠനറിപ്പോർട്ട് പറയുന്നു.

മൂന്നു മുതൽ നാലുമാസംവരെ പ്രായമുള്ള സസ്സെക്സ് ഇനത്തിൽപ്പെട്ട കോഴികളിലാണ് പഠനം നടത്തിയത്. മൂന്നാഴ്ച്ചക്കാലം ഇവയെ പ്രത്യേക സ്ഥലത്ത് പാർപ്പിച്ചാണ് പെരുമാറ്റ രീതികൾ പഠനത്തിന് വിധേയമാക്കിയത്. ഓരോ അവസ്ഥയിലും കോഴികൾ എങ്ങനെ പ്രതികരിക്കുന്നുവെന്ന് അറിയാൻ വ്യത്യസ്ത സാഹചര്യങ്ങളിൽ കൂടി അവ കടന്നുപോകാനുള്ള അവസരവും ഒരുക്കിയിരുന്നു.

വിവിധ മനോവികാരങ്ങളിലൂടെ കടന്നു പോകുമ്പോൾ രക്തയോട്ടത്തിൽ ഉണ്ടാകുന്ന മാറ്റമാണ് മുഖത്തിലെ നിറം മാറ്റത്തിന് കാരണമെന്നാണ് ​ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ഭയമോ വിഷമമോ തോന്നുന്ന സാഹചര്യങ്ങളിൽ മുഖഭാഗത്തേക്കുള്ള രക്തയോട്ടം ക്രമാതീതമായി വർധിക്കും. എന്നാൽ ശാന്തമായിരിക്കുന്ന അവസരങ്ങളിൽ രക്തയോട്ടം സ്വാഭാവിക രീതിയിൽ തുടരുകയും ചെയ്യും. കോഴികളുടെ മുഖത്തിന് ചുറ്റുമുള്ള ചർമം ഏറെ മൃദുലമാണ്. അതുമൂലം രക്തയോട്ടത്തിലെ ഈ വ്യതിയാനം വളരെ വേഗത്തിൽ ദൃശ്യമാവുകയും ചെയ്യും. ഇങ്ങനെയാണ് നിറവ്യത്യാസം ഉണ്ടാകുന്നതെന്നും പഠനറിപ്പോർട്ടിലുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com