ഇസ്രായേൽ ഉടമസ്ഥതയിലുള്ള കപ്പലിന്റെ നിയന്ത്രണം ഏറ്റെടുത്തതായി അവകാശപ്പെട്ട് യെമനിലെ ഹൂതി സേന

തുർക്കിയിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രാമധ്യേ ഗ്യാലക്‌സി ലീഡർ എന്ന കപ്പലാണ് ഹൂതികൾ റാഞ്ചിയതെന്നാണ് റിപ്പോർട്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

സന: തെക്കൻ ചെങ്കടലിൽ ഇസ്രായേൽ ഉടമസ്ഥതയിലുള്ള കപ്പലിന്റെ നിയന്ത്രണം ഏറ്റെടുത്തതായി അവകാശപ്പെട്ട് യെമനിലെ ഹൂതി സേന. അന്താരാഷ്ട്ര സമുദ്ര സുരക്ഷയ്ക്ക് അനന്തരഫലങ്ങൾ ഉണ്ടാക്കുന്ന സംഭവത്തെ ഇറാൻ ഭീകരത എന്നാണ് ഇസ്രായേൽ വിശേഷിപ്പിച്ചത്. തുർക്കിയിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രാമധ്യേ ഗ്യാലക്‌സി ലീഡർ എന്ന കപ്പലാണ് ഹൂതികൾ റാഞ്ചിയതെന്നാണ് റിപ്പോർട്ട്. കപ്പലിൽ കുറഞ്ഞത് 22 പേരെങ്കിലും ഉണ്ടായിരുന്നതായും കപ്പൽ ഭാഗികമായി ഒരു ഇസ്രായേലി വ്യവസായിയുടെ ഉടമസ്ഥതയിലുള്ളതാണെന്നും റിപ്പോർട്ടുകളുണ്ട്. കപ്പൽ തട്ടിയെടുത്തതായി ഒരു ഹൂതി ഉദ്യോഗസ്ഥനിൽ നിന്ന് സ്ഥിരീകരണം ലഭിച്ചതായി ആൽജസീറ റിപ്പോർട്ട് ചെയ്തു. ഇസ്രായേൽ പതാക ഘടിപ്പിച്ച കപ്പലുകളെ ആക്രമിക്കുമെന്ന് ഹൂതികൾ പ്രഖ്യാപിച്ചിരുന്നു. അത്തരം കമ്പനികളിൽ ജോലി ചെയ്യരുതെന്ന് അന്താരാഷ്ട്ര നാവികർക്ക് ഹൂതികൾ മുന്നറിയിപ്പും നൽകി.

ഇസ്രായേലിൻ്റെ ഉടമസ്ഥതയിൽ ഉള്ളതോ അതിനെ പിന്തുണയ്ക്കുന്നവരുടെതോ ആയ കപ്പലുകൾ ഹൂതി സേനയുടെ നിയമപരമായ ലക്ഷ്യമായിരിക്കുമെന്ന മുന്നറിയിപ്പ് ഹൂതി വ്യക്താവ് നൽകിയതായാണ് റിപ്പോർട്ട്. ഗാസയിലും വെസ്റ്റ് ബാങ്കിലുമുള്ള തങ്ങളുടെ പലസ്തീനിയൻ സഹോദരങ്ങൾക്കെതിരായ ആക്രമണവും നികൃഷ്ടമായ കുറ്റകൃത്യങ്ങളും അവസാനിപ്പിക്കുന്നതുവരെ ഇസ്രായേലിനെതിരെ തങ്ങളുടെ സൈനിക പ്രവർത്തനങ്ങൾ തുടരുമെന്ന് ഹൂതി വ്യക്താവ് പറഞ്ഞതായാണ് റിപ്പോർട്ട്.

ഇതിനിടെ ഹൂതികൾ പിടിച്ചെടുത്ത കപ്പലിന്റെ ഉടമസ്ഥതയിലോ പ്രവർത്തനത്തിലോ അതിന്റെ അന്താരാഷ്‌ട്ര ജീവനക്കാരുടെ രൂപീകരണത്തിലോ ഇസ്രായേൽ ഉൾപ്പെട്ടിട്ടില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്. ആഗോള തലത്തിൽ വളരെ ഗുരുതരമായ സംഭവം എന്നാണ് കപ്പൽ പിടിച്ചെടുത്തതിനെ ഇസ്രായേൽ സർക്കാർ വിശേഷിപ്പിച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com