മടികൂടാതെ ഭാര്യമാരെ അഭിനന്ദിച്ചോളൂ; ഇന്ന് അതിനുള്ള ദിനമാണ്

സെപ്റ്റംബറിലെ മൂന്നാം ഞായറാഴ്ച മാത്രമായി ഈ ആചാരം ചുരുക്കാതെ ഇരിക്കുക എന്നതാണ് രണ്ട് കൂട്ടരും ശ്രദ്ധിക്കേണ്ടത്
മടികൂടാതെ ഭാര്യമാരെ അഭിനന്ദിച്ചോളൂ; ഇന്ന് അതിനുള്ള ദിനമാണ്

ഭാര്യമാർക്ക് ഏറെ പ്രാധാന്യം നൽകുന്നൊരു ദിവസമാണ് ഇന്ന്. സെപ്റ്റംബർ മാസത്തിലെ മൂന്നാം ഞായറാഴ്ച ഭാര്യമാരെ അഭിനന്ദിക്കാനുള്ള ദിനമായാണ് ആചരിക്കപ്പെടുന്നത്. കുഞ്ഞ് കുഞ്ഞ് സന്തോഷങ്ങളിലും ദുഖങ്ങളിലും ഒപ്പം നിൽക്കുന്ന പങ്കാളിയെ അനുമോദിക്കാൻ മറന്നു പോകുന്നവരാണോ നിങ്ങൾ? എങ്കിൽ തീർച്ചയായും ഇന്നത്തെ ദിവസം അതിന് വേണ്ടി ഉപയോഗപ്പെടുത്താം.

വിവാഹം കഴിഞ്ഞിട്ട് എത്ര വർഷമോ ആയിക്കൊള്ളട്ടെ. പരസ്പരം അംഗീകരിക്കുകയും അനുമോദിക്കുകയും ചെയ്യേണ്ടത് ഏതൊരു ബന്ധത്തിന്റെയും അനിവാര്യതയാണ്. അത്തരത്തിൽ ഭാര്യമാരെ അനുമോദിക്കാൻ മറന്ന് പോകുന്നവരെ അത് ഓർമ്മിപ്പിക്കുന്ന ദിനമാണ് സെപ്റ്റംബർ മാസത്തിലെ മൂന്നാം ഞായറാഴ്ച. 2006 മുതലാണ് ഇങ്ങനെയൊരു ദിവസം നിലവിൽ വന്നതെന്നാണ് കരുതപ്പെടുന്നത്. ആദ്യം അമേരിക്കയിൽ ഉടലെടുക്കുകയും പിന്നീട് ലോകത്തിന്റെ പല ഭാഗത്തേക്കും വ്യാപിക്കുകയും ചെയ്ത ദിനമെന്ന പ്രത്യേകതയും ഉണ്ട്.

അമേരിക്ക പോലെയുള്ള രാജ്യങ്ങളിൽ ഡൈവോഴ്സിനെതിരെ സംസാരിക്കുന്നവർ പലപ്പോഴും ഈ ദിവസത്തിന്റെ പ്രാധാന്യം ഊന്നി പറയാറുണ്ട്. സ്വന്തം പങ്കാളിയുടെ ഗുണങ്ങളെ അംഗീകരിക്കാനുള്ള മനസ്സ് കാണിക്കുമ്പോൾ തന്നെ ദമ്പതികൾക്കിടയിലെ പകുതി പ്രശ്നങ്ങളും മാറുമെന്നതാണ് ഇക്കൂട്ടരുടെ വാദം.

നിങ്ങളും ജീവിതത്തിൽ ഇതൊന്ന് പരിശീലിച്ചു നോക്കൂ. ഭാര്യ നല്ലൊരു വസ്ത്രം ധരിച്ചാലോ ആഹാരം പാചകം ചെയ്താലോ പ്രവർത്തന മേഖലയിൽ എന്തെങ്കിലും നേട്ടമുണ്ടാക്കിയാലോ ഒരു മടിയും കൂടാതെ അനുമോദിക്കുക. മൂടി വയ്ക്കുന്ന സ്നേഹമൊക്കെ പഴയ ട്രെൻഡ് ആയി എന്ന ബോധ്യം എല്ലാവർക്കും ഉണ്ടാകട്ടെ. ഭാര്യമാർക്ക് തിരിച്ചും ഇത് പരീക്ഷിക്കാവുന്നതാണ് കേട്ടോ. പക്ഷേ സെപ്റ്റംബറിലെ മൂന്നാം ഞായറാഴ്ച മാത്രമായി ഈ ആചാരം ചുരുക്കാതെ ഇരിക്കുക എന്നതാണ് രണ്ട് കൂട്ടരും ശ്രദ്ധിക്കേണ്ടത്. അങ്ങനെ സന്തോഷം നിറഞ്ഞ ഒരു ജീവിതം ലഭിക്കാൻ ഈ ദിനം മുന്നോട്ട് വയ്ക്കുന്ന ആശയം ഏവരേയും സഹായിക്കട്ടെ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com