റഷ്യന്‍ വിമാനത്താവളത്തില്‍ യുക്രെയ്‌ന്റെ ഡ്രോൺ ആക്രമണം; രണ്ട് വിമാനങ്ങൾ കത്തിനശിച്ചു

നാല് വിമാനങ്ങള്‍ തകര്‍ന്നതായും രണ്ട് വിമാനങ്ങള്‍ കത്തിനശിച്ചതായുമാണ് റിപ്പോര്‍ട്ട്
റഷ്യന്‍ വിമാനത്താവളത്തില്‍ യുക്രെയ്‌ന്റെ ഡ്രോൺ ആക്രമണം; രണ്ട് വിമാനങ്ങൾ കത്തിനശിച്ചു

റഷ്യയിലെ സ്‌കോഫ് വിമാനത്താവളത്തില്‍ കനത്ത ഡ്രോണ്‍ ആക്രമണം നടത്തി യുക്രെയ്ന്‍. നാല് വിമാനങ്ങള്‍ തകര്‍ന്നതായും രണ്ട് വിമാനങ്ങള്‍ കത്തിനശിച്ചതായുമാണ് റിപ്പോര്‍ട്ട്. ഉക്രെയ്നിന്റെ അതിർത്തിയിൽ നിന്ന് ഏകദേശം 800 കിലോമീറ്റർ അകലെയാണ് സ്കാഫ്. യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളായ ലാത്വിയയുടെയും എസ്തോണിയയുടെയും അതിർത്തിയോട് ചേർന്നാണ് സ്കോഫ്. ഇതിനിടെ റഷ്യയിലെ ബ്രയാൻസ്ക്, ടുല മേഖലകളിലും സ്ഫോടനങ്ങൾ നടന്നതായി അന്വേഷണാത്മക വാർത്താ ഏജൻസിയായ ബെല്ലിംഗ്കാറ്റ് റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ഇതിനിടെ ഡ്രോണ്‍ ആക്രമണത്തെ പ്രതിരോധിച്ചതായാണ് റഷ്യയുടെ അവകാശവാദം. ആക്രമണത്തില്‍ ആളപായമില്ലെന്നും റഷ്യ വ്യക്തമാക്കിയിട്ടുണ്ട്. തെക്കൻ മേഖലയായ ബ്രയാൻസ്കിൽ മൂന്ന് യുക്രെയ്ൻ ഡ്രോണുകളും മധ്യമേഖലയായ ഓറിയോളിൽ ഒരു ഡ്രോണും വീഴ്ത്തിയാതായി റഷ്യൻ സൈന്യം അവകാശപ്പെട്ടതായും അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

മോസ്കോ സമയം അർദ്ധരാത്രിയോടെ കരിങ്കടലിൽ നടത്തിയ ഓപ്പറേഷനിൽ 50 സൈനികരെ വരെ വഹിക്കാവുന്ന നാല് അതിവേഗ യുക്രെനിയൻ കപ്പലുകൾ നശിപ്പിച്ചതായി റഷ്യയുടെ സൈന്യം നേരത്തെ അവകാശപ്പെട്ടിരുന്നു. എന്നാൽ റഷ്യയുടെ ഈ അവകാശവാദത്തോട് യുക്രെയ്ൻ പ്രതികരിച്ചില്ല.

നേരത്തെ മെയ് അവസാനവും ഡ്രോണുകൾ സ്കോഫിനെ ലക്ഷ്യം വച്ചിരുന്നു. ഈ വേനൽക്കാലത്ത് റഷ്യയിലേക്ക് സംഘർഷം "തിരിച്ചുവിടുമെന്ന്" യുക്രെയ്ൻ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന് ശേഷം മോസ്കോയിലും മറ്റ് റഷ്യൻ പ്രദേശങ്ങളിലും യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com