
ഡൽഹി: ട്വീറ്റ്ഡെക്ക് ഇനി വെരിഫൈഡ് ഉപഭോക്താക്കൾക്ക് മാത്രമെന്ന് അറിയിച്ച് ട്വിറ്റർ. 30 ദിവസത്തിനുള്ളിൽ മാറ്റം പ്രാബല്യത്തിൽ വരുമെന്ന് കമ്പനി അറിയിച്ചു. ഇതുവരെ എല്ലാ ഉപഭോക്താക്കൾക്കും ട്വീറ്റ്ഡെക്ക് സൗജന്യമായിരുന്നു. പിന്തുടരുന്ന ആളുകളുടെ പോസ്റ്റുകൾ എളുപ്പത്തിൽ കാണാൻ ട്വീറ്റ്ഡെക്ക് സഹായിക്കുന്നു. ട്വിറ്ററിൻ്റെ ഈ സേവനം നിരവധി കമ്പനികളാണ് ഉപയോഗിച്ച് വരുന്നത്. ട്വീറ്റ്ഡെക്കിന് പണം ഈടാക്കാനുള്ള നീക്കം പരസ്യ വരുമാനം നിലനിർത്താൻ പാടുപെടുന്ന ട്വിറ്ററിന് സഹായമായേക്കും.
ശതകോടീശ്വരനായ ഇലോൺ മസ്ക് ഏറ്റെടുത്തതിന് ശേഷം ട്വിറ്ററിൽ വലിയ മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഒരു ദിവസം വായിക്കാവുന്ന ട്വീറ്റുകൾക്ക് പരിധി നിശ്ചയിച്ച മസ്കിൻ്റെ തീരുമാനം കഴിഞ്ഞ ദിവസം വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഉപഭോക്താക്കള്ക്ക് ഒരു ദിവസം വായിക്കാന് കഴിയുന്ന ട്വിറ്റര് പോസ്റ്റുകളുടെ എണ്ണത്തില് പരിധി നിശ്ചയിക്കുകയാണ് മസ്ക് ചെയ്തത്. വേരിഫൈഡ് അക്കൗണ്ടുകള്ക്ക് ഒരു ദിവസം 6,000 പോസ്റ്റുകള് വായിക്കുന്ന നിലയിലാണ് പുതിയ രീതി താൽക്കാലികമായി പരിമിതപ്പെടുത്തിയിരിക്കുന്നതെന്ന് മസ്ക് പറഞ്ഞു. വേരിഫൈഡ് അല്ലാത്ത അക്കൗണ്ടുകള്ക്ക് ഒരു ദിവസം 600, പുതിയ വെരിഫൈ ചെയ്യാത്ത അക്കൗണ്ടുകള്ക്ക് 300 എന്നിങ്ങനെയാണ് നിജപ്പെടുത്തിയിരിക്കുന്നത്.
അതേസമയം, വേരിഫൈഡ് അക്കൗണ്ടുകള്ക്ക് പ്രതിദിനം 8,000, വേരിഫൈഡ് അല്ലാത്ത അക്കൗണ്ടുകള്ക്ക് 800, പുതിയ വേരിഫൈഡ് അക്കൗണ്ടുകള്ക്ക് 400 എന്നിങ്ങനെ ഉടന് നിജപ്പെടുത്തുമെന്ന് മസ്ക് ട്വിറ്ററില് കുറിച്ചു. എന്നാല്, ഇത് എപ്പോള് നടപ്പില് വരുത്തുമെന്ന് മസ്ക് അറിയിച്ചിട്ടില്ല. ഉപഭോക്താക്കളെ വേർ തിരിച്ചു കാണുന്നു എന്ന വിമർശനമാണ് പ്രധാനമായും ഇതിൽ ഉയർന്നത്. ട്വിറ്ററിൻ്റെ പുതിയ തീരുമാനത്തിനെതിരെയും വിമർശനങ്ങൾ ഉയരാൻ സാധ്യതയുണ്ട്.
ഡിജിറ്റല് പരസ്യങ്ങള്ക്കപ്പുറം സോഷ്യല് മീഡിയ കമ്പനിയുടെ ബിസിനസ് പുനരുജ്ജീവിപ്പിക്കാന് വീഡിയോ, ക്രിയേറ്റര്, കൊമേഴ്സ് പങ്കാളിത്തം എന്നിവയില് ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള പദ്ധതികള് ട്വിറ്റര് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. മസ്ക് ഉടമസ്ഥതയേറ്റതിന് പിന്നാലെ ട്വിറ്റര് വിട്ടുപോയ പരസ്യദാതാക്കളെ തിരിച്ചുപിടിക്കാനും ട്വിറ്റര് ബ്ലൂ ടിക് പ്രോഗ്രാമിന്റെ ഭാഗമായി സബ്സ്ക്രിപ്ഷന് വരുമാനം വര്ദ്ധിപ്പിക്കാനും സോഷ്യല് മീഡിയ പ്ലാറ്റ്ഫോം മുമ്പ് നിരവധി നടപടികള് സ്വീകരിച്ചിരുന്നു. ഒക്ടോബറില് മസ്ക് സിഇഒ ആയി ചുമതലയേറ്റ ശേഷം ട്വിറ്റര് നിരവധി മാറ്റങ്ങള്ക്ക് വിധേയമായിട്ടുണ്ട്. കാര്യമായ പരസ്യദാതാക്കളെ നഷ്ടപ്പെട്ടതിന് ശേഷം, ട്വിറ്റര് പുതിയ സബ്സ്ക്രിപ്ഷന് ഫീച്ചറുകള് അവതരിപ്പിച്ചിരുന്നു.