ലോക്‌സഭയിലേക്കുള്ള പോരാട്ടം; ശൈലജക്കും ഐസക്കിനും രാധാകൃഷ്ണനും വലിയ നഷ്ടം മറ്റൊന്നാണ്

ലോക്‌സഭയിലേക്കുള്ള പോരാട്ടം; ശൈലജക്കും ഐസക്കിനും രാധാകൃഷ്ണനും വലിയ നഷ്ടം മറ്റൊന്നാണ്

പിണറായിക്ക് ശേഷം മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാനുള്ള രാഷ്ട്രീയ പാരമ്പര്യവും സീനിയേറിറ്റിയുമുള്ള മൂന്ന് പേരെയാണ് പാര്‍ട്ടി ലോക്സഭ മത്സരത്തിന് ഇറക്കിയത്

ഇക്കുറി ലോക്സഭ തിരഞ്ഞെടുപ്പില്‍ സിപിഐഎമ്മിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്. 2019ലെ തിരഞ്ഞെടുപ്പിന് സമാനമായി 19 മണ്ഡലത്തിലും മൃഗീയ ഭൂരിപക്ഷത്തിന്റെ വ്യത്യാസത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ ഇത്തവണയും പരാജയം ഏറ്റുവാങ്ങിയത്. ഇതില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും കേന്ദ്ര കമ്മിറ്റി അംഗങ്ങളുമായ തോമസ് ഐസക്, കെ കെ ശൈലജ എന്നിവരും പെടും. ആലത്തൂരില്‍ മത്സരിച്ച പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം മന്ത്രി കെ രാധാകൃഷ്ണന്റെ വിജയം മാത്രമാണ് പാര്‍ട്ടിക്ക് ഏക ആശ്വാസം. പിണറായി വിജയന് ശേഷം അടുത്ത മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാനുള്ള രാഷ്ട്രീയ പാരമ്പര്യവും സീനിയേറിറ്റിയുമുള്ള മൂന്ന് പേരെയാണ് പാര്‍ട്ടി ലോക്സഭയിലേക്ക് മത്സരിക്കാന്‍ ഈ തിരഞ്ഞെടുപ്പില്‍ ഇറക്കിയത്. ഓരോ തിരഞ്ഞെടുപ്പിലെയും ജയപരാജയങ്ങള്‍ പാര്‍ട്ടിയില്‍ അയാളുടെ ഭാവികൂടി നിര്‍ണയിക്കുന്ന ഒന്നാണ്. അതിനാല്‍ ഈ മൂന്നുപേരുടെയും ലോക്‌സഭയിലെ പ്രകടനം വരും നാളുകളില്‍ ഇവരുടെ പാര്‍ലമെന്ററി രാഷ്ട്രീയ ഭാവി നിര്‍ണ്ണയിക്കുന്ന ഘടകമാവുമെന്നതില്‍ സംശയമില്ല.

സിപിഐഎമ്മിന്റെ കേരളത്തിലെ ഏറ്റവും സ്വീകാര്യതയുള്ള ജനകീയ മുഖം എന്ന വിശേഷണത്തോടെയാണ് കെ കെ ശൈലജ വടകരയില്‍ മത്സരിക്കാനെത്തിയത്. ആദ്യ പിണറായി മന്ത്രിസഭയില്‍ പൊതുസമൂഹത്തിനിടയില്‍ ഏറ്റവും പ്രതിച്ഛായയും സ്വീകാര്യതയുമുണ്ടായിരുന്ന മന്ത്രിമാരുടെ പട്ടികയില്‍ മുന്‍പന്തിയിലായിരുന്നു അവര്‍. കോവിഡ്-നിപ്പ പ്രതിരോധത്തിന് ശക്തമായ നേതൃത്വം നല്‍കിയതിലൂടെ അവര്‍ കൈവരിച്ച പ്രതിച്ഛായതന്നെയായിരുന്നു ആ സ്വീകര്യതക്ക് കാരണം. അതിനാല്‍ അവര്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാകണമെന്നായിരുന്നു പൊതുസമൂഹത്തിന്റെ ആഗ്രഹം.

എന്നാല്‍, വടകരയില്‍ കനത്ത പരാജയമായിരുന്നു ശൈലജ ഏറ്റുവാങ്ങിയത്. കഴിഞ്ഞ തവണ വടകര മണ്ഡലത്തില്‍ പി ജയരാജന്റെ പരാജയം പാര്‍ട്ടിയെ ഞെട്ടിച്ചിരുന്നു. 84,663 വോട്ടിന്റെ ഭൂരിപക്ഷത്തിന് അവസാന നിമിഷം സ്ഥാനാര്‍ത്ഥിയായി എത്തിയ കെ മുരളീധരന്‍ ജയരാജനെ പരാജയപ്പെടുത്തി. 2014ല്‍ 3,306 വോട്ടിന് മാത്രം ഷംസീര്‍ പരാജയപ്പെട്ട വടകരയില്‍ ജയരാജന്റെ കനത്ത പരാജയം സിപിഐഎം കേന്ദ്രങ്ങളെയും ഞെട്ടിച്ചിരുന്നു. പിന്നീട് പാര്‍ട്ടി പദവികളില്‍ നിന്നും പി ജയരാജന്‍ തഴയപ്പെടുന്ന കാഴ്ചയാണ് കണ്ടത്. എന്നാല്‍ ഇക്കുറി ജയരാജന് സംഭവിച്ചതിനേക്കാള്‍ ദയനീയ തോല്‍വിയാണ് ശൈലജക്ക് സംഭവിച്ചത്. 114506 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ശൈലജയുടെ ഇത്തവണത്തെ തോല്‍വി. വടകരയിലെ തോല്‍വി ടീച്ചറുടെ ജനകീയതയ്ക്ക് പാര്‍ട്ടിക്കുള്ളിലും പുറത്തും കോട്ടമുണ്ടാക്കാന്‍ സാധ്യതയേറെയാണ്. അവരുടെ ജനസമ്മതിയും ചോദ്യം ചെയ്യപ്പെടും. പി ജയരാജന്റെ അനുഭവം മുന്നില്‍ നില്‍ക്കുമ്പോഴാണ് വടകരയില്‍ കെ കെ ശൈലജയുടെ പരാജയവും. സിപിഐഎമ്മിന്റെ ശക്തി കേന്ദ്രമായ തലശ്ശേരിയില്‍ നിന്നുപോലും പ്രതീക്ഷിച്ച ഭൂരിപക്ഷം ശൈലജക്ക് ലഭിച്ചിട്ടില്ല. അതിനാല്‍ ഇതുവരെ ടീച്ചര്‍ക്കുണ്ടാായ വ്യക്തി പ്രഭാവത്തിന് മങ്ങലേല്‍ക്കുന്ന സാഹചര്യവും സംജാതമാകും എന്നതില്‍ സംശയമില്ല. ഇതോടെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ടീച്ചറെ പരിഗണിക്കാനുള്ള സാധ്യതയും കുറവായിരിക്കും.

ദേവസ്വം മന്ത്രി എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന ഘട്ടത്തിലാണ് രാധാകൃഷ്ണനെ ആലത്തൂരില്‍ മത്സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിക്കുന്നത്. പിണറായിക്ക് ശേഷം അടുത്ത മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാന്‍ എന്തുകൊണ്ടും മികച്ച പ്രവര്‍ത്തനമായിരുന്നു മന്ത്രിസഭയില്‍ അദ്ദേഹത്തിന്‍റേത്. കൂടാതെ മണ്ഡലത്തിലും പുറത്തും ജനപ്രീയന്‍. എന്നാല്‍, ലോക്സഭാ അംഗമായി തിരഞ്ഞെടുക്കപ്പെട്ടതോടെ അദ്ദേഹത്തിന് മന്ത്രിസഭയില്‍ നിന്ന് തന്നെ മാറി നില്‍ക്കേണ്ട സാഹചര്യമായിരിക്കും. ഇതോടെ അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അദ്ദേഹത്തെ പരിഗണിക്കാനുള്ള സാധ്യതയും അടഞ്ഞിരിക്കുകയാണ്.

രണ്ട് തവണ കേരളത്തിന്റെ ധനകാര്യ വകുപ്പ് കൈാര്യം ചെയ്ത മന്ത്രിയാണ് തോമസ് ഐസക്. മുതിര്‍ന്ന നേതാവായ അദ്ദേഹത്തെ പത്തനംതിട്ടയില്‍ ആന്‍റോ ആന്റണിക്കെതിരെയായിരുന്നു ലോക്സഭയില്‍ മത്സരിപ്പിച്ചത്. ത്രികോണ മത്സരം പ്രവചിച്ചിരുന്ന മണ്ഡലത്തില്‍ എന്നാല്‍, കാര്യമായ ചലനമുണ്ടാക്കാന്‍ തോമസ് ഐസകിന് സാധിച്ചിട്ടില്ല. നാലാം തവണയുള്ള വിജയത്തോടൊപ്പം കഴിഞ്ഞ തവണത്തെക്കാള്‍ ഭൂരിപക്ഷം മെച്ചപ്പെടുത്താനും ആന്റോയ്ക്ക് സാധിച്ചു. 66,131 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് ആന്റോ ആന്റണി പത്തനംതിട്ട പിടിച്ചടക്കിയത്. 2024 ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ക്കേ കണ്ണുകളൊക്കെയും പത്തനംതിട്ടയില്‍ പതിഞ്ഞിരുന്നു. പക്ഷേ ഏവരും ഉറ്റുനോക്കിയിരുന്ന വാശിയേറിയ പോരാട്ടം നടന്നില്ല എന്നുമാത്രം. തിരഞ്ഞെടുപ്പിന്റെ പ്രചാരണം തൊട്ട് വോട്ടെണ്ണലില്‍ വരെ മണ്ഡലത്തില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ സാധിക്കാത്തതും ഐസകിനെതിരെ പാര്‍ട്ടിക്കകത്ത് വിമര്‍ശനമുയരാന്‍ സാധ്യതയുണ്ട്. അതിനാല്‍ അടുത്ത മുഖ്യമന്ത്രിയെന്ന പരിഗണന പട്ടികയില്‍ ഐസകിന് സ്ഥാനം പിടിക്കാനുള്ള സാധ്യതയും വിദൂരമാണ്.

ഒരു തരത്തില്‍ പറഞ്ഞാല്‍ പാര്‍ട്ടിയില്‍ തലമുതിര്‍ന്ന മൂവരേയും പാര്‍ട്ടി ലോക്സഭയില്‍ മത്സരിപ്പിക്കാന്‍ തീരുമാനിച്ചതോടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാനുള്ള സാധ്യതക്കാണ് മങ്ങലേല്‍പ്പിച്ചിരിക്കുന്നത്. ഇവര്‍ക്കുപകരം അത്രത്തോളം പൊതുജന സ്വീകാര്യതയോ അനുഭവ പരിചയമോ ഇല്ലാത്തവരെ ആ സ്ഥാനത്തേക്ക് പരിഗണിക്കുന്നത് എത്രത്തോളം പാര്‍ട്ടിക്ക് ഗുണകാരമാകുമെന്ന് ഇനി കണ്ടറിയേണ്ടിവരും.

ലോക്‌സഭയിലേക്കുള്ള പോരാട്ടം; ശൈലജക്കും ഐസക്കിനും രാധാകൃഷ്ണനും വലിയ നഷ്ടം മറ്റൊന്നാണ്
സിപിഐഎമ്മിന്റെ മലബാര്‍ ടാര്‍ഗറ്റ് പാളിയതെങ്ങിനെ?
logo
Reporter Live
www.reporterlive.com