കൈവെട്ടിയത് അക്രമികള്‍, ജീവിതം വെട്ടിമാറ്റി സഭയും സര്‍ക്കാരും സമൂഹവും; ടി ജെ ജോസഫിന് നല്‍കിയ വിധി

മതനിന്ദ എന്ന കുറ്റം ചുമത്തി ടി ജെ ജോസഫിന്റെ കൈവെട്ട് എന്ന ശിക്ഷ നടപ്പാക്കിയപ്പോള്‍ അദ്ദേഹത്തിന് നഷ്ടപ്പെട്ടത് കൈ മാത്രമായിരുന്നില്ല. അതിനു ശേഷം പിന്നെയൊരിക്കലും തിരിച്ചു പിടിക്കാനാവാത്ത വിധം സ്വന്തം ജീവിതം കൂടിയായിരുന്നു, ജീവിതപങ്കാളി സലോമിയുടെ ജീവന്‍ കൂടിയായിരുന്നു.
ടി ജെ ജോസഫ്
ടി ജെ ജോസഫ്

2010 മാര്‍ച്ച് 23ന് തൊടുപുഴ ന്യൂമാന്‍ കോളജിലെ രണ്ടാം സെമസ്റ്റര്‍ ബികോം മലയാളം ഇന്റേണല്‍ പരീക്ഷയുടെ ചോദ്യപേപ്പറില്‍ മതനിന്ദയുണ്ടെന്നാരോപിച്ച് ഏതാനും പേര്‍ രംഗത്ത് വരുന്നു. ഇത് വലിയ രീതിയില്‍ വിവാദമായി മാറുന്നു. മൂന്ന് മാസങ്ങള്‍ക്ക് ശേഷം ജൂലൈ നാലിന് ചോദ്യപേപ്പര്‍ തയ്യാറാക്കിയ അധ്യാപകന്‍ പ്രൊഫസര്‍ ടിജെ ജോസഫിന്റെ കൈ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ വെട്ടി മാറ്റുന്നു. പതിമൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം കേസില്‍ വിചാരണ അവസാനിച്ച് വിധി വരുന്നു. പ്രധാന പ്രതികള്‍ക്ക് ജീവപര്യന്തം ഉള്‍പ്പെടെയാണ് ശിക്ഷ. വിധി വരുന്നതിന് മുന്‍പ് ടി ജെ ജോസഫ് റിപ്പോര്‍ട്ടര്‍ ടി വിയോട് ഇങ്ങനെ പ്രതികരിച്ചു.

'എനിക്ക് പ്രതികളോട് പകയില്ല. അവരോട് എനിക്ക് സഹതാപം മാത്രമാണ് ഉള്ളത്. സുരഭിലമായ ജീവിതമാണ് അവര്‍ ആക്രമണത്തില്‍ ഏര്‍പ്പെട്ട് നശിപ്പിച്ച് കളഞ്ഞത്. പ്രതികളുടെ വിലങ്ങിട്ട കൈകളില്‍ തൂങ്ങി അവരുടെ കുഞ്ഞുമക്കള്‍ കോടതി വരാന്തയിലൂടെ നടക്കുന്നത് കണ്ടപ്പോള്‍ എനിക്കേറെ വിഷമം തോന്നിയിട്ടുണ്ട്. ആ കുടുംബാംഗങ്ങളെ കുറിച്ചുള്ള കരുതല്‍ എനിക്കെന്നുമുണ്ട്. എനിക്കുണ്ടാവുന്ന വൈകാരിക വിചാരം കോടതിക്കുണ്ടാവണമെന്നില്ല. ഈ മതാന്ധതയൊക്കെ ഉപേക്ഷിച്ച് നല്ല മനുഷ്യരായി ജീവിക്കാന്‍ അവര്‍ക്ക് കഴിയട്ടെ എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്'.

ഇത്തരമൊരു അഭിപ്രായത്തിലേയ്ക്ക് ജീവിതാനുഭവങ്ങള്‍ അദ്ദേഹത്തെ പരുവപ്പെടുത്തുകയായിരുന്നിരിക്കണം. ഇന്റേണല്‍ പരീക്ഷയ്ക്ക് തയ്യാറാക്കിയ ചോദ്യപേപ്പറില്‍ നിന്ന് ഒരു വിഭാഗം 'മതനിന്ദ' എന്ന കുറ്റം ചുമത്തി ടി ജെ ജോസഫിന്റെ കൈവെട്ട് എന്ന ശിക്ഷ നടപ്പാക്കിയപ്പോള്‍ അദ്ദേഹത്തിന് നഷ്ടപ്പെട്ടത് കൈ മാത്രമായിരുന്നില്ല. അതിനു ശേഷം പിന്നെയൊരിക്കലും തിരിച്ചു പിടിക്കാനാവാത്ത വിധം സ്വന്തം ജീവിതം കൂടിയായിരുന്നു, ജീവിതപങ്കാളി സലോമിയുടെ ജീവന്‍ കൂടിയായിരുന്നു.

അതുവരെയുള്ള ജീവിതം ദിവസങ്ങള്‍കൊണ്ട് മാറിമറിഞ്ഞു. അതുവരെ പഠിപ്പിച്ചുകൊണ്ടിരുന്ന കോളേജ് നിര്‍ദ്ദാക്ഷിണ്യം അദ്ദേഹത്തെ കൈവെടിഞ്ഞു. വിശ്വസിച്ചിരുന്ന സമുദായം ഒറ്റപ്പെടുത്തി. കുടുംബത്തിന്റെ വരുമാനം നിലച്ചു. പൊലീസ് കാവലിലുള്ള ജീവിതം. ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും ദിനങ്ങളെ ആ കുടുംബം ഒന്നിച്ച് അതിജീവിച്ചു. റിട്ടയര്‍മെന്റിന് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ജോലിയില്‍ തിരിച്ചുകയറാനാവും എന്ന പ്രതീക്ഷ അവര്‍ക്കു നല്‍കിയ ആശ്വാസം ചെറുതല്ലായിരുന്നു. അറ്റുപോകാത്ത ഓര്‍മകള്‍ എന്ന ആത്മകഥയില്‍ ടി ജെ ജോസഫ് ഇങ്ങനെ എഴുതി.

'ജോലിയില്‍ തിരിച്ചെടുക്കില്ലെന്ന് ഉറപ്പായതോടെ തകര്‍ന്നുവീണത് ഞാനും സലോമിയും രണ്ടുമൂന്നു മാസക്കാലമായി പടുത്തുയര്‍ത്തിയ മനക്കോട്ടകളാണ്. ജോലിയില്‍ തിരികെ പ്രവേശിച്ചാല്‍ കിട്ടുമായിരുന്നത് മാസം തോറുമുള്ള ശമ്പളമായിരുന്നില്ല. മാനേജര്‍ പറഞ്ഞിരുന്നതുപോലെ മാര്‍ച്ച് അവസാനം എന്നെ തിരിച്ചെടുത്താല്‍ ആ മാസംതന്നെ 31-ന് റിട്ടയര്‍ ചെയ്യും. അപ്പോള്‍ ലഭ്യമാകുന്നത് പിരിച്ചുവിട്ടപ്പോള്‍ മുതലുള്ള ശമ്പള കുടിശ്ശികയും റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ അപ്പാടെയുമാണ്. എല്ലാം കൂടിയാകുമ്പോള്‍ നല്ലൊരു തുക വരും.

പണയപ്പെടുത്തിയ ആഭരണങ്ങള്‍ തിരിച്ചെടുക്കണം; മക്കള്‍ രണ്ടാളുടെയും വിദ്യാഭ്യാസ വായ്പ മുഴുവനായി അടച്ചുതീര്‍ക്കണം; കേടായിരുന്ന വാഷിങ് മെഷീന്‍, ഫ്രിഡ്ജ് മുതലായവ മാറ്റി പുതിയതു വാങ്ങണം; വീട് പെയിന്റ് ചെയ്ത് വൃത്തിയാക്കുക മാത്രമല്ല, രണ്ടു കിടപ്പുമുറികള്‍ കൂടി ഉള്‍പ്പെടുത്തി മുകള്‍നില പണിയണം; ആമിയുടെ കല്യാണം നടത്തണം. ഇങ്ങനെയൊക്കെയാണ് കിട്ടാന്‍പോകുന്ന പണം വക കൊള്ളിച്ചിരുന്നത്.

നാലുവര്‍ഷക്കാലം വാടിനിന്നിട്ട് വീണ്ടും തളിരണിഞ്ഞ ആശാസങ്കല്പങ്ങളെ ഇടിത്തീ എന്നവണ്ണമാണ് കോളജ് മാനേജ്‌മെന്റിന്റെ വഞ്ചന കരിച്ചുകളഞ്ഞത്. ഇത്രയുംകാലം അചഞ്ചലയായി നിന്ന സലോമിക്ക് അതുകൂടി താങ്ങാന്‍ കെല്‍പുണ്ടായിരുന്നില്ല.'

മകളുടെ വിവാഹ കാര്യത്തിലെ ഉല്‍കണ്ഠ സലോമിയെ കാര്യമായി ബാധിച്ചു. പി എഫ് ഫണ്ട് ക്ലോസ് ചെയ്തു കിട്ടുന്ന പണം കൊണ്ട് പ്രശ്‌നങ്ങളൊക്കെ പരിഹരിക്കാം എന്ന ജോസഫ് മാഷിന്റെ ആശ്വാസ വാക്കുകള്‍ വിശ്വസിക്കാനാവാത്ത വിധമായിരുന്നു സലോമിയെ സംബന്ധിച്ചിടത്തോളം മുന്‍ അനുഭവങ്ങള്‍. 2014 മാര്‍ച്ചില്‍ റിട്ടയര്‍ ചെയ്യുന്നവരോടൊപ്പം 2013 ആഗസ്റ്റ് മാസത്തില്‍ പി എഫ് ക്ലോസ് ചെയ്യാനുള്ള അപേക്ഷ കൊടുത്തിരുന്നെങ്കിലും പ്രിന്‍സിപ്പല്‍ വേണ്ട നടപടികള്‍ അന്ന് സ്വീകരിച്ചിരുന്നില്ല എന്നു പറയുന്നു ടി ജെ ജോസഫ്. തുടര്‍ച്ചയായി നേരിടേണ്ടി വന്ന നീതി കേടുകള്‍ സലോമിയുടെ ജീവനെടുക്കുകയായിരുന്നു.

ടി ജെ ജോസഫിന്റെ തന്നെ വാക്കുകള്‍ -

'അജ്ഞാതരായ രണ്ടുപേര്‍ക്ക് അവളുടെ കാഴ്ച പകുത്തു നല്കിയിട്ട് ഇരുപത്തിയെട്ടുകൊല്ലം മുമ്പ് ഞാന്‍ അണിയിച്ച മന്ത്രകോടി പുതച്ചുകൊണ്ട് ഏകദേശം അഞ്ചുമണിയോടെ അവള്‍ വീണ്ടും വീട്ടിലെത്തി. വീടിനുള്ളില്‍ ആളുകള്‍ തിങ്ങിനിറഞ്ഞിരുന്നതിനാല്‍ ഒരു ബാത്റൂമില്‍ കൊണ്ടുപോയി എന്റെ കൗമാരകാല സുഹൃത്തായിരുന്ന പതിപ്പള്ളില്‍ റ്റോമി, പള്ളിയില്‍ പോകാനുള്ള വസ്ത്രം എന്നെ ധരിപ്പിച്ചു. പണ്ട് എന്റെ വിവാഹവസ്ത്രം വാളിപ്ലാക്കല്‍ റെജി എന്ന അയല്‍ക്കാരന്‍ ഉടുപ്പിച്ചത് ഞാനപ്പോള്‍ ഓര്‍ത്തു. ആകാശത്ത് കരിമേഘങ്ങള്‍ വന്ന് കിടുകിടുത്തെങ്കിലും മഴ പൊടിഞ്ഞില്ല. അന്ത്യചുംബനം നല്‍കി ഞാനും മക്കളും അവളെ യാത്രയാക്കി. ആയിരക്കണക്കിനാളുകള്‍ അതിനു സാക്ഷികളായി. പള്ളിയില്‍ വെച്ച് കൈപിടിച്ച് കൂടെക്കൂട്ടിയ അവളെ പള്ളിസെമിത്തേരിയിലെ കല്ലറയില്‍ അടക്കം ചെയ്തു മടങ്ങുമ്പോള്‍ എന്റെ മനസ്സെന്നപോലെ വാനവും ഘനപ്പെട്ടു നിന്നു.'

ആക്രമിച്ചവരേക്കാള്‍ തന്നെ വേദനിപ്പിച്ചത് ജോലിയില്‍ നിന്ന് പിരിച്ചു വിട്ടവരാണെന്ന് പറയുന്നുണ്ട് ടി ജെ ജോസഫ്. 'കേസില്‍ സാക്ഷി പറയുക മാത്രമായിരുന്നു തന്റെ ജോലി. സര്‍ക്കാര്‍ പണ്ടേ നഷ്ടപരിഹാരം നല്‍കേണ്ടതായിരുന്നു. ഒരു പൗരനെന്ന നിലയില്‍ എന്നെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനാണ്. പൊലീസില്‍ രേഖാമൂലം പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ല.' വിധിയ്ക്കു ശേഷം ടി ജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

വിധിയിലോ ശിക്ഷയിലോ നീതി സാധ്യമാകുന്നതിനുമപ്പുറമായിരുന്നു ടി ജെ ജോസഫ് എന്ന മനുഷ്യന്‍ നേരിട്ട നീതി കേടുകള്‍. പോപ്പുലര്‍ ഫ്രണ്ട്, സഭ, ഗവണ്‍മെന്റ് തുടങ്ങി നമ്മുടെ സമൂഹം വരെ നീളുന്നു ഇവിടെ പ്രതി പട്ടിക...

Related Stories

No stories found.
logo
Reporter Live
www.reporterlive.com