
തൊടുപുഴ: പൊലീസ് പിന്തുടർന്നതിന് പിന്നാലെ കാറിൽ മക്കളെ പൂട്ടിയിട്ട ശേഷം മോഷണക്കേസ് പ്രതി രക്ഷപ്പെട്ടു. നിരവധി മോഷണക്കേസുകളിൽ പ്രതിയായ കരിങ്കുന്നം സ്വദേശി ശ്രീജിത്താണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. വെള്ളിയാഴ്ചയായിരുന്നു സംഭവം.
റോഡിലെ കമ്പികളും പൈപ്പുകളും മോഷ്ടിച്ച് കടത്തുന്നതുമായി ബന്ധപ്പെട്ട് കോഴിക്കോട്, കരിങ്കുന്നം സ്റ്റേഷനുകളിലടക്കം കേസുകളുള്ള ശ്രീജിത്തിനെതിരെ വാറന്റ് ഇറങ്ങിയിട്ട് വർഷങ്ങളായി. എന്നാൽ ഇയാൾ പൊലീസിനെ വെട്ടിച്ച് മുങ്ങി നടക്കുകയായിരുന്നു. ഇതിനിടെയാണ് ഇയാൾ അറക്കുളം ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചത്. പിന്നാലെയാണ് വെള്ളിയാഴ്ച ഇയാളെ തേടി പൊലീസ് എത്തിയത്. പൊലീസ് ജീപ്പ് കണ്ടതോടെ ഇയാൾ കാറുമായി മുന്നോട്ടുപോയി. വഴി അവസാനിച്ചതോടെ കാറിലുണ്ടായിരുന്ന മക്കളെ അതിനകത്തിട്ട് പൂട്ടിയ ശേഷം ഇയാൾ താക്കോലുമായി ഓടിരക്ഷപ്പെടുകയായിരുന്നു.
കാറിലിരുന്ന് നിലവിളിക്കുകയായിരുന്ന കുട്ടികളെ ഡ്യൂപ്ലിക്കേറ്റ് താക്കോലെത്തിച്ചാണ് പൊലീസ് പുറത്തെത്തിച്ചത്. വാഹന നമ്പർ വെച്ച് ശ്രീജിത്തിന്റെ ഭാര്യയുടെ പേരും ഫോൺ നമ്പറും കിട്ടിയിരുന്നു. ഇതുവെച്ചാണ് ഡ്യൂപ്ലിക്കേറ്റ് കീ എത്തിച്ചത്.
Content Highlights: Theft suspect escapes after locking children in car as police pursue him