

കൊച്ചി: സലിം കുമാറിൻ്റെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും. കഴിവുകൊണ്ടും അവിസ്മരണീയ പ്രകടനം കൊണ്ടും അടയാളപ്പെടുത്തിയ വ്യക്തിയാണ് സലിം കുമാറെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു. കുടുംബത്തിൻറെ ദുഖത്തിൽ പങ്കുചേരുന്നു എന്നും മോദി അനുശോചന കുറിപ്പിൽ അറിയിച്ചു.
സലിം കുമാറിൻ്റെ വിയോഗം ഇന്ത്യൻ സിനിമയ്ക്ക് നികത്താനാവാത്ത നഷ്ടമാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അനുശോചിച്ചു. അദ്ദേഹത്തിൻ്റെ കുടുംബത്തിൻ്റെയും സുഹൃത്തുക്കളുടെയും ദുഖത്തിൽ പങ്ക് ചേരുന്നുവെന്നും രാഹുൽ ഗാന്ധി അനുശോചനക്കുറിപ്പിൽ അറിയിച്ചു. മലയാള ചലച്ചിത്ര മേഖലയിലെ ഒരു അതികായനായിരുന്നു സലിം കുമാറെന്നും ലക്ഷക്കണക്കിന് ആളുകളെ ചിരിപ്പിക്കുകയും സ്പർശിക്കുകയും ചെയ്ത ദേശീയ അവാർഡ് ജേതാവാണെന്നും രാഹുൽ ഗാന്ധി അനുസ്മരിച്ചു.
ഇന്നലെ അന്തരിച്ച നടൻ സലിം കുമാറിന് നാട് വിട നൽകി. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതിയോടെയായിരുന്നു സംസ്‌കാരം. പറവൂരിലെ വീട്ടുവളപ്പിൽ ഉച്ചയ്ക്ക് 3.30ഓടെയായിരുന്നു സംസ്‌കാര ചടങ്ങുകൾ. മരിക്കുമ്പോൾ മതപരമായ ചടങ്ങുകൾ ഒഴിവാക്കി സംസ്‌കരിക്കണമെന്ന് സലിം കുമാർ മുൻപ് കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നു. വീട്ടുവളപ്പിൽ സംസ്‌കരിക്കണമെന്ന ആഗ്രഹവും കുടുംബാംഗങ്ങളോട് പങ്കുവെച്ചിരുന്നു. ഇതനുസരിച്ചാണ് സംസ്‌കാര ചടങ്ങുകൾ ക്രമീകരിച്ചത്. സലിം കുമാറിനെ അവസാനമായി ഒരു നോക്ക് കാണാൻ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. രാവിലെ എട്ട് മണിയോടെയായിരുന്നു കൊച്ചി അമൃത ആശുപത്രിയിൽ നിന്നും നടന്റെ മൃതദേഹം പറവൂരിലെ ടൗൺഹാളിലേക്ക് പൊതുദർശനത്തിന് എത്തിച്ചത്. സിനിമാ-രാഷ്ട്രീയ-സാംസ്‌കാരിക മേഖലകളിലെ നിരവധിപേർ സലിംകുമാറിന് അന്തിമോപചാരമർപ്പിക്കാനെത്തി. ശേഷം അവസാനമായി സ്വവസതിയായ ലാഫിങ് വില്ലയിലേക്ക്. വീട്ടിലും നിരവധി പേരാണ് തങ്ങളുടെ പ്രിയ താരത്തെ കണ്ടുമടങ്ങിയത്.
ഇന്നലെ രാത്രി 10.43ഓടെ അമൃത ആശുപത്രിയിൽവെച്ചായിരുന്നു സലിം കുമാറിന്റെ അന്ത്യം. ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ന്യുമോണിയ ബാധിച്ച് ചികിത്സയിലിരിക്കെ പെട്ടെന്ന് ഉണ്ടായ ഹൃദയാഘാതമാണ് മരണ കാരണം.
മലയാള സിനിമയിൽ ഹാസ്യവേഷങ്ങളിൽ തിളങ്ങിയ സലിം കുമാർ സ്വഭാവ വേഷങ്ങളിലും തന്മയത്വത്തോടെയുള്ള അഭിനയ മികവ് തെളിയിച്ചിരുന്നു. 1996-ൽ 'ഇഷ്ടമാണ് നൂറുവട്ടം' എന്ന സിനിമയിലൂടെയായിരുന്നു സലിം കുമാറിന്റെ സിനിമാ അരങ്ങേറ്റം. 2006ൽ അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് സലിംകുമാർ അർഹനായി. 2011ൽ ആദാമിന്റെ മകൻ അബുവെന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന, ദേശീയ ചലച്ചിത്ര പുരസ്‌കാരവും സലിം സ്വന്തമാക്കി. മൂന്ന് പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതത്തിൽ 320ലധികം കഥാപാത്രങ്ങളെയാണ് സലിം കുമാറെന്ന അഭിനേതാവ് അവിസ്മരണീയമാക്കിയത്. സംസ്ഥാന ചലചിത്ര പുരസ്‌കാരം നേടിയ കറുത്ത ജൂതൻ ഉൾപ്പെടെ മൂന്ന് സിനിമകളിൽ സംവിധായകനെന്ന നിലയിലും കൈയ്യൊപ്പ് പതിപ്പിച്ചു. കറുത്ത ജൂതന് മികച്ച കഥയ്ക്കുള്ള സംസ്ഥാന അവാർഡും ലഭിച്ചിരുന്നു. കറുത്ത ജൂതന്റെ കഥയും തിരക്കഥയും സംവിധാനവും നിർവ്വഹിച്ചത് സലിം കുമാറായിരുന്നു.
Prime Minister Narendra Modi and Rahul Gandhi expressed their condolences on the demise of Salim Kumar. Leaders from across the political and cultural spectrum paid tribute to the renowned personality and extended support to his family.