
മലയാളത്തിലെ ലക്ഷണമൊത്ത ത്രില്ലറുകളിൽ ഒന്നായി കണക്കാക്കപ്പെടുന്ന സിനിമകളിൽ ഒന്നാണ് ജീത്തു ജോസഫ് സംവിധാനം ചെയ്ത മെമ്മറീസ്. പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തിയ സിനിമ മികച്ച പ്രേക്ഷക പ്രശംസയ്‌ക്കൊപ്പം ബോക്സ് ഓഫീസിലും മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാഗത്തിന്റെ സാധ്യതകളെക്കുറിച്ച് സംസാരിക്കുകയാണ് ജീത്തു ജോസഫ്. മനോരമ ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിലാണ് ജീത്തു ജോസഫ് ഇക്കാര്യം പറഞ്ഞത്.
മെമ്മറീസിൻ്റെ രണ്ടാം ഭാഗത്തെക്കുറിച്ച് ആലോചിച്ചിട്ടുണ്ടെന്നും എന്നാൽ നല്ല ഒരു കഥ ലഭിച്ചാൽ മാത്രമേ അതിലേക്ക് കടക്കൂ എന്ന് ജീത്തു പറഞ്ഞു. 'ഒരു രണ്ടാം ഭാഗം ഇറക്കാം എന്നതിന് വേണ്ടി മാത്രം സിനിമ ചെയ്യാൻ എനിക്ക് താത്പര്യമില്ല. മെമ്മറീസ് ഉൾപ്പെടെയുള്ള ചിത്രങ്ങളുടെ രണ്ടാം ഭാഗത്തെക്കുറിച്ച് ഞാൻ ആലോചിട്ടുണ്ട്. പക്ഷെ അതിന് പറ്റിയ ഒരു കഥ ഇതുവരെ കിട്ടിയില്ല. മെമ്മറീസ് ഉണ്ടാക്കിയ ഇമ്പാക്റ്റ് രണ്ടാം ഭാഗത്തിനും നൽകാൻ സാധിക്കണമെന്ന് എനിക്ക് നിർബന്ധമുണ്ട്. അങ്ങനെയൊരു കഥ ലഭിച്ചാൽ മെമ്മറീസിനും രണ്ടാം ഭാഗം വന്നേക്കും' ജീത്തു ജോസഫിന്റെ വാക്കുകൾ.
2013 ല്‍ പുറത്തിറങ്ങിയ മെമ്മറീസ് വലിയ വിജയമായിരുന്നു. മദ്യപാനിയായ പൊലീസ് ഉദ്യോഗസ്ഥനായ സാം അലക്‌സായി പൃഥ്വിരാജ് ചിത്രത്തില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ചിത്രം പിന്നീട് ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി നിരവധി ഭാഷകളില്‍ റീമേക്ക് ചെയ്യപ്പെട്ടു. എസ് പി ശ്രീകുമാർ, മേഘ്ന രാജ്, മിയ ജോർജ്, വിജയരാഘവൻ, സുരേഷ് കൃഷ്ണ, രാഹുൽ മാധവ്, വനിതാ കൃഷ്ണചന്ദ്രൻ എന്നിവരായിരുന്നു സിനിമയിലെ മറ്റു അഭിനേതാക്കൾ.
അതേസമയം, ജീത്തു ജോസഫിന്റെ ഏറ്റവും പുതിയ സിനിമയായ മിറാഷ് തിയേറ്ററുകളിൽ എത്തി. സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. മികച്ച പ്രേക്ഷക - നിരൂപക പ്രശംസ നേടിയ 'കിഷ്‌കിന്ധാ കാണ്ഡ'ത്തിന് ശേഷം ആസിഫ് അലിയും അപര്‍ണ ബാലമുരളിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഹക്കിം ഷാജഹാന്‍, ദീപക് പറമ്പോല്‍, ഹന്നാ റെജി കോശി, സമ്പത്ത് രാജ് എന്നിവരാണ് 'മിറാഷി'ലെ മറ്റു പ്രമുഖ താരങ്ങള്‍.
Content Highlights: jeethu joseph about Memories 2