അതിജീവിതകൾക്കൊപ്പം, സ്ത്രീകൾക്കെതിരായ സൈബറാക്രമണം അംഗീകരിക്കാനാവില്ല; കോൺഗ്രസ് നിലപാട് സ്വാഗതം ചെയ്യുന്നു

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സ്ത്രീപീഡന വിഷയങ്ങളില്‍ ഇത്തരം നിലപാട് സ്വീകരിക്കാറുണ്ടോ എന്ന് സ്വയം പരിശോധിക്കുന്നത് നന്നായിരിക്കും.

കെ കെ രമ
2 min read|22 Aug 2025, 01:18 pm
dot image

മുന്‍പ് പല സന്ദര്‍ഭങ്ങളിലും വ്യക്തമാക്കിയത് പോലെ ഇപ്പോള്‍ വിവാദമായ ഈ വിഷയത്തിലും അതിജീവിതകള്‍ക്കൊപ്പം തന്നെയാണ്. മാധ്യമങ്ങളില്‍ കാര്യങ്ങള്‍ പറഞ്ഞ സ്ത്രീകള്‍ക്ക് നേരെയുള്ള സൈബറാക്രമണവും അംഗീകരിക്കാനാവില്ല. ഇന്നലെ മുതല്‍ മാധ്യമങ്ങളില്‍ വന്നു കൊണ്ടിരിക്കുന്ന സ്ത്രീ പീഡനവാര്‍ത്തകളില്‍ രാഹുല്‍മാങ്കൂട്ടത്തിലിന്റെ പേര് വ്യക്തമായി പറഞ്ഞില്ലെങ്കിലും അതിലേക്ക് നീളുന്ന സൂചനകള്‍ നല്‍കിയിരുന്നു.


എത്ര വലിയ നേതാവായാലും ആരോപിക്കപ്പെട്ട പോലെയുള്ള കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടാല്‍ സംരക്ഷിക്കുകയില്ല എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഖണ്ഡിതമായി പ്രസ്താവിക്കുകയും രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കുകയും ചെയ്തിരിക്കുന്നു.

ഒരു വിഷയം ഉയര്‍ന്നു വന്നപ്പോള്‍ വളരെ പെട്ടന്ന് തന്നെ കോണ്‍ഗ്രസ് സ്വീകരിച്ച കൃത്യതയാര്‍ന്ന ഈ നിലപാടിനെ സ്വാഗതം ചെയ്യുന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സ്ത്രീപീഡന വിഷയങ്ങളില്‍ ഇത്തരം നിലപാട് സ്വീകരിക്കാറുണ്ടോ എന്ന് സ്വയം പരിശോധിക്കുന്നത് നന്നായിരിക്കും.

സ്ത്രീ പീഡനങ്ങള്‍ക്ക് ഇരകളാക്കപ്പെടുന്നവര്‍ക്ക് നിര്‍ഭയമായി നിയമ പോരാട്ടം നടത്താനുള്ള സാഹചര്യമുണ്ടാവേണ്ടതുണ്ട്. അതിന് പര്യാപ്തമായ സാമൂഹ്യാന്തരീക്ഷം ഇനിയും ഇവിടെ ഉണ്ടായിട്ടില്ല. തങ്ങള്‍ നേരിട്ട ദുരനുഭവങ്ങളുമായി കോടതിമുറികളിലെത്തിയ അതിജീവിതമാര്‍ പിന്നെയും സാമൂഹ്യ വിചാരണകള്‍ക്ക് വിധേയരാവുകയും അവരെ പിന്തുണച്ചവര്‍ അപഹസിക്കപ്പെടുകയും ചെയ്യുകയാണ്.


പോലീസ് നേരിട്ട് ആത്മഹത്യ എന്ന് ചിത്രീകരിച്ച വളയാര്‍ പെണ്‍കുട്ടികളുടെ കൊലയില്‍ അതിന്റെ ഉത്തരവാദിത്തം മുഴുവന്‍ ആ അമ്മയുടെ തലയില്‍ കെട്ടിവെച്ച് സ്റ്റേറ്റിനെയും പോലീസിനെയും ന്യായീകരിക്കാനും സംരക്ഷിക്കാനും ആയിരക്കണക്കിന് സൈബര്‍ ഹാന്‍ഡിലുകള്‍ പണിയെടുത്ത നാടാണ് ഇത്. ആ കേസില്‍ നീതി തേടി ഒപ്പം നിന്ന ഞങ്ങളെല്ലാം ഇപ്പോഴും അപഹസിക്കപ്പെടുന്നു.


സിനിമാരംഗത്ത് അതിജീവിതയായ അഭിനേത്രിയുടെയും അവര്‍ക്കൊപ്പം നിന്ന കലാകാരികളുടെയും അവസ്ഥ മറിച്ചല്ല. എത്രമേല്‍ ഒറ്റപ്പെടുത്തപ്പെട്ടാലും, എന്തെല്ലാം സഹിക്കേണ്ടി വന്നാലും നിയമപോരാട്ടങ്ങള്‍ക്ക് സന്നദ്ധരായി മുന്നോട്ടു വരണമെന്നാണ് ദുരനുഭവങ്ങള്‍ നേരിടുന്ന സ്ത്രീകളോട് അഭ്യര്‍ത്ഥിക്കാനുള്ളത്. അങ്ങനെ വരുന്നവര്‍ക്കിടയിലെ ഐക്യം വളര്‍ത്തിയെടുക്കുക എന്നത് ജനാധിപത്യവാദികളുടെയാകെ ഉത്തരവാദിത്തമാണ്.

Content Highlights: KK Rema's facebook post on Rahul Mamkoottathil Controversy

dot image
To advertise here,contact us
dot image