
സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. സച്ചിനും ആരാധകരും തമ്മില്‍ റെഡ്ഡിറ്റിലൂടെ ആശയവിനിമയം നടക്കുന്നതിനിടെ രസകരമായ സംഭവങ്ങളാണ് അരങ്ങേറിയത്. 'ഇന്ത്യ ക്രിക്കറ്റ്' എന്ന റെഡ്ഡിറ്റ് കമ്മ്യൂണിറ്റിയില്‍ നടന്ന ചോദ്യോത്തര വേളയിലാണ് ആരാധകരുടെ ചോദ്യങ്ങള്‍ക്ക് സാക്ഷാല്‍ ക്രിക്കറ്റ് ഇതിഹാസം മറുപടി നല്‍കിയത്. ഇതിനിടെ ഒരു ആരാധകന്റെ രസകരമായ ചോദ്യത്തിന് സച്ചിന്‍ നല്‍കിയ മറുപടിയും വൈറലായി.
തങ്ങളോട് ഇപ്പോള്‍ സംസാരിക്കുന്നത് യഥാര്‍ത്ഥ സച്ചിന്‍ ടെണ്ടുല്‍ക്കറാണോ എന്ന് ആരാധകരിലൊരാള്‍ സംശയമുന്നയിച്ചതാണ് സംഭവങ്ങളുടെ തുടക്കം. 'നിങ്ങള്‍ ശരിക്കും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്നെയാണോ? തെളിയിക്കാന്‍ ഒരു വോയിസ് നോട്ട് അയയ്ക്കാമോ?', എന്നായിരുന്നു ആരാധകന്റെ ചോദ്യം. തൊട്ടുപിന്നാലെ ആരാധകന്റെ ചോദ്യം സ്‌ക്രീനില്‍ കാണിച്ച് അതിന് മുന്നില്‍ നില്‍ക്കുന്ന തന്റെ ചിത്രം സച്ചിന്‍ പങ്കുവെച്ചു. ഒപ്പം 'ഇനി ഞാന്‍ ആധാര്‍ കാര്‍ഡും കൂടി കാണിക്കണോ?' എന്നും സച്ചിന്‍ തമാശയോടെ ചോദിച്ചു.
Sachin Tendulkar doing an AMA in reddit 😂😂 pic.twitter.com/Lqcp8LkbjK
— 'G'opi 🌝 (@GopiNaaz) August 25, 2025
ആരാധകരോടുള്ള 'ആസ്‌ക് മി എനിതിങ്' സെഷനിടെ രസകരമായ നിരവധി ചോദ്യങ്ങള്‍ക്കാണ് സച്ചിന്‍ മറുപടി പറഞ്ഞത്. ഇംഗ്ലണ്ടിന്റെ സൂപ്പര്‍ ബാറ്റര്‍ ജോ റൂട്ട് തന്റെ ടെസ്റ്റ് റെക്കോര്‍ഡുകള്‍ തകര്‍ക്കുമോ എന്ന ചോദ്യത്തിനും സച്ചിന്‍ മറുപടി നല്‍കി. റൂട്ടിനെ പ്രശംസിച്ച സച്ചിന്‍ അദ്ദേഹം ഇപ്പോഴും നന്നായി ബാറ്റ് ചെയ്യുന്നുണ്ടെന്നും പറഞ്ഞു. റൂട്ടിനെ ആദ്യമായി കണ്ടപ്പോള്‍ തോന്നിയ കാര്യവും സച്ചിന്‍ പറഞ്ഞു.
'ടെസ്റ്റ് ക്രിക്കറ്റില്‍ 13,000 റണ്‍സ് നേടുക എന്നുള്ളത് വലിയ കാര്യമാണ്. അവന്‍ ഇപ്പോഴും ശക്തമായി പോകുന്നു. 2012ല്‍ നാഗ്പൂര്‍ ടെസ്റ്റില്‍ ആദ്യമായി കണ്ടപ്പോള്‍ ഞാന്‍ എന്റെ ടീം മേറ്റ്സിനോട് ഇവന്‍ ഇംഗ്ലണ്ടിന്റെ അടുത്ത നായകനാണെന്ന് പറഞ്ഞിരുന്നു. അവന്‍ എങ്ങനെ ഗ്രൗണ്ടിനെ കാണുന്നു എന്നുള്ളതാണ് എന്നെ അതിശയിപ്പിച്ചത് അതിനൊപ്പം സ്ട്രൈക്ക് റൊട്ടേഷനും. ആ നിമിശം എനിക്ക് മനസിലായി അവന്‍ മികച്ച കളിക്കാരനാകുമെന്ന്', സച്ചിന്‍ പറഞ്ഞു.
ടെസ്റ്റ് ക്രിക്കറ്റില്‍ എക്കാലത്തെയും വലിയ റണ്‍ഗെറ്ററായ ഇന്ത്യന്‍ ഇതിഹാസ സച്ചിന്‍ ടെണ്ടുല്‍ക്കറെ മറികടക്കാന്‍ ഏറ്റവും സാധ്യതയുള്ള കളിക്കാരന്‍ ഇംഗ്ലണ്ടിന്റെ ജോ റൂട്ടാണ്. ടെസ്റ്റില്‍ ഇതുവരെ 13,543 റണ്‍സാണ് റൂട്ട് അടിച്ചുകൂട്ടിയത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 200 ടെസ്റ്റില്‍ നിന്നും 15,921 റണ്‍സാണ് നേടിയത്. സച്ചിനെ മറികടക്കാന് വെറും 2378 റണ്‍സ് മാത്രമാണ് റൂട്ടിന് ആവശ്യം.
Content Highlights: 'Should I send my Aadhaar card also?' Sachin Tendulkar Silences Fan With Epic Reply