യഥാര്‍ഥ ഇന്ത്യക്കാരനോയെന്ന് സുപ്രീംകോടതി അന്ന് ചോദിച്ചു; ഇന്ന് രാഹുല്‍ ഉത്തരം നല്‍കുമ്പോള്‍

എന്നാല്‍ ആശങ്ക ഉയരുന്നത് മറ്റൊരിടത്താണ് വളരെ ഗുരുതരമായ ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുല്‍ ഉന്നയിച്ചിട്ടും വിഷയത്തിന്റെ ഗൗരവം പ്രതിപക്ഷ പാര്‍ട്ടികളോ നേതാക്കളോ മനസിലാക്കിയില്ലെന്ന തരത്തിലും ആക്ഷേപങ്ങള്‍ ഉയരുന്നുണ്ട്.

ഭാവന രാധാകൃഷ്ണൻ
4 min read|09 Aug 2025, 10:15 am
dot image

'നിങ്ങള്‍ ഒരു യഥാര്‍ത്ഥ ഇന്ത്യക്കാരനായിരുന്നെങ്കില്‍ ഒരിക്കലും ഇങ്ങനെ പറയില്ലായിരുന്നു'

2022 ലെ ഭാരത് ജോഡോ യാത്രയ്ക്കിടെ സൈന്യത്തിന് നേരെ നടത്തിയ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെയുണ്ടായ സുപ്രീം കോടതിയുടെ ചോദ്യമാണിത്.

ആരാണ് യഥാര്‍ത്ഥ ഇന്ത്യക്കാരന്‍….?

പ്രധാന നേതാക്കളുടെ പത്രസമ്മേളനങ്ങള്‍ വളരെ വിരളമായ ഇന്നത്തെ ഇന്ത്യയില്‍ തിരഞ്ഞടുപ്പിലെ ക്രമക്കേടെന്ന ആരോപണം കണക്കുകള്‍ സഹിതം നിരത്തി പുറത്തുവിട്ടത് കോടതി ചോദ്യം ചെയ്ത അതേ ഇന്ത്യക്കാരനായിരുന്നു. രാജ്യത്തെ ഓരോ പൗരന്റെയും അടിസ്ഥാനപരമായ ജനാധിപത്യാവകാശം അട്ടിമറിക്കപ്പെടുന്നു. ശരിയായ പേരോ മേല്‍വിലാസമോ ഇല്ലാതെ രാജ്യത്ത് വോട്ടെടുപ്പ് സുഗമമായി നടക്കുന്നു. രാജ്യത്തിന്റെ കാതലായ ജനാധിപത്യം അട്ടിമറിക്കപ്പെടുന്നു. ഇവയെല്ലാം ചൂണ്ടിക്കാട്ടി രാഹുല്‍ നടത്തിയ ആ വാര്‍ത്താസമ്മേളനമായിരുന്നു ഇന്ത്യക്കാരന്‍ ആരെന്ന സുപ്രീംകോടതിയുടെ ചോദ്യചിഹ്നത്തിനുള്ള ഉത്തരം.

രാജ്യത്ത് 'വോട്ട് ചോരീ'അഥവാ വോട്ട് മോഷണം നടക്കുന്നു. 'മഹാരാഷ്ട്രയില്‍ അഞ്ച് വര്‍ഷം കൊണ്ട് ചേര്‍ത്തതിലും അധികം വോട്ട് അഞ്ചുമാസം കൊണ്ട് ചേര്‍ത്തു, മഹാരാഷ്ട്രയില്‍ അഞ്ച് മണിക്ക് ശേഷം പോളിങ് നിരക്ക് കുതിച്ചുയര്‍ന്നു, മഹാരാഷ്ട്രയില്‍ 40 ലക്ഷം ദുരൂഹ വോട്ടര്‍മാര്‍, സിസിടിവി ദൃശ്യങ്ങളടക്കം 45 ദിവസം കൊണ്ട് നശിപ്പിച്ചു,ഹരിയാനയിലെയും കര്‍ണാടകയിലെയും തെരഞ്ഞെടുപ്പ് തീയതികള്‍ മാറ്റിയതില്‍ ദുരൂഹത, എന്നിങ്ങനെ അതീവ ഗുരുതര ആരോപണങ്ങള്‍. ഒരു പക്ഷെ ഈ അടുത്തെങ്ങും ഒരു രാഷ്ട്രീയ നേതാവും നടത്താത്ത തരത്തില്‍ പിപിറ്റി പ്രസന്റേഷനിലൂടെ ഏത് സാധാരണക്കാരനും മനസിലാകും വിധം കണക്കുകള്‍ നിരത്തിയുള്ള പത്രസമ്മേളനമായിരുന്നു രാഹുലിന്റേത്.

വാര്‍ത്ത സമ്മേളനത്തിന് പിന്നാലെ അസ്വസ്ഥരായ പലരും രംഗത്തെത്തി. രാഹുലിന്റെ തലയിലെ ചിപ്പ് നഷ്ടമായി എന്നായിരുന്നു മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പരിഹസിച്ചത്. ഭരണഘടനാ സ്ഥാപനങ്ങളുടെ പ്രതിഛായ തകര്‍ക്കാനാണ് രാഹുല്‍ ശ്രമിക്കുന്നതെന്നും രാഹുല്‍ ഉന്നയിക്കുന്ന വാദങ്ങള്‍ തികച്ചും വ്യാജമാണെന്നുമായിരുന്നു കിരണ്‍ റിജിജു പറഞ്ഞത്. അതേ സമയം, തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് പരാതി നല്‍കിയാല്‍ അന്വേഷിക്കാമെന്നായിരുന്നു. ഏത്, കമ്മീഷനെ പറ്റിയുള്ള പരാതി കമ്മീഷന് തന്നെ നല്‍കണമെന്ന്. വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്തായവരുടെയും അനര്‍ഹമായി ഉള്‍പ്പെട്ടവരുടെയും പേരുകള്‍ ഒപ്പിട്ട സത്യപ്രസ്താവനയ്‌ക്കൊപ്പം പങ്കുവെക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ താന്‍ ഇന്ത്യന്‍ ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ നടത്തിയാണ് പാര്‍ലമെന്റിലെത്തിയത് എന്നായിരുന്നു രാഹുലിന്റെ മറുപടി.

പപ്പു വിളികളെയും ബാലക് ബുദ്ധി പരിഹാസങ്ങളെയും മറികടന്ന് ഇന്ത്യയുടെ ശക്തമായ പ്രതിപക്ഷ സ്വരമായി രാഹുല്‍ മാറുന്ന കാഴ്ചയാണ് നാം കണ്ടത്. വെറും പ്രസ്താവനകള്‍ നടത്തി, മൈക്കുകളുടെ മുന്‍പില്‍ തലയാട്ടി ഇരിക്കുകയല്ല രാഹുല്‍ ചെയ്തത്. പകരം കൃത്യമായ ഡേറ്റകള്‍ വെച്ച് നടത്തിയ വളരെ കണ്‍വിന്‍സിങായ ഒരു അവതരണമായിരുന്നു അത്. ചുറ്റും കൂടിയിരുന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് പോലും അയാള്‍ അകന്നില്ല. എല്ലാറ്റിനും അയാള്‍ക്ക് കൃത്യമായ ഉത്തരങ്ങളുണ്ടായിരുന്നു. വാക്കുകള്‍ പതറിയതേയില്ല.

എന്നാല്‍ ആശങ്ക ഉയരുന്നത് മറ്റൊരിടത്താണ് വളരെ ഗുരുതരമായ ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുല്‍ ഉന്നയിച്ചിട്ടും വിഷയത്തിന്റെ ഗൗരവം പ്രതിപക്ഷ പാര്‍ട്ടികളോ നേതാക്കളോ മനസിലാക്കിയില്ലെന്ന തരത്തിലും ആക്ഷേപങ്ങള്‍ ഉയരുന്നുണ്ട്. പ്രതിഷേധ സ്വരങ്ങളോ പ്രതിഷേധ പ്രകടനങ്ങളോ ഇങ്ങ് കേരളത്തില്‍ പോലും നടന്ന് കണ്ടില്ലായെന്നതും വസ്തുതയാണ്. ഭരണഘടന ലംഘനങ്ങളെ വളരെ നിസാരമായി കാണുന്നുവോ പ്രതിപക്ഷം എന്നതും ആശങ്ക ഉളവാക്കുന്നതാണ്.

നെപ്പോട്ടിസത്തിന്റെ മറ്റൊരു ഉദാഹരണം മാത്രമാണ് രാഹുല്‍ എന്ന വിമര്‍ശനങ്ങളുയര്‍ന്നപ്പോഴും പല തവണ എതിരാളികളെ അമ്പരപ്പിച്ച് തന്‍ ആരാണെന്ന് തെളിയിച്ചിട്ടുണ്ട്. അത് പ്രധാനമായും കണ്ടത് ഭാരത് ജോഡോ യാത്രയും ന്യായ് യാത്രയും മുതല്‍ ഇങ്ങോട്ടായിരുന്നു. ദിവസങ്ങള്‍ നീണ്ട ആ യാത്രയില്‍ അയാള്‍ക്കൊപ്പം നടന്ന ജാതിയും മതവും വര്‍ഗവും ഒന്നുമില്ലാതിരുന്ന ലക്ഷോപലക്ഷം ജനങ്ങളായിരുന്നു. രാഹുലിലെ രാഷ്ട്രീയപ്രവര്‍ത്തകനെ അടയാളപ്പെടുത്തിയത് അവരെല്ലാമാണ്. അയാളെ വിശ്വസിച്ചവരാണ്. ചടുലനായ, തെളിവുകളും കണക്കുകളും നിരത്തി അധാര്‍മികതയെ നേരിടുന്ന ഈ രാഹുലിനെയാണ് ഇനി ഇന്ത്യക്ക് ആവശ്യം. പ്രവര്‍ത്തനത്തിലും മറ്റും സ്ഥിരതയില എന്നതാണ് രാഹുല്‍ നേരിടുന്ന പ്രധാന ആരോപണം. തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഉയര്‍ത്തിയ ഈ ആരോപണങ്ങള്‍ പ്രതിപക്ഷത്തിനും രാഹുലിനും വലിയ പ്രതിച്ഛായയാണ് നല്‍കിയിരിക്കുന്നത്. ആ പ്രതിച്ഛായ നഷ്ടപ്പെടുത്താതെ, ഇടിയാതെ രാഹുലിന് നിലനിര്‍ത്താനാകുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.

Content Highlights: Rahul Gandhi’s attack on Election Commission

dot image
To advertise here,contact us
dot image