വോട്ടർപട്ടിക ക്രമക്കേട്: രാജ്യവ്യാപക പ്രചാരണത്തിന് കോൺഗ്രസ്; നേതാക്കളുടെ യോഗം വിളിച്ച് മല്ലികാർജ്ജുൻ ഖർഗെ

ഓഗസ്റ്റ് 11 തിങ്കളാഴ്ച വൈകുന്നേരം 4:30ന് ന്യൂഡൽഹി അക്ബർ റോഡിലെ എഐസിസി ഓഫീസിലാണ് യോ​ഗം ചേരുന്നത്

dot image

ന്യൂഡൽഹി: വോട്ടർപട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി ഉന്നയിച്ച വിഷയങ്ങളിൽ രാജ്യവ്യാപക പ്രചാരണത്തിന് തയ്യാറെടുത്ത് കോൺ​ഗ്രസ്. വിഷയം ചർച്ച ചെയ്യുന്നതിനായി കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർ​ഗെ ഓ​ഗസ്റ്റ് 11ന് യോ​ഗം വിളിച്ചു. എല്ലാ എഐസിസി ജനറൽ സെക്രട്ടറിമാരും സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളും കോൺ​ഗ്രസിൻ്റെ എല്ലാ പോഷകസംഘനകളുടെയും നേതാക്കളും യോ​ഗത്തിൽ പങ്കെടുക്കണമെന്നാണ് കോൺ​ഗ്രസ് അധ്യക്ഷൻ അറിയിച്ചിരിക്കുന്നത്. വോട്ടർ പട്ടികയിൽ കൃത്രിമം കാണിക്കുന്നതിനും തെരഞ്ഞെടുപ്പ് തട്ടിപ്പിനും എതിരായ രാജ്യവ്യാപകമായി നടത്തേണ്ട പ്രചാരണത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായാണ് യോ​ഗം വിളിച്ചിരിക്കുന്നതെന്നാണ് മല്ലികാർജ്ജുൻ ഖർ​ഗെ അറിയിച്ചിരിക്കുന്നത്. 2025 ഓഗസ്റ്റ് 11 തിങ്കളാഴ്ച വൈകുന്നേരം 4:30 ന് ന്യൂഡൽഹി അക്ബർ റോഡിലെ എഐസിസി ഓഫീസിലാണ് യോ​ഗം ചേരുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയാണ് യോഗത്തിൽ അധ്യക്ഷത വഹിക്കുക.

വോട്ടർ പട്ടികയിലെ ക്രമക്കേട് സംബന്ധിച്ച് രാഹുൽ ​ഗാന്ധി ഉന്നയിച്ച വിഷയങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ കർണാടകയിലെ കോൺ​ഗ്രസ് നേതൃത്വം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. രാഹുൽ ​ഗാന്ധിയുടെ ആരോപണത്തിൻ്റെ അടിസ്ഥാനത്തിൽ കർണാടകയിലെ എല്ലാ മണ്ഡലങ്ങളിലും വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ബെം​ഗളൂരു സെൻട്രൽ ലോക്സഭാ മണ്ഡലത്തിൻ്റെ ഭാ​ഗമായ മഹാദേവപുര നിയമസഭാ മണ്ഡലത്തിൽ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടുകൾ ഉണ്ടെന്ന് രാഹുൽ ​ഗാന്ധി നേരത്തെ വെളിപ്പെടുത്തിയിരുന്നു. വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ സംബന്ധിച്ച് രാഹുൽ ​ഗാന്ധി പുറത്തുവിട്ട രേഖകളും അനുബന്ധ രേഖകളും ഉൾപ്പെടെയാണ് കോൺ​ഗ്രസ് നേതാക്കൾ പരാതി നൽകിയത്.

നേരത്തെ നടത്തിയ വാർത്താസമ്മേളനത്തിൽ ഗുരുതര ആരോപണങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുൽ ​ഗാന്ധി ഉന്നയിച്ചത്. രാജ്യത്ത് വോട്ട് മോഷണം നടക്കുന്നുണ്ടെന്നും ഹരിയാന തെരഞ്ഞെടുപ്പോടെ അത് വ്യക്തമായതാണെന്നും ​രാഹുൽ ​ഗാന്ധി വെളിപ്പെടുത്തിയിരുന്നു. കർണാടകയിലെ മഹാദേവപുര മണ്ഡലത്തിൽ നടന്ന ക്രമക്കേടുകളുടേതെന്ന് ആരോപിക്കപ്പെടുന്ന വോട്ടർ പട്ടിക രേഖകളും പുറത്തുവിട്ടിരുന്നു. 'മഹാരാഷ്ട്രയിൽ അഞ്ച് വർഷം കൊണ്ട് ചേർത്തതിലും അധികം വോട്ട് അഞ്ചുമാസം കൊണ്ട് ചേർത്തു. ഹരിയാനയിലെയും കർണാടകയിലെയും തെരഞ്ഞെടുപ്പ് തീയതികൾ മാറ്റിയതിലും സംശയമുണ്ട്. മഹാരാഷ്ട്രയിൽ അഞ്ച് മണിക്ക് ശേഷം പോളിങ് നിരക്ക് കുതിച്ചുയരുകയായിരുന്നു. മഹാരാഷ്ട്രയിൽ 40 ലക്ഷം ദുരൂഹ വോട്ടർമാർ വന്നു. സിസിടിവി ദൃശ്യങ്ങളടക്കം 45 ദിവസം കൊണ്ട് നശിപ്പിച്ചു എന്നതടക്കം നിരവധി ആരോപണങ്ങൾ രാഹുൽ ​ഗാന്ധി ഉന്നയിച്ചിരുന്നു.

Content Highlights: Congress will discuss the nationwide campaign against voter list manipulation and election fraud

dot image
To advertise here,contact us
dot image