
'പാർട്ടി ജയിക്കുമ്പോൾ തോൽക്കുന്ന വിഎസ്, വിഎസ് ജയിക്കുമ്പോൾ തോൽക്കുന്ന പാർട്ടി' ഏറെക്കാലം കേരള രാഷ്ട്രീയത്തിൽ പ്രചാരത്തിലുണ്ടായിരുന്ന ഒരു പഴഞ്ചൊല്ലായിരുന്നു ഇത്. വിഎസ് അച്യുതാനന്ദന്റെ രാഷ്ട്രീയ ജീവിതം പരിശോധിച്ചാൽ ഈ വാക്കുകൾ അന്വർത്ഥമായിട്ടുള്ളതായാണ് നമുക്ക് മനസിലാവുക. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ മുഖ്യമന്ത്രി കസേരയിലിരിക്കാൻ ഇത്രത്തോളം കാത്തിരുന്ന മറ്റൊരു നേതാവുണ്ടാവില്ല.
വിഎസ് കേരള രാഷ്ട്രീയത്തിലെ വിപ്ലവത്തിന്റെ ചോരച്ചുവപ്പുള്ള രണ്ട് അക്ഷരം. സംസ്ഥാനത്തെ ഏറ്റവും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും, മുൻമുഖ്യമന്ത്രിയും, പ്രതിപക്ഷ നേതാവുമായിരുന്നു വിഎസ് അച്യുതാനന്ദൻ. അടിച്ചമർത്തപ്പെട്ടവർക്കും, ചൂഷണങ്ങൾക്കും വിധേയരായവർക്കും വേണ്ടി ജീവിച്ച വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ. വിഎസിന് 'വിശ്രമിക്കാത്ത സഖാവ്' എന്ന വിശേഷണം നൽകിയതിനെ ഒരിക്കലും കാൽപ്പനികമായി കരുതാനാവില്ല.
1965 മുതൽ 2016 വരെ പത്ത് തവണയാണ് വിഎസ് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചിട്ടുള്ളത്. പക്ഷെ ഇതിൽ 2006-ൽ കേരളത്തിന്റെ മുഖ്യമന്ത്രി കസേര അലങ്കരിക്കുന്നത് വരെ അദ്ദേഹം മന്ത്രി പദത്തിലോ മറ്റോ എത്തിയിട്ടില്ല എന്നതാണ് അതിശയം. വിഎസ് ജയിക്കുമ്പോൾ തോൽക്കുന്ന പാർട്ടി, പാർട്ടി ജയിക്കുമ്പോൾ തോൽക്കുന്ന വിഎസ് എന്ന വാക്കുകൾ അച്ചട്ടാവുന്നത് ഇവിടെയാണ്. 1967, 2006 എന്നീ വർഷങ്ങളിൽ നടന്ന രണ്ട് മത്സരങ്ങളിൽ മാത്രമാണ് പാർട്ടിയും വിഎസും ഒരുമിച്ച് വിജയിച്ചിട്ടുള്ളത്.
1965, 1967, 1970, 1977 എന്നീ നാല് തവണയും വിഎസ് ജനവിധി തേടിയത് അമ്പലപ്പുഴയിൽ നിന്നായിരുന്നു. ഇതിൽ അദ്ദേഹത്തിന്റെ ആദ്യ മത്സരമായിരുന്ന 1965ൽ മാത്രം കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന കെ എസ് കൃഷ്ണക്കുറുപ്പിനോട് തോൽവി സമ്മതിക്കേണ്ടതായി വന്നു. 1967, 70, 77 എന്നീ വർഷങ്ങളിൽ അമ്പലപ്പുഴയെ വിഎസ് നയിച്ചു. മാരാരിക്കുളത്ത് രണ്ട് തവണയായിരുന്നു വിഎസ് മത്സരിച്ചിരുന്നത്. 1991ലും 1996ലും, ഇതിൽ ആദ്യത്തെ മത്സരത്തിൽ വിജയിച്ചെങ്കിലും രണ്ടാമത്തേതിൽ ലക്ഷ്യം കാണാൻ വിഎസിന് സാധിച്ചില്ല.
മാരാരിക്കുളത്തെ വിഎസിന്റെ തോൽവി സിപിഐഎമ്മിനെ മാത്രമല്ല പ്രതിപക്ഷത്തെ പോലും ഞെട്ടിക്കുന്നതായിരുന്നു. ഒരുപക്ഷേ അന്ന് ജയിച്ചിരുന്നെങ്കിൽ മുഖ്യമന്ത്രി കസേര തന്നെ ലഭിക്കുമായിരുന്നു അദ്ദേഹത്തിന്. എന്നാൽ ആ തോൽവി വിഎസിന്റെ രാഷ്ട്രീയ ജീവിതത്തിന് വലിയ നാഴികക്കല്ലായിരുന്നു. പരാജയം വിജയത്തിന്റെ ചവിട്ട് പടി എന്ന് കരുതാവുന്ന നിലയിൽ ഈ തോൽവിയിലൂടെയാണ് വിഎസിന് കൂടുതൽ കരുത്തും, ജനകീയതയും ലഭിച്ചത്.
2006ൽ മലമ്പുഴയിൽ നിന്നും ജയിച്ചായിരുന്നു വിഎസ് കേരളത്തിന്റെ മുഖ്യമന്ത്രിയാകുന്നത്. അതിന് പിന്നിലുമൊരു കഥയുണ്ട്. ആ തിരഞ്ഞെടുപ്പിൽ സിപിഐഎമ്മിന്റെ സ്ഥാനാർത്ഥി പട്ടികയിൽ വിഎസിന്റെ പേരുണ്ടായിരുന്നില്ല. സംസ്ഥാന പാർട്ടി നേതൃത്വത്തിന്റെ തീരുമാനത്തെ തുടർന്നായിരുന്നു ഇത്. എന്നാൽ നേതൃത്വത്തിന്റെ ഈ തീരുമാനത്തിനെതിരെ സംസ്ഥാനത്തെ സിപിഐഎം പ്രവർത്തകരുടെ വൻപ്രതിഷേധമുയർന്നു. ഇതോടെ കേന്ദ്രനേതൃത്വം ഇടപെടുകയും, വിഎസിനെ സ്ഥാനാർത്ഥിയാക്കുകയും ചെയ്തു. മലമ്പുഴയിൽ കോൺഗ്രസ് നേതാവ് പാച്ചേനിക്കെതിരെ മത്സരിച്ച വിഎസ് 20017 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ആ വിജയം സമ്മാനിച്ച ആത്മാഭിമാനത്തിൽ, തല ഉയർത്തിപ്പിടിച്ച്, മുണ്ടെന്റെ കോന്തല കയ്യിലെടുത്ത് അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രി കസേരയിലേക്ക് നടന്നടുത്തു.
2011ലും വിധി മറ്റൊന്നാകേണ്ടതായിരുന്നു. അന്നത്തെ തിരഞ്ഞെടുപ്പിൽ ഭരണതുടർച്ചയുടെ വക്കിലെത്തിയതായിരുന്നു എൽഡിഎഫ് പാർട്ടി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടങ്ങളിൽ ബാലകൃഷ്ണപിള്ളയുടെ ജയിൽ ശിക്ഷയും പികെ കുഞ്ഞാലിക്കുട്ടിയുടെ ഐസ്‌ക്രീം പാർലർ കേസും വിഎസ് കച്ചിത്തുരുമ്പാക്കി. വിഎസിന്റെ ഒറ്റയാൾ പ്രചാരണം അലയൊലികൾ സൃഷ്ടിച്ചു. യുഡിഎഫ് അധികാരത്തിലേറുമെന്ന് പ്രവചിച്ചവർ കളംമാറ്റി. ഒപ്പത്തിനൊപ്പം മത്സരത്തിൽ ഇടതുമുന്നണി 68 സീറ്റും യുഡിഎഫ് 72 സീറ്റും നേടി. സിപിഎം എംഎൽഎ ശെൽവരാജിനെ യുഡിഎഫ് ചാക്കിട്ട് സ്വന്തം പാളയത്തിലെത്തിച്ച് ഭൂരിപക്ഷം മൂന്നാക്കി.
രാഷ്ട്രീയ ധാർമികതക്ക് നിരക്കാത്ത നീക്കങ്ങൾക്കില്ലെന്ന് സിപിഐഎം വ്യക്തമാക്കിയതോടെ രാഷ്ട്രീയ അനിശ്ചിതത്വത്തിന് അവസാനമായി. അതേസമയം, പാർട്ടിയുടെ വിജയത്തിന് പാർട്ടി നേതൃത്വം ആത്മാർത്ഥമായി ശ്രമിച്ചില്ലെന്ന് രാഷ്ട്രീയ വിമർശനമുയർന്നു. അങ്ങനെ 2011ൽ കോൺഗ്രസ് അധികാരത്തിൽ വരികയും ഉമ്മൻ ചാണ്ടി കേരളത്തിന്റെ മുഖ്യമന്ത്രിയാവുകയും ചെയ്തു. അന്ന് സിപിഐഎം ജയിച്ചാൽ വിഎസ് തന്നെ വീണ്ടും മുഖ്യമന്ത്രിയാകുമെന്ന അവസ്ഥ ഔദ്യോഗിക വിഭാഗത്തിന് സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നതിനാലാണ് പാർട്ടി ഇത്തരത്തിൽ കരുക്കൾ നീക്കിയതെന്നും അഭിപ്രായങ്ങളുണ്ട്. മലമ്പുഴയിൽ 20,000ൽപരം ഭൂരിപക്ഷത്തിനാണ് വിഎസ് വിജയിച്ചത്.
91 വയസ്സ് പിന്നിട്ട വിഎസിന്റെ സ്ഥാനാർത്ഥിത്വമായിരുന്നു 2016ലെ നിയമസഭ തെരഞ്ഞെടുപ്പിലും പ്രധാന ചർച്ച. വിഎസിന് സീറ്റ് കൊടുക്കേണ്ടെന്നായിരുന്നു ഔദ്യോഗിക വിഭാഗത്തിന്റെ തീരുമാനം. എന്നാൽ, പൊതുസമൂഹത്തിൽ നിന്ന് വിഎസിനായുള്ള മുറവിളിയുയർന്നു. പലയിടങ്ങളിലും ഫ്‌ളക്‌സ് ബോർഡുകളുയർന്നു. കേന്ദ്ര നേതൃത്വത്തിനുമേൽ സമ്മർദ്ദമേറി. കടുത്ത സമ്മർദ്ദത്തിനൊടുവിൽ വിഎസിന് മലമ്പുഴ മണ്ഡലം നൽകി പ്രശ്‌നമൊതുക്കി. ഇത്തവണ പഴഞ്ചൊല്ലിനെ പഴങ്കഥയാക്കി പാർട്ടിയും വിഎസും ഒരുമിച്ച് വീണ്ടും വിജയിച്ചു, പക്ഷെ മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു.
Content Highlights: 'When the CPM wins, the VS loses, and when the VS wins, the CPM loses'