
ദിയാ കൃഷ്ണ ഒരു സാമൂഹ്യ പരിഷ്‌കര്‍ത്താവോ വിപ്ലവകാരിയോ അല്ല. സമര്‍ത്ഥയായ ബിസിനസ് വുമണ്‍. പക്ഷേ സ്വന്തം പ്രസവം റെക്കോര്‍ഡ് ചെയ്തു എഡിറ്റ് ചെയ്തു കാണിക്കാനുള്ള ധൈര്യം, ലോകം എങ്ങനെയും സ്വീകരിച്ചോട്ടെ, അതു കാണിക്കും എന്ന ചങ്കൂറ്റം. അതില്‍ ഒളിപ്പിച്ചു വെക്കാന്‍ ഒന്നുമില്ല/പ്രസവം എന്ന ശാരീരിക പ്രക്രിയ അടച്ചിട്ട മുറിയില്‍ രഹസ്യമായി നടത്തപ്പെടേണ്ടതാണ് എന്ന വിശ്വാസം തകര്‍ക്കല്‍. ദിയയുടെ വീഡിയോ നമുക്കു ഇങ്ങനെ പല പുതുമകളും കാണിച്ചുതരുന്നു.
നോര്‍മല്‍ ഡെലിവറിയില്‍ കുടുംബത്തിനും പങ്കാളിയാവാം ,പ്രത്യേകിച്ച് ഗര്‍ഭത്തില്‍ പകുതി ഉത്തരവാദിത്തമുള്ള ഭര്‍ത്താവിന് എന്നു വരുന്നത് നല്ലതാണ്. ഭാര്യയുടെ പ്രസവവേദന നേരിട്ടു കാണുന്ന പുരുഷന് ആ സ്ത്രീയോടുള്ള റെസ്‌പെക്ട് കൂടുമെന്നുറപ്പാണ്. നൊന്തു പ്രസവിക്കല്‍ അവരെ സംബന്ധിച്ച് ഇനിമേലില്‍ അര്‍ത്ഥശൂന്യമായ ഒരു ക്ലീഷേ ഡയലോഗല്ലാതെയാവും.
ഇത് പ്രിവിലേജ്ഡ് ക്ലാസിന്റെ പ്രിവിലേജാണ്. സര്‍ക്കാരാശുപത്രിയില്‍ അപ്പുറവും ഇപ്പുറവും സ്ത്രീകള്‍ അര്‍ദ്ധനഗ്‌നരായിക്കിടന്ന് നിലവിളിക്കുന്നതിനിടയില്‍ നടക്കുന്ന പ്രസവമൊന്നും ഇങ്ങനെ വിഡീയോ ആക്കാന്‍ പറ്റില്ല ,അതിനുള്ളിലേക്ക് വേറാര്‍ക്കും കേറാനും പറ്റില്ല.
പക്ഷേ ഇതു കാണുമ്പോള്‍ അതോര്‍ത്ത് സങ്കടപ്പെടേണ്ട കാര്യമില്ല. പല മാറ്റങ്ങള്‍ക്കും തുടക്കം കുറിക്കാന്‍ പ്രിവിലേജ്ഡ് ക്ലാസിന് കഴിയും.
പണ്ട് സ്ത്രീകള്‍ വീട്ടിലാണ് പ്രസവിച്ചിരുന്നത്. വയറ്റാട്ടിമാര്‍ നോക്കും, നല്ലൊരു ശതമാനം സ്ത്രീകള്‍ അവരുടെ ഏതെങ്കിലും പ്രസവത്തിലായി മരിക്കും . ആയുസ്സുള്ള കുഞ്ഞുങ്ങള്‍ രക്ഷപെടും.
പ്രിവിലേജ് ഉള്ള സമ്പന്നര്‍ ആശുപത്രികളില്‍ ഡോക്ടറുടെ സഹായത്തോടെ പ്രസവിക്കാന്‍ തുടങ്ങിയപ്പോള്‍ ആളുകള്‍ കളിയാക്കുകയും വിമര്‍ശിക്കുകയും ചെയ്തു. ഒന്നും പറയാനില്ലാത്തപ്പോള്‍ അവര്‍ക്ക് കാശിന്റെ തിമിരാണ് എന്നും പറഞ്ഞിട്ടുണ്ടാവും. ഞാനൊക്കെ എത്ര പെറ്റതാ ,ഒരു ഡോക്ടറുമില്ലാതെ എന്നു പറഞ്ഞ സ്ത്രീകളുമുണ്ടാവും. ആണുങ്ങള്‍ ആശുപത്രി പ്രസവത്തിനെതിരെ ചന്ദ്രഹാസമെടുത്തു കാണും. ആശുപത്രിയില്‍ പ്രസവിക്കണമെന്നു ഏതെങ്കിലും സാധാരണക്കാരികള്‍ പറഞ്ഞാല്‍ അവരെ പരിഹസിച്ചിട്ടുണ്ടാവും, ഇപ്പോ എല്ലാരും ആശുപത്രിയില്‍ പ്രസവിക്കുന്നു.
ഗര്‍ഭനിരോധനത്തിന്റെ കാര്യത്തിലും ആദ്യം തീരുമാനമെടുത്തത് അപ്പര്‍ക്ലാസ് ആവും. അവള്‍ക്ക് പ്രസവിക്കാന്‍ വയ്യാഞ്ഞിട്ട്. അഹങ്കാരം ,ഞാനൊക്കെ 10 പെറ്റു എന്നു പറയാന്‍ അന്നും സ്ത്രീകളടക്കം ഉണ്ടാവും. ഇപ്പോഴോ? അങ്ങനെയാണ് സമൂഹത്തിലും അവബോധത്തിലും മാറ്റം വരിക. പ്രത്യേകിച്ച് സ്ത്രീകളുടെ കാര്യത്തില്‍ ,അവളുടെ വേദനകളുടെ കാര്യത്തില്‍, അവളുടെ ശരീരത്തിന്റെ കാര്യത്തില്‍. അതുകൊണ്ട് ദിയയുടെ വാണിജ്യതാല്പര്യങ്ങള്‍ക്കപ്പുറം ആ വീഡിയോവിന് സാമൂഹികമായ പ്രസക്തി ഉണ്ട്. അത് പ്രത്യക്ഷമായല്ല,പരോക്ഷമായി നമ്മുടെ ആണധികാര സമൂഹത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്, അതിന്റെ ഗുണഫലങ്ങള്‍ ദൂരവ്യാപകമാണ്.
Content Highlights: Writer Jisa Jose about Influencer Diya Krishna's Delivery vedio