
പൃഥ്വിരാജ് ദേശവിരുദ്ധനാണെന്നും അദ്ദേഹത്തിന്റെ സിനിമകളില്‍ ദേശവിരുദ്ധതയും ഹിന്ദുത്വവിരുദ്ധതയും ആവര്‍ത്തിക്കുകയാണെന്നുമാണ് ആര്‍എസ്എസ് മുഖപത്രമായ ഒര്‍ഗനൈസര്‍ ആരോപിക്കുന്നത്. എമ്പുരാന്‍ റിലീസായതിനുശേഷം ഏഴ് തവണയാണ് ഒര്‍ഗനൈസര്‍ ചിത്രത്തിനെതിരെ വിമര്‍ശനമുന്നയിച്ചത്. സംഘപരിവാർ കേന്ദ്രങ്ങളില്‍ നിന്ന് പൃഥ്വിരാജിനെതിരെ നടക്കുന്നത് കടുത്ത് സൈബർ ആക്രമണങ്ങളുമാണ്. ഇതാദ്യമായല്ല സംഘപരിവാറിനെ പൃഥ്വിരാജിന്റെ നിലപാടുകള്‍ ചൊടിപ്പിക്കുന്നത്.
സമീപ വര്‍ഷങ്ങളില്‍ പലതവണ സിനിമയ്ക്ക് അകത്തും പുറത്തുമുള്ള പൃഥ്വിരാജിന്റെ നിലപാടുകള്‍ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ക്ക് തലവേദനയായിട്ടുണ്ട്. 2019-ലെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തെ പൃഥ്വിരാജ് പിന്തുണച്ചതാണ് അതില്‍ ഏറെ പ്രധാനപ്പെട്ട ഒന്ന്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യം മുഴുവന്‍ പ്രതിഷേധമുയര്‍ന്ന നാളുകളായിരുന്നു അത്. അന്ന് ഡല്‍ഹിയിലെ ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ സിഎഎ വിരുദ്ധ പ്രതിഷേധത്തിനെതിരെ പൊലീസ് കടുത്ത നടപടികളാണ് സ്വീകരിച്ചത്. നൂറുകണക്കിന് പൊലീസുകാര്‍ കോളേജ് അധികൃതരുടെ അനുമതിയില്ലാതെ ക്യാംപസില്‍ പ്രവേശിച്ച് വിദ്യാര്‍ത്ഥികള്‍ക്കുനേരെ ലാത്തി വീശുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു. പൊലീസ് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വാര്‍ത്താമാധ്യമങ്ങള്‍ സംപ്രേക്ഷണം ചെയ്തു. ഇതോടെ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി രാഷ്ട്രീയ- സാംസ്‌കാരിക -സിനിമാ മേഖലയിലുളള നിരവധിപേര്‍ രംഗത്തെത്തി. അന്ന് 'വിപ്ലവം എപ്പോഴും സ്വന്തം നാട്ടില്‍ നിന്നുതന്നെ ഉണ്ടാകുന്നതാണ്' എന്നാണ് വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചുകൊണ്ട് പൃഥ്വിരാജ് പ്രതികരിച്ചത്. പൗരത്വഭേദഗതി നിയമത്തിനെതിരെ സംസാരിക്കുന്നവരെയെല്ലാം രാജ്യവിരുദ്ധരാക്കുന്ന സംഘപരിവാര്‍ അത്തരമൊരു ചാപ്പ അന്ന് പൃഥ്വിരാജിനും നല്‍കിയിരുന്നു.
എമ്പുരാന്‍ റിലീസിന് പിന്നാലെ പൃഥ്വിരാജ് സിനിമകളിലൂടെ ഭീകരവാദത്തിന് വെള്ളപൂശുന്നു എന്ന് ഓര്‍ഗനൈസര്‍ ആരോപിക്കുമ്പോള്‍ അവര്‍ ഒപ്പം ചേര്‍ത്തുപറയുന്നത് പൃഥ്വിരാജ് ലക്ഷദ്വീപ് ക്യാംപെയ്നു പിന്നില്‍ പ്രവര്‍ത്തിച്ചയാളാണ് എന്നതാണ്. തങ്ങളുടെ ജീവിതം ഞെരുങ്ങിപ്പോയ അവസ്ഥയില്‍ ലക്ഷദ്വീപിലെ ജനങ്ങള്‍ മുഴുവന്‍ അണിനിരന്ന ഒരു പ്രതിഷേധത്തിന് പിന്തുണ അറിയിച്ചതിന്റെ പേരിലാണ് പൃഥ്വിരാജിനെതിരെ ആര്‍എസ്എസ് ഈ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.
എന്തായിരുന്നു 2021-ല്‍ ലക്ഷദ്വീപില്‍ നടന്നത്? 2021-ല്‍ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഘോടാ പട്ടേല്‍ നടപ്പിലാക്കിയ ചില നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു. കുറ്റകൃത്യങ്ങള്‍ പേരിന് പോലുമില്ലാത്ത ലക്ഷദ്വീപില്‍ ഗുണ്ടാ ആക്ട് കൊണ്ടുവന്നതും, സ്‌കൂളുകളുകളില്‍ നടത്തിയ പരിഷ്‌കാരങ്ങളും, ബീഫ് നിരോധനവും കര്‍ഷകര്‍ക്ക് നല്‍കി വന്ന സഹായങ്ങള്‍ നിര്‍ത്തലാക്കിയതുമുള്‍പ്പെടെയുളള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി പ്രഫുല്‍ പട്ടേലിനെ നീക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ജനങ്ങളുടെ പ്രതിഷേധം. സേവ് ലക്ഷദ്വീപ് എന്ന പേരില്‍ ക്യാംപെയ്നുമുണ്ടായി. വിഷയത്തില്‍ പൃഥ്വിരാജിന്റെ പ്രതികരണം അദ്ദേഹത്തെ ബിജെപിയുടെ കണ്ണിലെ കരടാക്കി മാറ്റിയെന്ന് തന്നെ പറയാം.
'ദ്വീപില്‍ നടക്കുന്ന സംഭവങ്ങളില്‍ അവിടുളളവര്‍ സന്തുഷ്ടരല്ല. നിയമമോ പരിഷ്‌കാരമോ ഭേദഗതിയോ എന്തുമാകട്ടെ, ആത്യന്തികമായി അത് നാടിനുവേണ്ടിയല്ല അവിടുത്തെ ജനങ്ങള്‍ക്കുവേണ്ടിയാകണം എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ലക്ഷദ്വീപ് നിവാസികളുടെ ശബ്ദം കേള്‍ക്കണമെന്ന് അധികാരികളോട് അഭ്യര്‍ത്ഥിക്കുന്നു. അവരുടെ നാടിന് നല്ലത് എന്താണെന്ന് അവര്‍ക്കറിയാം. അവരെ വിശ്വസിക്കൂ എന്നാണ് പൃഥ്വിരാജ് പറഞ്ഞത്. പൃഥ്വിരാജിന്റെ ഈ പരസ്യ നിലപാട് ലക്ഷദ്വീപ് പ്രതിഷേധത്തിന് കേരളത്തിലും ഇന്ത്യയെമ്പാടും വലിയ ശ്രദ്ധ നേടിക്കൊടുത്തിരുന്നു. സിനിമാമേഖലയില്‍ നിന്ന് തന്നെ നിരവധി പേര്‍ ലക്ഷദ്വീപിനെ പിന്തുണച്ച് എത്തുകയും ചെയ്തു. ലക്ഷദ്വീപ് ജനങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെതിരെ നടത്തിയ ആ പ്രതിഷേധത്തിന് പൃഥ്വിരാജിലൂടെ ലഭിച്ച വിസിബിലിറ്റിയാണ് അന്ന് സംഘപരിവാറിനെ അസ്വസ്ഥമാക്കിയത്.
അതേവര്‍ഷം തന്നെയാണ് മലബാര്‍ സമരത്തിലെ പ്രധാന നേതാവായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയായി പൃഥ്വിരാജ് എത്തുന്ന സിനിമയുടെ അനൗണ്‍സ്‌മെന്റ് നടക്കുന്നത്. എമ്പുരാന് മുന്‍പ് പൃഥ്വിരാജിനെതിരെ ഏറ്റവും ശക്തമായ സംഘപരിവാര്‍ സൈബര്‍ അറ്റാക്ക് നടന്നത് ഈ ഘട്ടത്തിലായിരിക്കും. വിവിധ സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധവുമായി എത്തിയിരുന്നു. പിന്നീട് നിര്‍മാണവുമായി ബന്ധപ്പെട്ട ചില അഭിപ്രായവ്യത്യാസങ്ങള്‍ മൂലം സിനിമ ഉപേക്ഷിക്കപ്പെട്ടെങ്കിലും വാരിയംകുന്നനെയോ ആ സിനിമയെയോ പൃഥ്വിരാജ് തള്ളിപ്പറഞ്ഞിരുന്നില്ല. വാരിയംകുന്നന്‍ എന്ന പ്രോജക്ട് ഉപേക്ഷിച്ചത് തന്റെ തീരുമാനമല്ലായിരുന്നെന്നും സിനിമ പ്രഖ്യാപിച്ചപ്പോള്‍ നടന്ന സൈബര്‍ അറ്റാക്കിനൊന്നും ശ്രദ്ധ കൊടുക്കുന്നില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
2022-ല്‍ പുറത്തിറങ്ങിയ ഡിജോ ജോസ് ആന്റണി - പൃഥ്വിരാജ് ചിത്രം ജന ഗണ മനയും ഹിന്ദുത്വകേന്ദ്രങ്ങളെ ബുദ്ധിമുട്ടിലാക്കിയിരുന്നു. അതിന്റെ പ്രധാന കാരണം ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച പൃഥ്വിരാജിന്റെ ഡയലോഗുകളായിരുന്നു. 'ഗാന്ധിയെ കൊന്നതിന് രണ്ട് പക്ഷമുളള നാടാ സാറേ ഇത്' എന്ന മാസ് ഡയലോഗുമായെത്തിയ ചിത്രം, ജനാധിപത്യ വിരുദ്ധതയ്ക്കും ഫാസിസത്തിനുമെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. പ്രതിഷേധിക്കുന്നവരെ രാജ്യദ്രോഹികളായും ക്രിമിനലുകളായും മുദ്ര കുത്തുന്ന പ്രവണതയെയും ചിത്രം ചോദ്യം ചെയ്തു. 'ഇവിടെ നോട്ടും നിരോധിക്കും, വേണ്ടിവന്നാല്‍ വോട്ടും നിരോധിക്കും, ഇന്ത്യ ആരുടെയും തന്തയുടെ വകയല്ല, ഒരു പട്ടിയെ കൊന്നാല്‍ മനുഷ്യന്‍ ചോദിക്കാനെത്തുന്ന നാട്ടില്‍ മനുഷ്യനെ കൊന്നാല്‍ ചോദിക്കാന്‍ ഒരു പട്ടിപോലും വരില്ലെന്ന വിശ്വാസമാണ് നമ്മുടെ നാട്ടിലെ രാഷ്ട്രീയ അവബോധം, കാരണം ഇവിടെ ചോദ്യം ചോദിക്കുന്നവരെ നിശബ്ദരാക്കുകയാണ്' തുടങ്ങിയ കുറിക്കുകൊളളുന്ന ഡയലോഗുകള്‍ പറഞ്ഞത് പൃഥ്വിരാജ് തന്നെയായിരുന്നു. 2014-ല്‍ ബിജെപി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയ ശേഷം ഇന്ത്യയിലുണ്ടായ വിവിധ സംഭവങ്ങളും അതില്‍ കേന്ദ്ര സര്‍ക്കാരിനും പാര്‍ട്ടിയ്ക്കുമെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളുമായിരുന്നു ഈ ഡയലോഗുകളില്‍ വ്യക്തമായത്. ആ സിനിമയ്ക്കും പൃഥ്വിരാജ് കഥാപാത്രത്തിനും കേരളത്തിനകത്തും പുറത്തും കിട്ടിയ സ്വീകാര്യതയും സമൂഹമാധ്യമങ്ങളില്‍ സിനിമയിലെ രംഗങ്ങള്‍ ഇന്നും വൈറലായി തുടരുന്നതും സംഘപരിവാറിന്റെ അമര്‍ഷത്തിന് കാരണമാകുന്നുണ്ട്.
സംഘപരിവാറിനെ മാത്രമല്ല, അധികാരകേന്ദ്രങ്ങളോടെല്ലാം പലപ്പോഴും എതിര്‍നിലപാട് പൃഥ്വിരാജ് സ്വീകരിച്ചിട്ടുണ്ട്. സിനിമയിലേക്ക് എത്തിയ നാളുകള്‍ മുതല്‍ അദ്ദേഹം പല വിധത്തിലുള്ള ബഹിഷ്‌കരണങ്ങളും ഹേറ്റ് ക്യാംപെയ്‌നുകളും അധിക്ഷേപങ്ങളും നേരിട്ടിട്ടുണ്ട്. 2017-ല്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിനിമാ മേഖലയിലെ അതികായന്മാരുള്‍പ്പെടെ നിശബ്ദരായി നിന്ന സമയത്ത് അവര്‍ തന്റെ സുഹൃത്താണെന്ന് പറഞ്ഞുകൊണ്ട് അതിജീവിതയ്ക്കൊപ്പം പൃഥ്വിരാജ് നിലകൊണ്ടിരുന്നു.
ഇപ്പോള്‍ വീണ്ടുമൊരിക്കല്‍ കൂടി അധികാരകേന്ദ്രങ്ങളുടെ എതിര്‍ചേരിയില്‍ എത്തിയിരിക്കുകയാണ് പൃഥ്വിരാജ്. 2002-ല്‍ ഗുജറാത്തില്‍ നടന്ന വംശഹത്യയും അതിലെ പ്രധാന സംഭവങ്ങളും മറന്നുകൊണ്ടിരിക്കുന്ന ജനതയെ ഓര്‍മ്മിപ്പിക്കുകയാണ് എമ്പുരാനിലൂടെ പൃഥ്വിരാജ് ചെയ്തത്. അന്ന് നരോദാപാട്യയില്‍ സ്ത്രീകള്‍ അതിക്രൂരമായ ബലാത്സംഗത്തിനിരയായതും കുട്ടികളും പ്രായമായവരുമുള്‍പ്പെടെ നിരവധിപേര്‍ കൂട്ടക്കൊല ചെയ്യപ്പെട്ടതും അതിന് നേതൃത്വം നല്‍കിയ ബാബു ബജ്റംഗിയുമെല്ലാം ചിത്രം കാണുന്നവരുടെ മനസില്‍ നിന്ന് പോകില്ലെന്നുറപ്പ്. അന്ന് കലാപം നടത്തിയവരാണ് രാജ്യം ഭരിക്കുന്നതെന്നും അവര്‍ വിവിധ അന്വേഷണ എജന്‍സികളിലൂടെ എതിര്‍ശബ്ദങ്ങളെ നിശബ്ദമാക്കുകയാണെന്ന് കൂടി എമ്പുരാന്‍ പറഞ്ഞു. അതുകൂടിയാണ് സംഘപരിവാര്‍ അനുകൂലികളെ പ്രകോപിപ്പിച്ചതും. മോഹന്‍ലാലിന്റെ ഖേദപ്രകടനം ഷെയര്‍ചെയ്താലും സിനിമ റീ എഡിറ്റ് ചെയ്ത് പുറത്തിറക്കിയാലും, ഒരു പക്കാ കൊമേര്‍ഷ്യല്‍ സിനിമയില്‍ ഗുജറാത്ത് കലാപം ഉള്‍പ്പെടുത്തിയ പൃഥ്വിരാജിന്റെ രാഷ്ട്രീയവും നിലപാടുകളും മാഞ്ഞുപോകില്ല.