

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവൽ. സിനിമയിലെ ഒരു ഗാനം ആലപിച്ചിരിക്കുന്നത് മമ്മൂട്ടിയുടെ കൊച്ചുമകനാണ്. മമ്മൂട്ടിയുടെ മകൾ സുറുമിയുടെ മകനാണ് അദ്യാൻ. സിനിമയിലെ സംവിധായകൻ ജിതിൻ കെ. ജോസ് എഴുതിയ ഗാനമായ റെഡ് ബ്ലാക്ക് എന്ന ഇംഗ്ലീഷ് ഗാനമാണ് അദ്യാൻ പാടിയിരിക്കുന്നത്.
ചിത്രത്തിൻ്റെ കഥാ പശ്ചാത്തലത്തിൻ്റെ ഭാഗമായ നിഗൂഢതയും രഹസ്യങ്ങളും ഉദ്വേഗവും എല്ലാം പ്രേക്ഷകരിലേക്ക് പകരുന്ന രീതിയിലാണ് ഈ ഇംഗ്ലീഷ് ഗാനം ഒരുക്കിയിരിക്കുന്നത്. ഇതാദ്യമായല്ല, അദ്യാൻ മമ്മൂട്ടി ചിത്രത്തിൽ പാടുന്നത്. നിസാം ബഷീർ സംവിധാനം ചെയ്ത 'റോഷാക്ക്' എന്ന ചിത്രത്തിലെ 'ഡോൺട് ഗോ' എന്ന ഇംഗ്ലീഷ് ഗാനം ആലപിച്ചതും അദ്യാൻ ആയിരുന്നു.
ഡിസംബർ 5 നാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഈ ചിത്രം വേഫറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണം ചെയ്യുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ, മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്. നേരത്തെ ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ സ്പോട്ടിഫൈ പ്ലാറ്റ്ഫോമിലൂടെ ഓഡിയോ ജൂക്ബോക്സ് ആയി പുറത്തു വന്നിരുന്നു. മുജീബ് മജീദ് സംഗീതം ഗാനങ്ങൾക്ക് ഗംഭീര പ്രേക്ഷക പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.
ചിത്രത്തിലെ റെട്രോ തമിഴ് ശൈലിയിൽ ഒരുക്കിയ ഗാനങ്ങൾ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിട്ടുമുണ്ട്. ക്രൈം ഡ്രാമ ത്രില്ലർ ആയൊരുക്കിയ ചിത്രത്തിന്റെ കഥ പശ്‌ചാത്തലവുമായി ഏറെ ബന്ധപെട്ടു കിടക്കുന്ന രീതിയിലാണ് ഈ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നതെന്ന റിപ്പോർട്ടുകളാണ് വരുന്നത്. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം 'കുറുപ്പ്'ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവൽ. പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ ടീസർ, ട്രെയ്‌ലർ എന്നിവയെല്ലാം വമ്പൻ പ്രേക്ഷക ശ്രദ്ധയാണ് നേടിയത്.
എട്ട് മാസത്തെ ഇടവേളക്ക് ശേഷം തീയേറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയിൽ വലിയ ആകാംഷയോടെയും ആവേശത്തോടെയുമാണ് മമ്മൂട്ടി ആരാധകരും മലയാള സിനിമാ പ്രേമികളും കളങ്കാവൽ കാത്തിരിക്കുന്നത്. സെൻസറിങ് പൂർത്തിയാക്കിയ ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. മമ്മൂട്ടി, വിനായകൻ എന്നിവരുടെ ഗംഭീര പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് സൂചന.
Content Highlights: A song from the movie Kalankaval is sung by Mammootty grandson