

തൃശൂര്‍: ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ യുഡിഎഫ് അവിശുദ്ധ സഖ്യമുണ്ടാക്കിയതായി എല്‍ഡിഎഫ് നേതാക്കള്‍. തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ബിജെപിയും ജമാഅത്തെ ഇസ്‌ലാമിയുമായി ചേർന്ന് യുഡിഎഫ് അവിശുദ്ധ സഖ്യമുണ്ടാക്കി എന്നാണ് എല്‍ഡിഎഫ് നിയജകമണ്ഡലം കമ്മിറ്റി ഭാരവാഹികളായ ടി ടി ശിവദാസന്‍, എന്‍ കെ അക്ബര്‍ എംഎല്‍എ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചത്.
യുഡിഎഫിന്റെ ഈ അവിശുദ്ധ കൂട്ടുകെട്ടില്‍ പ്രതിഷേധിച്ച് നിരവധി കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് പ്രവര്‍ത്തകരാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് എല്‍ഡിഎഫില്‍ ചേക്കേറിയതെന്നും നേതാക്കള്‍ പറഞ്ഞു. മണ്ഡലത്തില്‍ ഗുരുവായൂര്‍, ചാവക്കാട് നഗരസഭകളും പുന്നയൂര്‍ക്കുളം, പുന്നയൂര്‍, ഒരുമനയൂര്‍ പഞ്ചായത്തുകളും നിലവില്‍ എല്‍ഡിഎഫ് ഭരണത്തിന് കീഴിലാണ്. വടക്കേക്കാട്, കടപ്പുറം പഞ്ചായത്തുകളില്‍ മാത്രമാണ് യുഡിഎഫ് ഭരണത്തിലുള്ളത്. ഇതാണ് യുഡിഎഫിനെ വിറളി പിടിപ്പിക്കുന്നതെന്നും എല്‍ഡിഎഫ് നേതാക്കള്‍ അവകാശപ്പെടുന്നു.
ചാവക്കാട് ബിജെപി, ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ വെല്‍ഫെയര്‍ പാര്‍ട്ടി എന്നിവയുമായി യുഡിഎഫ് ധാരണയുണ്ടാക്കാന്‍ ശ്രമിച്ചു. തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ കോണ്‍ഗ്രസ് ഏത് തരത്തിലുള്ള കൂട്ടുകെട്ടിനും ശ്രമിക്കുകയാണ്. ഈ അവിശുദ്ധ കൂട്ടുകെട്ട് അവസാനിപ്പിക്കാന്‍ ജനങ്ങള്‍ മുന്നോട്ട് വരണമെന്നും എല്‍ഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടു.
Content Highlight; LDF alleges UDF–BJP–Jamaat nexus in Guruvayur elections: Thrissur