
അഹമ്മദാബാദ്: ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ കിരീട സ്വപ്നം തകർന്നിരിക്കുകയാണ്. ഫൈനലിൽ ഓസ്ട്രേലിയ ഇന്ത്യൻ സ്വപ്നങ്ങൾ തകർത്തെറിഞ്ഞു. ആറ് വിക്കറ്റിന്റെ ആധികാരിക ജയത്തോടെ ഓസീസ് ആറാം ലോകകിരീടം ഉയർത്തി. 2003ന് ശേഷം 2023ലും ലോകകപ്പ് ഫൈനലിൽ ഇന്ത്യ ഓസ്ട്രേലിയയോട് പരാജയപ്പെട്ടു. എന്നാൽ തോൽവിയിലും രാജ്യം ടീം ഇന്ത്യയ്ക്കൊപ്പമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾ.
ലോകകപ്പിലെ ഇന്ത്യയുടെ പ്രകടനവും താരങ്ങളുടെ കഴിവും ശ്രദ്ധേയമായിരുന്നു. മികച്ച ടീമായാണ് ഇന്ത്യൻ താരങ്ങൾ ലോകകപ്പ് കളിച്ചത്. ഈ പ്രകടനത്തിൽ രാജ്യം അഭിമാനിക്കുന്നതായും പ്രധാനമന്ത്രി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലുള്ള അഹമ്മദാബാദിലെ സ്റ്റേഡിയത്തിലായിരുന്നു ഫൈനൽ മത്സരം നടന്നത്. ലോകകപ്പ് ഫൈനൽ കാണാൻ പ്രധാനമന്ത്രി സ്റ്റേഡയത്തിലെത്തിയിരുന്നു. നിർണായക മത്സരത്തിൽ ഇന്ത്യൻ പ്രകടനം മോശമായതോടെ ലോകകപ്പ് കിരീടം ഇന്ത്യ കൈവിട്ടു.